കമ്പളക്കാട് 22മുതല്‍ ട്രാഫിക് പരിഷ്കരണം
കമ്പളക്കാട്: ടൗണിലെ രൂക്ഷമായ ഗതാഗത പ്രശ്നം പരിഹരിക്കുന്നതിനായി ഈ മാസം 22 മുതല്‍ ട്രാഫിക് പരിഷ്കരണം നടപ്പിലാക്കാന്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു.
കമ്പളക്കാട്ടെ ജനങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് ട്രാഫിക് പരിഷ്കരണം.
രാവിലെയും വൈകുന്നേരവും പള്ളിക്കുന്ന് റോഡിലും മറ്റും മണിക്കൂറുകളോളം ഗതാക്കുരുക്ക് നിത്യസംഭവമാണ്. കാല്‍നടയാത്ര പോലും ദുസഹമായ രീതിയിലാണ് ചെറുകിട വാഹനങ്ങളുടെ പാര്‍ക്കിങും കച്ചവട സ്ഥാപനങ്ങള്‍ക്കു മുമ്പിലെ ഫുട്പാത്ത് ഉപയോഗവും.
സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങും ടൗണില്‍ തലവേദനയാണ്. ഹോം ഗാര്‍ഡുകളും വാഹന ഉടമകളും തമ്മിലുള്ള തര്‍ക്കവും നിത്യമായിരുന്നു.
തിരക്കേറിയ സമയത്ത് മെയിന്‍ റോഡിലും ടൗണുമായി ബന്ധിപ്പിക്കുന്ന പോക്കറ്റ് റോഡുകളില്‍ വെച്ച് വന്‍കിട വാഹനങ്ങളില്‍ ലോഡ് കയറ്റുന്നതും ഇറക്കുന്നതും കാരണം ഗതാഗത സ്തംഭനം പതിവായിരുന്നു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കടവന്‍ ഹംസ അധ്യക്ഷനായി.
കല്‍പ്പറ്റ ഡിവൈ.എസ്.പി പ്രിന്‍സ് എബ്രഹാം, സബ് ഇന്‍സ്പെക്ടര്‍ അജേഷ്, പഞ്ചായത്തംഗങ്ങളായ കെ.എം ഫൈസല്‍, പഞ്ചാര സുനീറ, സെക്രട്ടറി, വിവിധ ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, വ്യാപാരി വ്യവസായി സമിതി ഭാരവാഹികള്‍, ടൗണ്വികസന സമിതി അംഗങ്ങള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."