പരിധി വിടരുത്
മൂസാ പ്രവാചകനു ശക്തമായ വയറുവേദന. സഹിക്കവയ്യാതായപ്പോള്‍ അല്ലാഹുവിനോട് പരാതി പറഞ്ഞു. അപ്പോള്‍ അല്ലാഹു മരുക്കാട്ടില്‍ കിടക്കുന്ന ഒരു ഔഷധച്ചെടി കാണിച്ചുകൊടുത്ത് അതു കഴിക്കാന്‍ പറഞ്ഞു. പറഞ്ഞതുപോലെ അദ്ദേഹം ചെയ്തു.
രോഗം ഭേദമായി. കാലങ്ങള്‍ക്കുശേഷം രോഗം വീണ്ടും തിരിച്ചുവന്നു. അപ്പോള്‍ അല്ലാഹുവിനോട് പരാതി പറഞ്ഞില്ല. പകരം നേരെ മരുക്കാട്ടില്‍ചെന്ന് മുന്‍പ് കഴിച്ച ഔഷധച്ചെടി പറച്ചു കഴിച്ചു. മുന്നനുഭവം വച്ചുനോക്കുമ്പോള്‍ രോഗം ഭേദമാകേണ്ടതായിരുന്നു. പക്ഷേ, അതു സംഭവിച്ചില്ല. പകരം ശക്തമാവുകയാണുണ്ടായത്. സംഗതി മനസിലാവാതെ കുഴങ്ങിയ മൂസാ നബി അല്ലാഹുവിനോട് ചോദിച്ചു: ''നാഥാ, ആദ്യതവണ ഞാന്‍ ചെടി കഴിച്ചപ്പോള്‍ എനിക്കതുകൊണ്ട് പ്രയോജനമുണ്ടായി. രണ്ടാം തവണ കഴിച്ചപ്പോള്‍ രോഗം ശക്തമാവുകയാണല്ലോ ചെയ്തത്. എന്താണിങ്ങനെ സംഭവിക്കാന്‍ കാരണം?''
അല്ലാഹുവിന്റെ മറുപടി ഇങ്ങനെയായിരുന്നു: ''നീ ആദ്യതവണ ഔഷധച്ചെടിയിലേക്കു പോയത് എന്നില്‍നിന്നായിരുന്നു. അപ്പോള്‍ നിനക്ക് ശമനം കിട്ടി. രണ്ടാം തവണ പോയത് നീ നിന്നില്‍നിന്നാണ്. അതുകൊണ്ട് രോഗം കലശലാവുകയും ചെയ്തു. നിനക്കറിയില്ലേ, ഭൗതികലോകം മുഴുക്കെ കൊല്ലുന്ന വിഷമാണെന്നും അതിനുള്ള പ്രത്യൗഷധം എന്റെ നാമമാണെന്നും..''
ടവറുമായുള്ള ബന്ധം മുറിഞ്ഞുപോകുമ്പോഴാണ് മൊബൈല്‍ പരിധിക്കുപുറത്താകുന്നത്. പരിധിക്കുപുറത്തായാല്‍ ആള്‍ക്കൂട്ടത്തിനിടയിലാണെങ്കില്‍പോലും ഒറ്റപ്പെട്ടുപോയല്ലോ എന്ന ഫീലിങ്ങുണ്ടാകും. ദൂരത്തുള്ളവരുമായി ബന്ധപ്പെടാന്‍ കഴിയില്ല. അവര്‍ക്ക് നമ്മെയും ബന്ധപ്പെടാനാകില്ല. നേരെ മറിച്ച്, പരിധിക്കുള്ളിലാണെങ്കില്‍ ആരെയും നമുക്കു ബന്ധപ്പെടാം.. ആര്‍ക്കും നമ്മെയും ബന്ധപ്പെടാം. ഒറ്റക്കാണെങ്കില്‍പോലും ഒറ്റപ്പെട്ടു എന്ന ഭയാശങ്കയുണ്ടാകില്ല. അതുപോലെ നമ്മുടെ മുഴുവന്‍ അടക്കങ്ങളും അനക്കങ്ങളും അല്ലാഹു എന്ന ടവറുമായി ബന്ധപ്പെട്ടുള്ളതാണെങ്കില്‍ ഒരിടത്തും നാം പരാജയപ്പെടില്ല. മൂസാ നബി ഒന്നാം തവണ ചെയ്തത് ആ ടവറുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. അപ്പോഴാണു രോഗത്തിനു ശമനം വന്നത്. രണ്ടാം തവണ ടവറുമായി ടെച്ച് ചെയ്യാതിരുന്നപ്പോള്‍ പരിധിക്കുപുറത്തായി. പരിധിക്കുപുറത്തുനിന്നുകൊണ്ട് ഔഷധച്ചെടി കഴിച്ചപ്പോള്‍ അതു പാഷാണമായി മാറി.
എന്തിന്റെയും ഏതിന്റെയും പരമമായ സ്രോതസ് അല്ലാഹുവാണ്. രോഗം വരുന്നതും രോഗശമനം വരുന്നതും അവനില്‍നിന്നാണ്. സന്തോഷ-സന്താപത്തിന്റെയും ജയപരാജയത്തിന്റെയും സ്രോതസ് അവനാണ്. ക്ഷാമത്തിന്റെയും ക്ഷേമത്തിന്റെയും ഉറവിടം അവന്‍ തന്നെ. അപ്പോള്‍ ഉറവിടവുമായി ബന്ധം സ്ഥാപിച്ചുകൊണ്ടാണു ലക്ഷ്യത്തിലേക്കു പോകുന്നതെങ്കില്‍ നമുക്കത് അനായാസം നേടിയെടുക്കാം. ഉറവിടവുമായി ബന്ധം വിച്ഛേദിച്ചുകൊണ്ടാണു പോകുന്നതെങ്കില്‍ കിട്ടാന്‍ പ്രയാസവുമായിരിക്കും.
