എറണാകുളത്തപ്പന്‍ കോളജ് വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍
കൊടകര: പുതുക്കാട് മണ്ഡലത്തിലെ ശ്രീ എറണാകുളത്തപ്പന്‍ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്‌മെന്റില്‍ എന്‍.ആര്‍.ഐ കോട്ടയില്‍ പഠിക്കുന്ന 18 വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍.
എ.പി.ജെ അബ്ദുള്‍കലാം യുനിവേഴ്‌സിറ്റിയുമായി യോജിച്ചു പ്രവര്‍ത്തിക്കുന്ന ഈ കോളജിലെ വിവിധ ശാഖകളിലെ 18 വിദ്യാര്‍ഥികളുടെ ഒന്നാം സെമസ്റ്റര്‍ ഫലം യുനിവേഴ്‌സിറ്റി അധികൃതര്‍ തടഞ്ഞുവച്ചതാണ് അനിശ്ചിതത്വത്തിനു കാരണം. ആകെ 4 ശാഖകളിലായി 240 സീറ്റുകളാണ് കോളജിലുള്ളത്. ഇതില്‍ 136 സീറ്റുകള്‍ എന്‍.ആര്‍.ഐ കോട്ടയിലാണ്. 2015-16 ല്‍ ഇതില്‍ 18 സീറ്റുകളിലേക്കാണ് പ്രവേശനം നടത്തിയത്. എന്നാല്‍ എന്‍.ആര്‍.ഐ കോട്ടക്കായി കോളജ് യൂനിവേഴ്‌സിറ്റിയില്‍ അടക്കേണ്ട മൂന്നു ലക്ഷം രൂപ അടക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടി കാണിക്കുന്നത്.
അതേസമയം പണം നല്‍കേണ്ട ഇന്റര്‍നെറ്റ് സൈറ്റ് സമയത്തിന് തുറക്കാന്‍ കഴിയാതിരുന്നതാണ് പണം അടക്കാതിരിക്കാന്‍ കാരണമെന്ന് കോളജ് അധികൃതര്‍ അറിയിച്ചു. അതോടൊപ്പം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്വാശ്രയ കോളജുകള്‍ പലതും എന്‍.ആര്‍.ഐ കോട്ടക്കുള്ള പണം അടക്കാറില്ലെന്നും ഇവര്‍ പറഞ്ഞു. അതേസമയം 2013 വരെ കോളജ് എന്‍.ആര്‍.ഐ പണം അടച്ചതാണെന്നു വിദ്യാര്‍ഥികള്‍ പറയുന്നു.
കൂടാതെ പണം നിര്‍ബന്ധമായും 2015-16 വര്‍ഷത്തില്‍ അടക്കണമെന്ന് യുനിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചതാണെന്നും മാനേജ്‌മെന്റിന്റെ അനാസ്ഥയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും വിദ്യാര്‍ഥികളും രക്ഷിതാക്കളും പറയുന്നു. ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കേസ് തിങ്കളാഴ്ച പരിഗണിക്കുമെന്നും കോളജ് വക്കീല്‍ അഡ്വ. വി.വി അശോകന്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് അനുകൂല വിധിയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹംപറഞ്ഞു. എന്നാല്‍ ണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാനുള്ള രജിസ്‌റ്റ്രേഷന്‍ സമയം കഴിഞ്ഞതിനാല്‍ മെയ് 24 ന് തുടങ്ങുന്ന പരീക്ഷ എഴുതാന്‍ സാധിക്കുമോയെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."