പൂച്ചാക്കല്‍ പാലം ഇരുട്ടില്‍; യാത്രക്കാര്‍ അപകട ഭീഷണിയില്‍
പൂച്ചാക്കല്‍: പൂച്ചാക്കല്‍ പുതിയ പാലത്തിലെ വിളക്കുകള്‍ തെളിയാത്തത് വാഹനയാത്രക്കാരുടെ ജീവന് ഭീഷണിയായി.
സന്ധ്യകഴിഞ്ഞാല്‍ പാലത്തില്‍ ഇരുട്ടും വളവും അപകട സാധ്യതയേറുന്നു. മാസങ്ങളായി വെളിച്ചമില്ലാതെ കിടക്കുന്ന പാലത്തിലൂടെ രാത്രിയില്‍ വാഹനയാത്രക്കാര്‍ ജീവന്‍ പണയം വെച്ചാണ് നിലവില്‍ കടന്നുപോകുന്നത്. കൈവരിയില്ലാത്ത പാലത്തിന്റെ വശങ്ങളില്‍ പകല്‍ സമയത്തു പോലും ശ്രദ്ധയോടെ കടന്നുപോയില്ലെങ്കില്‍ അപകടം സംഭവിക്കാം. ഇരുകരകളിലെയും അപ്രോച്ച് റോഡിന്റെ വശങ്ങളില്‍ കുത്തനെ താഴ്ചയാണ്. മുന്‍പ് ചില വാഹനങ്ങള്‍ ഇവിടെ താഴെ വീണ് അപകടമുണ്ടായിട്ടുണ്ട്. കാല്‍നടയാത്രക്കാരും ഇതുവഴി കടന്നുപോകുന്നത് ഭീതിയോടെയാണ്. പാലത്തിന്റെ തെക്കുഭാഗത്തായി ജംക്ഷനോട് ചേര്‍ന്ന് വെളിച്ചമുണ്ടെങ്കിലും മധ്യഭാഗം മുതല്‍ വടക്കുഭാഗത്തേക്ക് അപ്രോച്ച് റോഡ് തീരുന്നതുവരെ ഇരുട്ടാണ്. പാലത്തിനു സമീപം ട്യുബ് ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാസങ്ങളായി ഇത് തെളിയുന്നില്ല.
വെളിച്ചമില്ലാത്തതിനാല്‍ രാത്രിസമയത്ത് വാഹനങ്ങളിലെത്തിക്കുന്ന അറവുമാലിന്യങ്ങളുള്‍പ്പെടെ ഇവിടെ വലിച്ചെറിയുന്നതും പതിവാണ്. ഇത് മൂലം തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമായി. പട്ടി കുറുകെ ചാടും സൂക്ഷിക്കുക എന്ന മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ രാത്രി കാലങ്ങളില്‍ ബോര്‍ഡ് കാണാന്‍ കഴിയാതെ നിരവധി വാഹനങ്ങളാണ് അപകടത്തില്‍പെടുന്നത്. വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് ഗ്രാമപഞ്ചായത്തുകള്‍ കരാര്‍ നല്‍കിയിരിക്കുകയാണ്. ലൈറ്റ് അടിയന്തിരമായി സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."