കാര്‍ തകര്‍ത്തുള്ള മോഷണം: അന്വേഷണം ഊര്‍ജിതമാക്കി
തളിപ്പറമ്പ് : തളിപ്പറമ്പിലെ കാര്‍ തകര്‍ത്തുള്ള മോഷണ പരമ്പരക്കെതിരെ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
കവര്‍ച്ചയില്‍ പങ്കെടുത്ത പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം. മൂന്ന് മാസത്തിനിടെ എട്ട് തവണയാണ് തളിപ്പറമ്പില്‍ ഒരേ രീതിയില്‍ കാര്‍ തകര്‍ത്ത് കവര്‍ച്ച നടന്നത്. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസം പുഷ്പഗിരിയിലാണ് കവര്‍ച്ച നടന്നത്. തളിപ്പറമ്പ് ബാറിലെ അഭിഭാഷകനായ ശ്രീകണ്ഠപുരം സ്വദേശി ജോജോ തോമസിന്റെ കാറിന്റെ ചില്ലുകള്‍ തകര്‍ത്തായിരുന്നു കവര്‍ച്ച.
തലേ ദിവസം മന്നയില്‍ കാര്‍ തകര്‍ത്ത് കവര്‍ച്ചാ ശ്രമവും നടന്നിരുന്നു. ഇതേ തുടര്‍ന്ന് സിഐ എ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ചെയ്തു. ഹെല്‍മെറ്റ് ധരിച്ചാണ് പ്രതികള്‍ എത്താറുള്ളതെന്നും ഇവര്‍ ആരാണെന്നതിനെ കുറിച്ചും വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം. നിരവധി സി.സി.ടി.വി ദൃശ്യങ്ങള്‍ ഇതിനകം പൊലിസ് പരിശോധിച്ചു കഴിഞ്ഞു. സംശയമുള്ള ചിലര്‍ നിരീക്ഷണത്തിലാണ്. അടുത്ത ദിവസം തന്നെ പ്രതികളെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."