ഓഗസ്റ്റില്‍ കൊവിഡ് വ്യാപനം കൂടും: മുഖ്യമന്ത്രി
ജൂലൈയില്‍ ദിവസവും 15,000 ടെസ്റ്റുകളാക്കും
തിരുവനന്തപുരം: നിലവിലെ പ്രവര്‍ത്തനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ തുടര്‍ന്നാല്‍ പോലും ദുരന്ത പ്രതിരോധ വകുപ്പു നല്‍കിയ കണക്കു പ്രകാരം ഓഗസ്റ്റ് അവസാനത്തോടെ കൊവിഡ് ബാധിതരുടെ എണ്ണം വലുതാകാന്‍ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ കണക്ക് വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി തയാറായില്ല.
അവര്‍ നല്‍കിയ എണ്ണത്തില്‍ കുറയാം, അല്ലെങ്കില്‍ വര്‍ധിക്കാം. ശ്രദ്ധ പാളിയാല്‍ ഈ സംഖ്യ കൂടുതല്‍ വലുതാകും. അതുകൊണ്ട് നിയന്ത്രണങ്ങളെല്ലാം പാലിക്കാനും തീരുമാനങ്ങള്‍ക്ക് ആത്മാര്‍ഥമായ പിന്തുണ നല്‍കാനും പുറത്തുനിന്നുവരുന്ന എല്ലാവരും കര്‍ശനമായ സമ്പര്‍ക്കവിലക്ക് പാലിക്കാനും ഓരോരുത്തരും സന്നദ്ധരാകണം. രോഗവ്യാപനം തടയാന്‍ പരിശോധന കൂട്ടും. ജൂലൈയില്‍ ദിവസവും 15,000 പരിശോധനയെങ്കിലും നടത്തും.
രോഗികളുടെ എണ്ണമനുസരിച്ച് ചികിത്സാ സജ്ജീകരണങ്ങളൊരുക്കാന്‍ പ്ലാന്‍ എ, ബി, സി എന്നിവ തയാറാക്കിയിട്ടുണ്ട്. പ്ലാന്‍ എ പ്രകാരം രോഗികളുടെ ചികിത്സയ്ക്ക് 14 ജില്ലകളിലുമായി 29 കൊവിഡ് ആശുപത്രികളും അവയോടു ചേര്‍ന്ന് 29 കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ സൗകര്യങ്ങളും ഉപയോഗിക്കും. ഇത്തരത്തില്‍ സജ്ജമാക്കിയ 29 കൊവിഡ് ആശുപത്രികളില്‍ കൊവിഡ് ചികിത്സയ്ക്ക് മാത്രമായി 8,537 കിടക്കകളും 872 ഐ.സി.യു കിടക്കകളും 482 വെന്റിലേറ്ററുകളും തയാറാക്കിയിട്ടുണ്ട്. രോഗികള്‍ കൂടുന്ന മുറയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലെ കൂടുതല്‍ കിടക്കകള്‍ കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കും. കൂടാതെ രണ്ടാംനിര കൊവിഡ് ആശുപത്രികളും തെരഞ്ഞെടുക്കും.
നിലവില്‍ സജ്ജീകരിച്ച 29 കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുള്ള 3,180 കിടക്കകളില്‍ 479 രോഗികള്‍ ചികിത്സയിലുണ്ട്.
ഇത്തരത്തില്‍ പ്ലാന്‍ എ, ബി, സി എന്ന മുറയ്ക്ക് 171 കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി 15,975 കിടക്കകള്‍ കുടി സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് പത്തു ലക്ഷം പേരില്‍ 109 പേര്‍ക്കാണ് രോഗം (കേസ് പെര്‍ മില്യന്‍).
രാജ്യത്താകെ അത് 362 ആണ്. സംസ്ഥാനത്ത് മരണനിരക്ക് 0.6 ശതമാനമാണെങ്കില്‍ രാജ്യത്തിന്റേത് 3.1 ആണ്. ടെസ്റ്റുമായി ബന്ധപ്പെട്ട് സാമ്പിള്‍ പൊസിറ്റിവിറ്റി റേറ്റ് കേരളത്തില്‍ 1.8 ശതമാനമാണ്. രാജ്യത്തിന്റേത് 6.2 ശതമാനം.
ഇത് രണ്ടുശതമാനത്തില്‍ താഴെയാവുക എന്നതാണ് ആഗോളതലത്തില്‍ തന്നെ രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്. ഇവിടെയുണ്ടായ 22 മരണങ്ങളില്‍ 20ഉം മറ്റു ഗുരുതര രോഗങ്ങള്‍ ബാധിച്ചവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."