മൊബൈലിനെ വല്ലാതെ നമ്പാന്‍ കൊള്ളില്ല. ചിലപ്പോള്‍ അതില്‍ റെയ്ഞ്ച് കാണിക്കില്ലല്ലോ. അത്തരം സ്ഥലങ്ങളിലെത്തിപ്പെട്ടാല്‍ പലതിനും നാം വിഷമിക്കേണ്ടിവരും. എന്നാല്‍ ദിവ്യറെയ്ഞ്ച് കിട്ടാത്ത ഒരു സ്ഥലവും ഈ പ്രപഞ്ചത്തിലില്ലെന്നാണ്. ഏതു ഓണംകേറാമൂലയില്‍ ചെന്നാലും അവിടെ ദിവ്യറെയ്ഞ്ചുണ്ടാകും. പക്ഷേ, റെയ്ഞ്ചുണ്ടായതുകൊണ്ടു മാത്രം കാര്യമില്ല. നെറ്റ്‌വര്‍ക്കുമായി കണക്ട് ചെയ്യണം. അത് മൊബൈല്‍ ഉപയോഗിക്കുന്നവന്റെ ചുമതലയാണ്. ദിവ്യറെയ്ഞ്ച് സര്‍വവ്യാപിയാണെങ്കിലും അവനുമായി ബന്ധം സ്ഥാപിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. അപ്പോഴേ അവനില്‍നിന്നുള്ള സഹായങ്ങള്‍ നമ്മിലേക്കെത്തുകയുള്ളൂ. കടലിനകത്തെ മത്സ്യവയറ്റില്‍ പോലും യൂനുസ് നബിക്ക് റെയ്ഞ്ച് കിട്ടിയിട്ടുണ്ട്. അല്ലാഹു എന്ന നെറ്റ്‌വര്‍ക്കുമായി കണക്ഷന്‍ സ്ഥാപിച്ചപ്പോള്‍ സഹായം തുരുതുരാ വന്നിറങ്ങി. മത്സ്യം സുരക്ഷിതമായി ആ പ്രവാചകനെ കരയിലെത്തിച്ചു. കത്തിയാളുന്ന അഗ്നികുണ്ഠത്തില്‍പോലും ഇബ്‌റാഹീം നബിക്കു രക്ഷകിട്ടിയത് കണക്ഷന്‍ സ്ഥാപിച്ചതുകൊണ്ടാണ്.
ഇറാന്‍ ഭരിച്ച ഫരീദൂന്‍ ചക്രവര്‍ത്തിയുടെ കൊട്ടാരപ്പൂമുഖത്ത് ഇങ്ങനെ രേഖപ്പെടുത്തിയതായി കാണാം:
ജഹാന്‍ ഏ ബറാദര്‍ ന മാന്‍ദ് ബെ കസ്
ദില്‍ അന്തര്‍ ജഹാനാഫ്‌രീന്‍ ബന്തൊ ബസ്
മകുന്‍ തകിയ ബര്‍ മുല്‍കെ ദുന്‍യാ വ പുശ്ത്
കെ ബെസ്യാര്‍ കസ് ചൂന്‍ തു പര്‍വര്‍ദൊ കുശ്ത്
ചു ആഹങ്കെ റഫ്തന്‍ കുനദ് ജാനെ പാക്
ചെ ബര്‍ തഖ്ത് മര്‍ദന്‍ ചെ ബര്‍ റൂയെ ഖാക്
(സുഹൃത്തേ, ഭൗതികലോകം ആരുടെയും കൂടെ കൂടുതല്‍ നില്‍ക്കില്ല. നിന്റെ ഹൃദയം നീ പ്രപഞ്ചസൃഷ്ടാവുമായി ബന്ധിപ്പിക്കുക. അതുമതി നിനക്ക്. ഭൗതികലോകത്തെ അധികാരത്തിനുമേല്‍ ആശ്രയം കൊള്ളരുത്. അതു നിന്നെ പോലുള്ള അനേകരെ വളര്‍ത്തുകയും വധിച്ചുകളയുകയും ചെയ്തിട്ടുണ്ട്. വിശുദ്ധമായ ആത്മാവ് ഭൗതികലോകം വിടാനായാല്‍ മണ്ണില്‍ കിടന്നുമരിക്കുന്നതും സിംഹാസനത്തില്‍ കിടന്നുമരിക്കുന്നതും തുല്യമാണ്.)
ദിവ്യമായ റെയ്ഞ്ച് പ്രപഞ്ചത്തിലാകമാനമുണ്ട്. അതുമായി ബന്ധം സ്ഥാപിക്കുകയേ വേണ്ടൂ. എവിടെയും നാം രക്ഷപ്പെടും. ആരുമില്ലെങ്കിലും നമുക്കെല്ലാവരുമുണ്ടായ സ്ഥിതിയായിരിക്കും അപ്പോള്‍. അതില്ലെങ്കില്‍ എല്ലാവരുമുണ്ടെങ്കിലും നമുക്കാരുമില്ലാത്ത അവസ്ഥയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."