അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം
തൊടുപുഴ: അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു.
ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍ മുഖേന അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന നിലവിലെ സംവിധാനം ദുരുപയോഗം ചെയ്തുകൊണ്ട് അക്ഷയ അല്ലാത്ത ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍ അനധികൃതമായി വില്ലേജ്, താലൂക്ക് എന്നിവയിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കുന്ന ഇ-ഡിസ്ട്രിക്ട് പോര്‍ട്ടല്‍ കൈകാര്യം ചെയ്യുന്നതായും അമിത ഫീസ് ഈടാക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
സര്‍ക്കാര്‍ സേവനങ്ങളുടെ ദുരുപയോഗം തടയുന്നതിനും അക്ഷയ കേന്ദ്രങ്ങളുടെ സേവനങ്ങള്‍ കൂടുതല്‍ ജനസേവനകരമാക്കുന്നതിലേക്കുമായി ഇലക്‌ട്രോണിക് ആന്‍ഡ് വിവരസാങ്കേതിക വിദ്യാ വകുപ്പ് പ്രകാരമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
ജനസേവനകേന്ദ്രങ്ങള്‍ എന്ന പേരിലുള്ള സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ ജാഗ്രത പുലര്‍ത്താനും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന അനധികൃത കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കുന്നതിനും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.
ഇ-ഡിസട്രിക്ട് പോര്‍ട്ടല്‍ മുഖേന ആധാര്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത് വ്യക്തികള്‍ക്ക് അപേക്ഷകള്‍ ഓണ്‍ലൈനായി അയക്കുന്നതിന് അനുവദിച്ചിട്ടുള്ള സംവിധാനം ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ദുരുപയോഗം ചെയ്യുന്ന സ്ഥാപനത്തിന്റെ വിശദാംശങ്ങള്‍ സഹിതം സര്‍ക്കാരിന്റെ ശ്രദ്ധില്‍പ്പെടുത്തുന്നതിനുള്ള സംവിധാനം സിറ്റിസണ്‍ കാള്‍ സെന്ററില്‍ ഒരുക്കണം.
ഓപ്പണ്‍ പോര്‍ട്ടല്‍ മുഖേന ഒരു വ്യക്തിക്ക് ഒരുമാസം ലഭിക്കുന്ന ഇ-ഡിസ്ട്രിക്ടുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണം പരമാവധി അഞ്ചായി നിജപ്പെടുത്തണം. പബ്ലിക് പോര്‍ട്ടലില്‍ രജിസ്റ്റര്‍ തചെയ്യുന്ന ഓരോ സര്‍ട്ടിഫിക്കറ്റും ഒ.ടി.പി മുഖേന അനുവദിക്കുന്ന രീതി അടിയന്തരമായി നടപ്പിലാക്കണം.
പൊതുജനങ്ങള്‍ വിവിധ സര്‍ക്കാര്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി സമര്‍പ്പിക്കുന്ന ആധാര്‍കാര്‍ഡ് അടക്കമുള്ള പ്രധാനപ്പെട്ട രഹസ്യ സ്വഭാവമുള്ള രേഖകള്‍ സ്വകാര്യ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ ദുരുപയോഗപ്പടുത്താനുള്ള സാധ്യത ഉള്ളതിനാല്‍ സര്‍ക്കാര്‍ അംഗീകരിച്ച അക്ഷയ കേന്ദ്രങ്ങളെ മാത്രമേ ആശ്രയിക്കാവു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."