കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കാന്‍ സബ്‌സിഡി നല്‍കും: മന്ത്രി രാജു
പഴയങ്ങാടി: കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കാനുള്ള പദ്ധതി നടപ്പാക്കാനായി സ്വകാര്യവ്യക്തികള്‍ തയാറായാല്‍ ഒരേക്കര്‍ ഭൂമിക്ക് 4,000 രൂപ വരെ സബ്‌സിഡി നല്‍കുമെന്ന് മന്ത്രി കെ. രാജു. കൊട്ടില ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കണ്ടല്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെയും ജൈവ വൈവിധ്യ ഉദ്യാനത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സ്വകാര്യ വ്യക്തികള്‍ കണ്ടല്‍ക്കാടുകള്‍ വിട്ടുതരാന്‍ തയാറാണെങ്കില്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. കല്ല്യാശേരി മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ജീവനം 2018ന്റെ ഭാഗമായാണ് സ്‌കൂളില്‍ കണ്ടല്‍ പഠന ഗവേഷണ കേന്ദ്രവും ജൈവ വൈവിധ്യ ഉദ്യാനവും നിര്‍മിച്ചത്. ടി.വി രാജേഷ് എം.എല്‍.എ അധ്യക്ഷനായി. കണ്ടല്‍ വനം ഒരു ആവാസ വ്യവസ്ഥ എന്ന വിഷയത്തില്‍ ഫിഷറീസ് ജോ. ഡയറക്ടര്‍ ഡോ. ദിനേശ് ചെറുവാട്ടും, കണ്ടല്‍ വനത്തിലെ ജൈവവൈവിധ്യം എന്ന വിഷയത്തില്‍ സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞന്‍ ഡോ. ജാഫര്‍ പാലോട്ടും പ്രഭാഷണം നടത്തി. കണ്ടറിഞ്ഞ കണ്ടല്‍ വനം എന്നതിനെ അടിസ്ഥാനമാക്കി ഡബ്ല്യു.ടി.ഐ അസി. മാനേജര്‍ ഡോ. എം. രമിത്തിന്റ ചിത്രപ്രദര്‍ശനവും നടന്നു. ശാസ്ത്രജ്ഞന്‍ ഡോ. എം.കെ രാജേന്ദ്രപ്രസാദ് പദ്ധതി വിശദീകരിച്ചു. ഏഴോം പഞ്ചായത്ത് പ്രസിഡന്റ് ഡി. വിമല, വൈസ് പ്രസിഡന്റ് സി.ഒ പ്രഭാകരന്‍, പഞ്ചായത്തംഗം അഡ്വ. സുരേഷ്ബാബു, മാടായി ഉപജില്ല എ.ഇ.ഒ പി. അബ്ദുല്ല, ഷാജിറാം, പി. നാരായണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."