വിജയരാഘവന്റെ പരാമര്‍ശം പാര്‍ട്ടി പരിശോധിക്കും: യെച്ചൂരി
കൊച്ചി: ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെ അധിക്ഷേപിച്ചുകൊണ്ടു നടത്തിയ പരാമര്‍ശം പാര്‍ട്ടി സംസ്ഥാന ഘടകം പരിശോധിക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സ്ത്രീകളെ അധിക്ഷേപിക്കുന്നത് സി.പി.എമ്മിന്റെ രീതിയല്ലെന്നും എറണാകുളം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെ സ്ത്രീപക്ഷനിലപാടില്‍ യാതൊരു മാറ്റവുമില്ല. പ്രശ്‌നത്തില്‍ കേന്ദ്രനേതൃത്വം ഇടപെടേണ്ട സാഹചര്യമില്ല. സ്ത്രീകളെ ഏറെ ആദരവോടെ കാണുകയും അവര്‍ക്ക് തുല്യപ്രാധാന്യം നല്‍കുകയും ചെയ്യണമെന്നതാണ് പാര്‍ട്ടി നയം. അതില്‍ വിട്ടു വീഴ്ചയില്ല. ഇതിനു വിരുദ്ധമായ നടപടികള്‍ ഉണ്ടായാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ല.
കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന വിവാദം സംബന്ധിച്ച് തനിക്ക് കൂടുതല്‍ അറിയില്ല. പപ്പു സ്‌ട്രൈക്ക് എന്ന പേരില്‍ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചുകൊണ്ട് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചതു സംബന്ധിച്ച ചോദ്യത്തിന്, വ്യക്തിയെ അധിക്ഷേപിക്കുന്നത് പാര്‍ട്ടിയുടെ നയമല്ലെന്ന് അദ്ദേഹം മറുപടി നല്‍കി. പപ്പു പ്രയോഗം തുടങ്ങിയത് ബി.ജെ.പിയാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന ഘടകം കാര്യങ്ങള്‍ വിശദമാക്കിയിട്ടുണ്ട്.
ബി.ജെ.പിയെയും നരേന്ദ്ര മോദിയെയും അധികാരത്തില്‍ നിന്ന് പുറത്താക്കുകയാണ് ഇടതുപക്ഷത്തിന്റെ പ്രധാന ലക്ഷ്യം. ഇതിലൂടെ മതേതര സര്‍ക്കാര്‍ രൂപവല്‍കരിക്കപ്പെടണം.
അതിനുള്ള പ്രവര്‍ത്തനങ്ങളാണ് തങ്ങള്‍ നടത്തുന്നത്. തെരഞ്ഞെടുപ്പില്‍ ആരാണ് മുഖ്യശത്രുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുന്ന വിധത്തിലുള്ളതാണ് സി.പി.എമ്മിന്റെ പ്രകടന പത്രിക. ബി.ജെ.പിയുടെ സാന്നിധ്യമില്ലാത്തതും ഇടതുപക്ഷം കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളിയുമായ ഒരു സംസ്ഥാനത്ത് രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിലൂടെ എന്തു സന്ദേശമാണ് കോണ്‍ഗ്രസ് നല്‍കാന്‍ ശ്രമിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കണം. രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തെ താന്‍ തടയാന്‍ ശ്രമിച്ചെന്ന വാര്‍ത്ത അസംബന്ധമാണെന്നും യെച്ചൂരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."