ഹരിത കേരളമിഷന്‍ കാര്‍ഷിക സ്ഥിതിവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ സമിതി നിര്‍ദേശം
പാലക്കാട്: ഹരിതകേരള മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കാര്‍ഷികമേഖലയുടെ പരിപോഷണവും നെല്‍കൃഷി വ്യാപനവും ലക്ഷ്യമിട്ട് ജില്ലയുടെ കാര്‍ഷിക മേഖലയുടെ നിലവിലുള്ള സ്ഥിതി വിവരം സര്‍പ്പിക്കാന്‍ നവകേരളമിഷന്‍ ജില്ലാ സമിതി ചെയര്‍പേഴ്‌സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ. ശാന്തകുമാരി ജില്ലാതല ടാസ്‌ക് ഫോഴ്‌സ് അവലോകന യോഗത്തില്‍ ആവശ്യപ്പെട്ടു.
നിലവില്‍ ജില്ലയില്‍ നെല്ലും മറ്റ് തരത്തിലുള്ള കൃഷികളും എത്രയുണ്ടെന്നതുള്‍പ്പെടെയുള്ള വിവരമാണ് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ കൃത്യമായ ആസൂത്രണത്തോടെ മുന്നോട്ട് പോകാനാണ് തീരുമാനം. ഇതോടൊപ്പം പ്രിന്‍സിപ്പല്‍ കൃഷി ഓഫിസ് അടിയന്തരമായി 'ഫാം പ്ലാന്‍ ' തയാറാക്കും. ഇതുവഴി ജൈവകൃഷിയും ഊര്‍ജിതമാക്കും.
മിഷന്റെ ഭാഗമായി ഔഷധ സസ്യ തോട്ടം രൂപീകരിക്കാന്‍ വനം, സോഷ്യല്‍ ഫോറസ്ട്രി, ഡി.എം.ഒ (ആയൂര്‍വേദം), ഹോര്‍ട്ടി കള്‍ച്ചറല്‍ മിഷന്‍ എന്നിവയുമായി ആലോചിക്കാനും ഇത് വഴിയുള്ള വിപണി സാധ്യത പഠിക്കാനും തീരുമാനിച്ചു.
ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ എന്‍.ജി.ഒകള്‍ വഴി വാര്‍ഡ് കേന്ദ്രീകരിച്ച് മാലിന്യ സംസ്‌കരണ പരിപാടി നടപ്പാക്കും. മാലിന്യസംസ്‌ക്കരണത്തിന്റെ വിവിധ വശങ്ങള്‍ സംബന്ധിച്ച് പഠിച്ചു കൊണ്ട് കുടുംബശ്രീയെ കൂടി ഉള്‍പ്പെടുത്തി പരീക്ഷണാടിസ്ഥാനത്തിലാണ് പരിപാടി നടപ്പാക്കുക. ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നതില്‍ സമ്പൂര്‍ണത കൈവരുത്താന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും പ്ലാസ്റ്റിക്ക് ഉപയോഗം നിര്‍ത്തലാക്കാനുളള കര്‍ശന നിര്‍ദേശം ശുചിത്വമിഷന്‍ വഴി നല്‍കാന്‍ യോഗം തീരുമാനിച്ചു. 'യൂസ് ആന്‍ഡ് ത്രോ' രീതി പരിപൂര്‍ണമായി ഉപേക്ഷിക്കാനും യോഗം നിര്‍ദേശിച്ചു.
തദ്ദേശസ്ഥാപനങ്ങളും ശുചിത്വമിഷനും സംയുക്തമായി മാലിന്യ സംസ്‌കരണം നടപ്പാക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് 'ക്ലീന്‍ കേരള' ഏജന്‍സിയുമായി ഉടന്‍ ചര്‍ച്ച നടത്തും. രാത്രികാലങ്ങളില്‍ പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം കര്‍ശനമായി തടയാനുള്ള പരിഹാരവും ആലോചിക്കുന്നതായി യോഗം അറിയിച്ചു.
നവകേരള മിഷന്റെ ഭാഗമായുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പരിപാടി മണ്ഡലാടിസ്ഥാനത്തില്‍ പുരോഗമിച്ചു വരികയാണെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ പൂര്‍വ വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള സ്വകാര്യ വ്യക്തികളില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പിനുള്ള സാധ്യത തേടും.
പഞ്ചായത്തുകളുടെ ആക്ഷന്‍ പ്ലാനുകളില്‍ ഹരിതകേരളംമിഷന്‍ ഉള്‍പ്പെടുത്തും. വകുപ്പുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഹരിത കേരള മിഷനുമായി ബന്ധപ്പെടുത്തി നടപ്പാക്കണമെന്നും യോഗം നിര്‍ദേശിച്ചു.
എ.ഡി.എം എസ്. വിജയന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.എ നാസര്‍, അസി. പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫിസര്‍ പി.ആര്‍ ഷീല, വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."