ടൂറിസം പൊലിസ് രക്ഷകനായി; കുരുന്നുകള്‍ മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക്
മലമ്പുഴ: അണക്കെട്ടില്‍ നിന്ന് കുട്ടികളെ താഴെയിടാന്‍ ശ്രമിച്ചത് തടഞ്ഞ് ടൂറിസം പൊലിസ് കുരുന്നുകളുടെ ജീവന്‍ രക്ഷിച്ചു. മലമ്പുഴ അണക്കെട്ടിനു മുകളില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളില്‍ ഒരാളെ അച്ഛന്‍ മുകളിലേക്കയുര്‍ത്തുമ്പോള്‍ സാഹസികമായി പിടിച്ചാണ് അച്ഛനെയും രണ്ടു പെണ്‍കുട്ടികളെയും മലമ്പുഴ ടൂറിസം പൊലിസ് അജിത്കുമാര്‍ രക്ഷിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് വനിതാ സി.ഐക്ക് ഒരു സ്ത്രീ നല്‍കിയ പരാതിയില്‍ തന്റെ ഭര്‍ത്താവ് ബാലകൃഷ്ണന്‍ തന്നോട് വഴക്കിട്ട് രണ്ട് പെണ്‍മക്കളെയും കൊണ്ടുപോയെന്നും മലമ്പുഴഡാമിലേക്കാണ് പോയതെന്നും പറഞ്ഞിരുന്നു. ഇതനുസരിച്ച് ടൂറിസം എസ്.ഐ അജിത്കുമാറിന് സി.ഐ ഇയാളുടെ അടയാളം സഹിതം അറിയിപ്പു നല്‍കി.
ഉച്ചഭക്ഷണത്തിന് സിവില്‍ ഡ്രസ്സിലായിരുന്ന എസ്.ഐ അപ്പോള്‍ത്തന്നെ വാഹനവുമായി അണക്കെട്ടിനു മുകളിലൂടെ ഗവര്‍ണര്‍സിറ്റിവരെ നോക്കി തിരികെ താഴേക്കുവരുമ്പോള്‍ അണക്കെട്ടിനു താഴെയുള്ള കൂള്‍ഡ്രിങ്‌സ് സ്റ്റാളില്‍ ഇയാളെക്കുറിച്ച് അന്വേഷിച്ചു. ഈ സമയത്ത് രണ്ടുകുട്ടികളുമായി ഒരാള്‍ അണക്കെട്ടിന്റെ ഗോവണികയറുന്നത് ശ്രദ്ധയില്‍പ്പെട്ടു.
അജിത്കുമാര്‍ വളരെപെട്ടെന്ന് മുകളില്‍ കയറി ബാലകൃഷ്ണനാണോ എന്ന് ചോദിക്കുമ്പോഴേക്കും പെട്ടെന്ന് ഒരുകുട്ടിയെ അണക്കെട്ടിനു മുകളിലേക്ക് ബാലകൃഷ്ണന്‍ ഉയര്‍ത്തി.
ഉടന്‍തന്നെ കുട്ടിയെയും ഇയാളെയും കടന്നുപിടിച്ച എസ്.ഐ നയപരമായി സംസാരിച്ച് മൂന്നുപേരെയും അവിടെ നിര്‍ത്തി. ഒരുനിമിഷം തെറ്റിയിരുന്നെങ്കില്‍ രണ്ട് കുട്ടികള്‍ക്കും ചിലപ്പോള്‍ മൂന്നുപേര്‍ക്കും അപകടം സംഭവിച്ചിരിക്കാം. പിന്നീട് വനിതാ സി.ഐക്ക് വിവരം നല്‍കിയതനുസരിച്ച് ജീപ്പില്‍ ഇവരെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. മുണ്ടൂര്‍ സ്വദേശിയായ ഇയാള്‍ ഇതിനു മുന്‍പ് മൂന്നു തവണ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."