യു.പി.എ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും: പി.സി വിഷ്ണുനാഥ്
കാഞ്ഞങ്ങാട്: വരുന്ന തെരഞ്ഞെടുപ്പില്‍ യു.പി.എ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി അധികാരത്തില്‍ വരുമെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്. യു.ഡി.വൈ.എഫ് കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ സംഘടിപ്പിച്ച 'യുവപക്ഷം-19-ലീഡേഴ്‌സ് മീറ്റ് ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയിലേക്ക് പഞ്ചായത്ത് മെംബര്‍ പോലും ആകാത്ത വടക്കനെ പോലുള്ളവര്‍ പോകുന്നത് ആഘോഷിക്കുന്ന സി.പി.എമ്മുകാര്‍ എന്തുകൊണ്ട് കീര്‍ത്തി ആസാദ് മുതല്‍ ശത്രുഘ്‌നന്‍ സിന്‍ഹ വരെയുള്ള വലിയ നിര ബി.ജെ.പിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേരുന്നത് ചര്‍ച്ചയാക്കുന്നില്ലെന്ന് അദേഹം ചോദിച്ചു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് മുസ്‌ലിം ന്യുനപക്ഷ ജില്ലയായത് കൊണ്ടാണെന്ന് കളിയാക്കുന്ന മോദി, ഹിന്ദി ഹൃദയഭൂമിയായ രാജസ്ഥാനിലും മധ്യ പ്ര ദേശിലും 92 ശതമാനം ഹിന്ദു ജനസംഖ്യയുള്ളിടത്താണ് കോണ്‍ഗ്രസ് ജയിച്ച് കയറിയതെന്ന് അറിയണം. മോദി വര്‍ഗീയത പറഞ്ഞ് വോട്ട് തേടുമ്പോള്‍ രാഹുല്‍ ഗാന്ധി ജനകീയത പറഞ്ഞാണ് വോട്ട് തേടുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയതോടെ കുമ്മനം രാജശേഖരനെയും കൊടിയേരി ബാലകൃഷ്ണനെയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയായി മാറിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയെ 2014ല്‍ പപ്പു എന്ന് വിളിച്ച് അപമാനിക്കാന്‍ തുടങ്ങിയത് സംഘപരിവാറാണ്. അതേ പേരില്‍ ദേശാഭിമാനി മുഖ പ്രസംഗം എഴുതുന്നത് സി.പി.എമ്മിന്റെ മുഖംമൂടി അഴിഞ്ഞു വീഴുന്ന കാഴ്ചയാണ് കാണുന്നത്. ഇത്തവണ സി.പിഎമ്മനെക്കാള്‍ കൂടുതല്‍ എം.പിമാര്‍ ലീഗിനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ അധ്യക്ഷനായി.
യൂത്ത്‌ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ നജീബ് കാന്തപുരം മുഖ്യ പ്രഭാഷണം നടത്തി. യൂത്ത്‌ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ എ.കെ.എം അഷ്‌റഫ്, ജില്ലാ ജന.സെക്രട്ടറി ടി.ഡി കബീര്‍, സെക്രട്ടറി നൗഷാദ് കൊത്തിക്കാല്‍, ജില്ലാ എം.എസ്.എഫ് പ്രസിഡന്റ് ആബിദ് ആറങ്ങാടി, ബഷീര്‍ വെള്ളിക്കോത്ത്, ശ്രീജിത്ത്, ഉമേഷന്‍, ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, ഇബ്രാഹിം, രാജേഷ് പള്ളിക്കര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."