പത്തനാപുരത്ത് പതിനഞ്ചുകാരിയുടെ പ്രസവം: പ്രതിയായ പതിമൂന്നുകാരന്‍ നിരപരാധിയെന്ന് നാട്ടുകാര്‍
കൊല്ലം: പതിമൂന്നുകാരനെ പ്രതിയാക്കിയ പത്തനാപുരത്തെ പതിനഞ്ചുകാരിയുടെ പ്രസവം വിവാദമായതിനിടെ സംഭവത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടി നാട്ടുകാര്‍. എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞ് ഫലവും കാത്തിരിക്കുമ്പോഴായിരുന്നു പെണ്‍കുട്ടിയുടെ പ്രസവം. പൊലീസ് പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ കുഞ്ഞിന്റെ പിതൃത്വത്തിന് അവകാശി അയല്‍വാസിയായ പതിമൂന്നുകാരനാണെന്നാണ് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പതിമൂന്നുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു കൊല്ലം ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയെങ്കിലും തുടര്‍ന്ന് ജാമ്യത്തില്‍ മാതാപിതാക്കളോടൊപ്പം വിട്ടയക്കുകയായിരുന്നു. ഇക്കഴിഞ്ഞ പതിനേഴിനാണ് പത്തനാപുരത്തെ ഒരു കോളനിയിലെ കുളിമുറിയില്‍ പതിനഞ്ചുകാരി പ്രസവിച്ചത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ കുഞ്ഞിനെയും പെണ്‍കുട്ടിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നു ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസെത്തി കേസെടുത്തത്. പതിമൂന്നുകാരന്‍ നിരപരാധിയാണെന്നാണ് പെണ്‍കുട്ടിയുടെ സോഹദരനുള്‍പ്പെടെയുള്ളവര്‍ പറഞ്ഞതായാണ് അയല്‍വാസികള്‍ സൂചന നല്‍കുന്നത്. സംഭവത്തിനു പിന്നില്‍ മറ്റാരോ ഉണ്ടെന്നാണ് നാട്ടുകാരുടെ സംശയം. വീടിനു സമീപത്ത് വനമേഖലയായതിനാല്‍ പെണ്‍കുട്ടി ആടിനെ മേയ്ക്കാന്‍ ഇവിടേക്കു പോകാറുണ്ട്. രാവിലെ പോകുന്ന പെണ്‍കുട്ടി ചില ദിവസങ്ങളില്‍ വൈകിയാണ് എത്താറുള്ളതെന്നും നാട്ടുകാര്‍ പറയുന്നു. ആ മേഖലയില്‍ അനാശാസ്യ സംശയമുളവാക്കുന്നുണ്ട്. കൂടാതെ വീട്ടില്‍ അറിയാതെ പെണ്‍കുട്ടി ഒരു മൊബൈല്‍ ഉപയോഗിച്ചിരുന്നതായി അടുത്ത സുഹൃത്തുക്കള്‍ പൊലിസിനു മൊഴി നല്‍കിയിട്ടുണ്ട്. പതിമൂന്നുകാരനാണ് സംഭവത്തിനു പിന്നിലെന്നു പെണ്‍കുട്ടിതന്നെ തറപ്പിച്ചു പറയുന്നതിനാല്‍ ഡി.എന്‍.എ ടെസ്റ്റു വേണ്ടിവരും. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുമായി മുന്‍പ് വസ്തു ഇടപാടില്‍ തര്‍ക്കമുണ്ടായിരുന്നതായും ഏറെ നാള്‍ പിണക്കത്തിലായിരുന്നുവെന്നും പതിമൂന്നുകാരന്റെ പിതാവ് പറഞ്ഞു. പെണ്‍കുട്ടിയുടെ പ്രസവത്തിന് പിന്നില്‍ മറ്റാരുടെയോ കൈകളുണ്ടെന്നും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി മകനാണ് ഉത്തരവാദിയെന്ന് വരുത്തിത്തീര്‍ക്കുകയാണെന്നും ഇയാള്‍ പറഞ്ഞു. പത്തനാപുരം സി.ഐ റെജി എബ്രഹാമിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."