സുരേഷ് ഗോപി സ്ഥാനാര്‍ഥിയാകുന്നത് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം
തിരുവനന്തപുരം: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സുരേഷ് ഗോപി ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയാകുന്നത് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന്. സംസ്ഥാന നേതൃത്വവും സുരേഷ് ഗോപിയുടെ പേര് തൃശൂര്‍ മണ്ഡലത്തിലേക്ക് നിര്‍ദേശിച്ചിരുന്നെങ്കിലും അദ്ദേഹം മത്സരത്തിന് തയാറായിരുന്നില്ല. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ പറഞ്ഞാല്‍ മാത്രമേ താന്‍ സ്ഥാനാര്‍ഥിത്വം ഏറ്റെടുക്കൂ എന്ന നിലപാടിലായിരുന്നു സുരേഷ് ഗോപി. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പോയി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് സുരേഷ് ഗോപി മത്സരിക്കാമെന്നേറ്റത്.
ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളില്‍ വിശ്വാസമില്ലെന്നാണ് തൃശൂരില്‍ മത്സരിക്കണമെന്ന ആവശ്യത്തിന് മറുപടിയായി സുരേഷ് ഗോപി പറഞ്ഞത്. സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ഒരിടത്തും സുരേഷ് ഗോപിക്ക് സീറ്റ് നല്‍കിയിരുന്നില്ല. തിരുവനന്തപുരം, കൊല്ലം സീറ്റുകളിലേക്ക് സുരേഷ് ഗോപിയെ പരിഗണിക്കുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷെ എം.പിയാക്കി രണ്ടുവര്‍ഷത്തിലധികമായിട്ടും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ സുരേഷ് ഗോപിക്കായില്ലെന്ന ആക്ഷേപമാണ് സംസ്ഥാന നേതൃത്വം ഉന്നയിച്ചത അതുകൊണ്ടുതന്നെ സ്ഥാനാര്‍ഥിയാക്കിയിട്ട് കാര്യമില്ലെന്നു സംസ്ഥാന നേതൃത്വം നിലപാടെടുത്തു. തുടര്‍ന്നാണ് സുരേഷ് ഗോപിയുടെ പേരില്ലാതെ ബി.ജെ.പിയുടെ സ്ഥാനാര്‍ഥിപ്പട്ടിക വന്നത്.
തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍നിന്ന് വയനാട്ടിലേക്ക് മാറിയതോടെയാണ് വീണ്ടും സുരേഷ് ഗോപിയുടെ പേര് ചര്‍ച്ചയിലേക്കു വന്നത്. സംസ്ഥാന നേതൃത്വം തന്നെയാണ് സുരേഷ് ഗോപിയെ ശുപാര്‍ശ ചെയ്തതും. പക്ഷെ ആരുമില്ലാത്ത സാഹചര്യത്തിലാണ് തന്റെ പേര് തൃശൂരിലേക്ക് സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചതെന്ന വികാരമാണ് സുരേഷ് ഗോപിക്കുണ്ടായത്. അതുകൊണ്ട് കേന്ദ്ര നേതൃത്വത്തിന്റെ ഉറപ്പു ലഭിച്ചാല്‍ മാത്രമേ താന്‍ മത്സരിക്കൂ എന്ന് സുരേഷ് ഗോപി നിലപാടെടുത്തു.
പിന്നീടാണ് സുരേഷ് ഗോപിയെ കേന്ദ്ര നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. അമിത് ഷായുമായുള്ള ചര്‍ച്ചയ്ക്കു ശേഷമാണ് മത്സരിക്കുന്ന കാര്യത്തില്‍ സുരേഷ് ഗോപി തീരുമാനമെടുത്തത്. മത്സരിക്കുന്നതിന് കേന്ദ്ര നേതൃത്വത്തോട് സുരേഷ് ഗോപി ചില നിബന്ധനകള്‍ വച്ചതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."