മുഖ്യമന്ത്രിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത സംഭവം: അഡ്മിന്റെ മൊഴിയെടുത്തു
തലശേരി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ മോര്‍ഫ്‌ചെയ്ത് വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്റെ മൊഴിയെടുത്തു. പിണറായിയിലെ പൊലിസ് സ്റ്റേഷനില്‍ രജിസ്റ്ററില്‍ മുഖ്യമന്ത്രി ഒപ്പിടുന്നത് മോര്‍ഫ് ചെയ്ത് ഭക്ഷണം കഴിക്കുന്നത് പൊലിസ് മേധാവികള്‍ നോക്കി നില്‍കുന്ന ചിത്രമാണ് നവ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. സംഭവത്തില്‍ വാട്‌സ് ആപ്പ് ഗ്രൂപ് അഡ്മിന്‍ മട്ടന്നൂര്‍ സ്വദേശിയായ യുവാവിനെയാണ് പിണറായി പൊലിസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. ഐ.പി.സി 469 കേരള പൊലിസ് ആക്ട് 120 (ബി) വകുപ്പിലുമാണ് പ്രമുഖ വ്യക്തികള്‍ക്ക് നേരെ അപവാദം പ്രചരിപ്പിച്ചുവെന്നതിന് കേസെടുത്തത്.
കഴിഞ്ഞ ശനിയാഴ്ചയാണ് പിണറായി പൊലിസ് സ്റ്റേഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് അദ്ദേഹം പൊലിസ് സ്റ്റേഷനില്‍ എസ്.ഐയുടെ മുറിയില്‍ ഇരിക്കുകയും സ്റ്റേഷന്‍ രജിസ്റ്ററില്‍ ഒപ്പിടുകയും ചെയ്തിരുന്നു. സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ഉത്തരമേഖലാ ഐ.ജി അനില്‍ കാന്ത്, ജില്ലാ പൊലിസ് മേധാവി ശിവവിക്രം എന്നിവരടക്കമുള്ള ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പൊലിസ് സ്റ്റേഷന്‍ രജിസ്റ്ററില്‍ മുഖ്യമന്ത്രി ഒപ്പുവച്ചത്. മുഖ്യമന്ത്രി ഒപ്പിടുന്ന ഈ ചിത്രമാണ് മോര്‍ഫ് ചെയ്ത് അപകീര്‍ത്തിയുണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിച്ചത്. മേശപ്പുറത്തുള്ള രജിസ്റ്ററിന് പകരം ഭക്ഷണ വിഭവങ്ങളടങ്ങിയ ഇലയാണ് ചിത്രത്തില്‍ മോര്‍ഫ് ചെയ്ത് വച്ചിരുന്നത്. മുഖ്യമന്ത്രിയുടെ വ്യാജ ചിത്രം പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പിണറായി പൊലിസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."