ചക്കരക്കല്ലില്‍ കുന്നിടിച്ചില്‍ രൂക്ഷം
ചക്കരക്കല്‍: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മണ്ണിടിച്ചതിനെ തുടര്‍ന്ന് ചക്കരക്കല്‍ നഗരത്തില്‍ കുന്നിടിച്ചില്‍ വ്യാപകം. ടാക്സി സ്റ്റാന്‍ഡിന് പുറകിലുള്ള കുന്നിന് പ്രദേശമാണ് കനത്ത മഴയില്‍ ഇടിഞ്ഞു വീഴുന്നത്. 25 മീറ്ററിലധികം ഉയരമുള്ള കുന്നുകളാണ് മഴയില്‍ നിലം പതിക്കുന്നത്. ആള്പെരുമാറ്റമില്ലാത്ത സ്ഥലമായതിനാല്‍ അപകടം സംഭവിക്കുന്നില്ലെന്നു മാത്രം. ഒരേക്കറിലധികം വരുന്ന കുന്നിന് പ്രദേശങ്ങള്‍ ഇതിനകം തന്നെ സ്വകാര്യവ്യക്തികള്‍ കെട്ടിട നിര്‍മാണത്തിന് വിലക്കെടുത്ത് കഴിഞ്ഞു. വേനല്‍കാലത്ത് ജെ.സി.ബി ഉപയോഗിച്ചുള്ള കുന്നിടിക്കല്‍ നടക്കുന്നുണ്ടെങ്കിലും അധികൃതര്‍ തിരിഞ്ഞു നോക്കാറില്ല. മൂന്നുവര്‍ഷം മുന്നെ ഇവിടെ സ്വകാര്യവ്യക്തിയുടെ കെട്ടിടം നിര്‍മിക്കുമ്പോള്‍ കുന്നിടിഞ്ഞ് വീണ് നാശനഷ്ടം ഉണ്ടായിരുന്നു. തൊഴിലാളികള്‍ നേരത്തെ ജോലി മതിയാക്കിയതിനാല്‍ ദുരന്തം ഒഴിവാകുകയായിരുന്നു. മണ്ണിടിഞ്ഞുവീണ് സമീപത്തെ പൊതുകിണര്‍ മൂടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."