പരിശോധനയില്ല; ജില്ലയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നോക്കുകുത്തി
കുന്നുംകൈ: ഇതരസംസ്ഥാനങ്ങളില്‍ നിന്നു വരുന്ന പച്ചക്കറി ഉള്‍പ്പടെയുള്ള ഭക്ഷ്യ വസ്തുക്കളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്താതെ ജില്ലയിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് നോക്കുകുത്തിയാവുന്നു. ഭക്ഷ്യ വസ്തുക്കളില്‍ മായം കണ്ടെത്തുന്നതിനോ കടകളില്‍ വേണ്ടത്ര പരിശോധനകള്‍ നടത്താനോ അധികൃതര്‍ തുനിയുന്നില്ല. കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും വരുന്ന പച്ചക്കറികളും പഴവര്‍ഗങ്ങളും പരിശോധന നടത്താന്‍ ജില്ലയിലെ വിവിധ ചെക്ക് പോസ്റ്റുകളില്‍ സൗകര്യമില്ലാത്തതിനാല്‍ ഇതു വഴി വ്യാപകമായി ഭക്ഷ്യ വസ്തുക്കള്‍ കാര്യമായ പരിശോധനയില്ലാതെ കടന്നു വരികയാണ്.
സര്‍ക്കാര്‍ 'ഓപറേഷന്‍ രുചി' എന്ന പേരില്‍ തുടക്കമിട്ട പദ്ധതിയില്‍ പോലും ആരോഗ്യ വകുപ്പ് വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ല എന്ന ആരോപണമുണ്ട്. ഇതരസംസ്ഥാന തൊഴിലാളികള്‍ നിര്‍മിച്ചു നല്‍കുന്ന ഭക്ഷ്യ ഉല്‍പന്നങ്ങള്‍ നഗരങ്ങളില്‍ കൂണ്‍ പോലെ മുളച്ചു പൊങ്ങുകയാണ്. ഇവര്‍ക്കു ഭക്ഷ്യ ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്നതിനോ നിര്‍മിക്കുന്നതിനോ ഭക്ഷ്യവകുപ്പിന്റെ ലൈസന്‍സുകളില്ല. യാതൊരുവിധ ശുചിത്വവും വൃത്തിയുമില്ലാതെ നടത്തുന്ന ഇത്തരം സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും പരിശോധന നടത്താനോ നടപടികള്‍ എടുക്കാനോ തുനിയാത്തതില്‍ പരക്കെ വിമര്‍ശനമുണ്ട്.
മഴക്കാലമായതിനാല്‍ ബേക്കറികളിലും കൂള്‍ബാറുകളിലും ഭക്ഷ്യ ഉല്‍പന്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പലപ്പോഴും യാതൊരു മുന്‍കരുതലുകളും സ്വീകരിക്കാറില്ല. മലയോരത്തെ ഒരു വ്യാപാര സ്ഥാപനത്തില്‍ കേക്കുകളില്‍ പൂപ്പല്‍ ബാധിച്ചതായി കണ്ടതിനെ തുടര്‍ന്ന് അധികൃതര്‍ ഇവ നശിപ്പിച്ചിരുന്നു.
ഇത്തരത്തില്‍ പരിശോധനയില്‍ പിടിച്ചെടുക്കുന്ന സാംപിളുകള്‍ പരിശോധിച്ചു കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള ഉദ്യോഗസ്ഥരുടെ അഭാവത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം സംസ്ഥാനത്തു തന്നെ 70 ശതമാനത്തോളം കുറയുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേ സമയം, പിടിച്ചെടുക്കുന്ന പാലിലേയും പച്ചക്കറിയിലേയും സാംപിളുകളില്‍ രാസവസ്തുക്കളുടെ അളവു പരിശോധിക്കാനുള്ള ഉപകരണങ്ങളുള്ള മൂന്നു് റീജ്യണല്‍ അനാലിറ്റിക്കല്‍ ലാബുകളും കാര്യക്ഷമമല്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഗ്യാസ് ക്രെമാറ്റോഗ്രഫി, ഹൈ പവര്‍ ലിക്വിഡ് ക്രെമാറ്റോഗ്രഫി ഉപകരണങ്ങളും പ്രവര്‍ത്തനരഹിതമായതിനാല്‍ പിടിച്ചെടുക്കുന്ന സാംപിളുകള്‍ എന്ത് ചെയ്യണമെന്നാണ് ഉദ്യോഗസ്ഥരുടെ ചോദ്യം. ഇത്തരത്തില്‍ വിപണിയില്‍ വിളമ്പുന്ന വിഷം കണ്ടെത്താനുള്ള സംവിധാനം പോലും ഇല്ലാതെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇരുട്ടില്‍ തപ്പുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."