ആര്യമ്പള്ളം-കൂമ്പാറ വന്‍കിട ജലവിതരണപദ്ധതി തടയണ വറ്റി
ചിറ്റൂര്‍: ആര്യമ്പള്ളം-കൂമ്പാറ വന്‍കിട ജലവിതരണപദ്ധതി തടയണ വറ്റി. ഇനി രണ്ടുദിവസത്തേക്കുമാത്രം വിതരണം ചെയ്യാനുള്ള വെള്ളം മാത്രമാണുള്ളതെന്ന് അധികൃതര്‍. സാമൂഹ്യവിരുദ്ധര്‍ രാത്രികാലത്ത് തടയണയുടെ ഷട്ടര്‍തുറന്ന് ദുരുപയോഗം നടത്തിയതാണ് തടയണയിലെ കരുതല്‍വെള്ളം ഒഴുകിപ്പോകുന്നതിനു കാരണമായത്.
ആര്യമ്പള്ളം പദ്ധതിയില്‍നിന്നു മൂന്നരലക്ഷം ലിറ്റര്‍ വെള്ളമാണ് പമ്പിങ് നടത്തിവരുന്നത്. രണ്ടുദിവസത്തിനകം ആളിയാര്‍ വെള്ളം ചിറ്റൂര്‍പുഴയിലേക്ക് വിട്ടില്ലെങ്കില്‍ ചിറ്റൂരിലെ അമ്പതിനായിരം പേരുടെ കുടിവെള്ളം മുട്ടും.
കഴിഞ്ഞ രണ്ടുമാസമായി തടയണ വെള്ളം ദുരുപയോഗിക്കുന്നതായി വാട്ടര്‍ അതോറിറ്റി അധികൃതര്‍ ചിറ്റൂര്‍ പൊലിസിനു പരാതി നല്‍കിയിരുന്നു. തടയണയിലെ മരത്തിലുണ്ടാക്കിയ ഷട്ടര്‍ തുറന്നു കുളിക്കുകയും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിച്ചശേഷം ഷട്ടര്‍ അടയ്ക്കാതെ പോകുന്നതാണ് വെള്ളം പുഴയിലേക്ക് ഒഴുകാന്‍ കാരണമാകുന്നത്.
മൂലത്തറയില്‍നിന്ന് എട്ടുസെന്റിമീറ്റര്‍ വെള്ളം പുഴയിലേക്കു വിടുമെന്ന് ജലസേചനവകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചിരുന്നു.
എന്നാല്‍ ഈ വെള്ളം തടയണ പ്രദേശത്തേക്ക് എത്താറില്ല. തടയണ ഷട്ടര്‍ ഇരുമ്പില്‍ പണിത് പൂട്ടിവയ്ക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ചിറ്റൂര്‍-തത്തമംഗലം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. തടയണ പമ്പിങ് സ്റ്റേഷനില്‍ ഇനി അടിത്തട്ടു വെള്ളം മാത്രമേ ബാക്കിയുള്ളൂ. ചെളി അടിഞ്ഞുകൂടിയതിനാല്‍ മന്ദഗതിയിലാണ് ഇപ്പോള്‍ പമ്പിങ് നടക്കുന്നത്.
തടയണയില്‍ ഇരുന്നൂറു മീറ്റര്‍ നീളത്തില്‍ മാത്രമാണ് വെള്ളം കെട്ടിനില്‍ക്കുന്നത്. ഈ വെള്ളം പൂര്‍ണമായി ഇല്ലാതായാല്‍ ചിറ്റൂരിലെ ജനങ്ങള്‍ കുടിവെള്ളം ലഭിക്കുന്നതിനു സമരം ചെയ്യേണ്ട സ്ഥിതിയുണ്ടാകും.
കുടിവെള്ള പദ്ധതി പ്രദേശത്ത് നാല്‍ക്കാലികളെ കഴുകുന്നതും വസ്ത്രശുചീകരണവും ഇപ്പോഴും നടന്നുവരുന്നുണ്ട്.
തടയണ പ്രദേശത്തെ ഇരുകരകളിലും ഒരുകിലോമീറ്റര്‍ ദൂരപരിധിയില്‍ ജനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയാത്തവിധത്തില്‍ കമ്പിവേലികെട്ടി തടയണവെള്ളം സംരക്ഷിക്കണമെന്ന ആവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."