കൊവിഡ് മരുന്ന് മലക്കംമറിഞ്ഞ് പതഞ്ജലി
ന്യൂഡല്‍ഹി: കൊവിഡ് മാറ്റുന്ന മരുന്ന് കണ്ടുപിടിച്ചെന്ന അവകാശവാദത്തില്‍നിന്നു ദിവസങ്ങള്‍ക്കകം മലക്കംമറിഞ്ഞ് ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ്. തങ്ങളുടെ കൊറോണില്‍ മരുന്ന് കൊവിഡ് മാറ്റുമെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്നാണ് ഇന്നലെ പതഞ്ജലിയുടെ സി.ഇ.ഒ ആചാര്യ ബാല്‍കൃഷ്ണ വ്യക്തമാക്കിയത്. ക്ലിനിക്കല്‍ ട്രയലുകള്‍ അനുകൂലമാണെന്നു മാത്രമാണ് പറഞ്ഞതെന്നാണ് വിശദീകരണം.
സര്‍ക്കാര്‍ അനുമതിയില്ലാതെ മരുന്നിന്റെ ക്ലിനിക്കല്‍ ട്രയല്‍ നടത്തിയത് വിവാദമാകുകയും കേസില്‍ കോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെടുകയും രാജസ്ഥാനില്‍ പതഞ്ജലി അധികൃതര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തതിനു പിന്നാലെയാണ് പുതിയ വിശദീകരണം. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ മരുന്ന് വില്‍പന നിരോധിക്കുകയും രാജസ്ഥാന്‍ സര്‍ക്കാര്‍ നിയമനടപടി ആരംഭിക്കുകയും ചെയ്തിരുന്നു. മരുന്നുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പതഞ്ജലിയുടെ മലക്കം മറിച്ചില്‍.കൊവിഡ് മാറ്റുന്ന ആയുര്‍വേദ മരുന്ന് കണ്ടുപിടിച്ചതായും ഇത് ഫലവത്താണെന്ന് ക്ലിനിക്കല്‍ ട്രയലില്‍ ബോധ്യപ്പെട്ടുവെന്നും കഴിഞ്ഞയാഴ്ചയായിരുന്നു പതഞ്ജലി പരസ്യമായി അവകാശപ്പെട്ടിരുന്നത്. രാജസ്ഥാനിലെ ഓള്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് മരുന്നിന്റെ ക്ലിനിക്കല്‍ ട്രയല്‍ നടത്തിയതെന്ന വിവരം പുറത്തായതോടെ, സര്‍ക്കാര്‍ അറിയാതെ ഇതു നടത്തിയത് ചോദ്യം ചെയ്ത് ആശുപത്രിക്ക് രാജസ്ഥാന്‍ സര്‍ക്കാര്‍ നോട്ടിസ് നല്‍കിയിരുന്നു. മരുന്നിന്റെ പരസ്യം തടയുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."