കൊവിഡ് വ്യാപനം തുടര്‍ന്നാല്‍ ഇറാന്‍ സമ്പദ്‌വ്യവസ്ഥ തകരുമെന്ന് ഖാംനഈ
തെഹ്‌റാന്‍: രാജ്യത്ത് കൊവിഡ് വ്യാപനം തുടരുകയാണെങ്കില്‍ സമ്പദ്‌വ്യവസ്ഥ തകരുമെന്ന് പരമോന്നത നേതാവ് അലി ഖാംനഈ മുന്നറിയിപ്പു നല്‍കി. ഫെബ്രുവരിയില്‍ ഖോമില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത ശേഷം ഇറാനില്‍ കൊവിഡ് വ്യാപനം തുടരുകയാണ്.
അവശ്യസാധന കടകളല്ലാത്തവയും സ്‌കൂളുകളും അടച്ചുപൂട്ടുകയും പൊതുപരിപാടികള്‍ നിരോധിക്കുകയും ചെയ്ത് രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയെങ്കിലും ഏപ്രിലോടെ സാമ്പത്തികരംഗത്തെ തകര്‍ച്ച ഒഴിവാക്കാനായി നിയന്ത്രണങ്ങള്‍ എടുത്തുകളയുകയായിരുന്നു. അതോടെ രോഗവ്യാപനത്തിന് ആക്കം കൂടി.
കൊവിഡ് മൂലം തകര്‍ന്ന സമ്പദ്‌വ്യവസ്ഥയെ കരകയറ്റാന്‍ എന്തെങ്കിലും ചെയ്‌തേ മതിയാകൂവെന്ന് ഖാംനഈ പറഞ്ഞു. എന്നാല്‍ രോഗവ്യാപനത്തെ അവഗണിക്കുകയോ അത് നിയന്ത്രണാതീതമാവുകയോ ചെയ്താല്‍ സാമ്പത്തികപ്രശ്‌നങ്ങള്‍ കൂടുകയേയുള്ളൂ- ന്യായാധിപന്മാരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ അദ്ദേഹം പറഞ്ഞു.
2018ല്‍ യു.എസ് പ്രസിഡന്റ് ട്രംപ് ആണവകരാറില്‍ നിന്ന് പിന്മാറി ഇറാനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയതോടെയാണ് രാജ്യത്ത് സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇറാന്റെ എണ്ണകയറ്റുമതി തടഞ്ഞ അമേരിക്ക ബാങ്കിങ് മേഖലയെയും ദുര്‍ബലമാക്കി. രാജ്യത്ത് 2,20,180 പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് ആരോഗ്യമന്ത്രാലയ വക്താവ് സിമാ സാദത്ത് പറയുന്നത്. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 2,546 കേസുകളാണ്. ഇതുവരെ 10,364 പേര്‍ കൊവിഡ് മൂലം മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."