ശരീരം തള൪ന്ന സലീം സ്പോൺസറുടെ സംരക്ഷണത്തിൽ നിന്നു ഇനി വീട്ടുകാരുടെ കാരുണ്യത്തിലേക്ക്
ജിദ്ദ: ആടു ജീവിതത്തിലെ നജീബ്മാരെയും തൊഴിലാളികളെ ചൂഷണം ചെയ്യുന്ന സ്പോൺസർമാരെയും മാത്രം കേട്ട് പരിചയമുള്ള പ്രവാസികൾക്ക് ഇതാ അറബികളുടെ സ്നേഹം മതിയാവോളം അനുഭവിക്കുന്നവരുയും കഥകൾ ധാരാളം പറയാനുണ്ടാവും.
തൻ്റെ മലയാളിയായ തൊഴിലാളി ജോലിക്കിടെ തളർന്ന് വീണപ്പോൾ തുണയാകുകയും സംരക്ഷണം നൽകുകയും ചെയ്ത സഊദി സ്പോൺസറുടെ സ്നേഹവും ബഹുമാനവും എന്താണെന്ന് പഠിപ്പിക്കുകയാണു ചെയ്തിരിക്കുന്നത്.
38 വർഷങ്ങൾക്ക് മുമ്പ് സഫ് വയിലെ ഒരു വീട്ടിൽ ജോലിക്കെത്തുകയും തോട്ടം ജോലികളിലും മറ്റു ജോലികളിലും വ്യാപൃതനാകുകയും ചെയ്ത തൃശൂർ സ്വദേശി സലീമിനാണു തൻ്റെ കഫീലിൻ്റെ പരിചരണവും സ്നേഹവും നേരിട്ടനുഭവിക്കാനായത്.
ആദ്യത്തെ സ്പോൺസർക്കൊപ്പം സലീം നീണ്ട 28 വർഷം സേവനം ചെയ്തു. ഒരിക്കൽ നാട്ടിലെത്തിയപ്പോൾ രോഗം കാരണം തിരികെ വരാൻ സാധിച്ചില്ല. ഈ സമയം സ്പോൺസർ മരിച്ചു. തുടർന്ന് നാട്ടിൽ നിന്ന് സ്പോൺസറുടെ മകനായ അബ്ദുല്ല സഅദുമായി ഫോണിൽ ബന്ധപ്പെടുകയും മകൻ പുതിയ വിസ അയച്ച് കൊടുക്കുകയുമായിരുന്നു.
കഴിഞ്ഞ 10 വർഷമായി അബ്ദുല്ല സഅദിൻ്റെ കീഴിലാണു സലീം ജോലി ചെയ്ത് കൊണ്ടിരുന്നത്. അബ്ദുല്ല സഅദിൻ്റെ കുട്ടിക്കാലത്തായിരുന്നു സലീം ആദ്യ തവണ ആ വീട്ടിൽ ജോലിക്കെത്തിയിരുന്നത്. അത് കൊണ്ട് തന്നെ പിതൃ തുല്യമായ ബഹുമാനമായിരുന്നു സലീമിനു അബ്ദുല്ല സഅദ് നൽകിയിരുന്നത്.
മൂന്ന് മാസം മുമ്പ് സലീം തളർന്ന് വീണപ്പോൾ സ്പോൺസർ അബ്ദുല്ല സഅദ് സലീമിനു ആശുപത്രികളിൽ ചികിത്സ തേടുകയും തുടർന്ന് സ്വന്തം വീട്ടിൽ തന്നെ പരിചരണം ഒരുക്കുകയും ചെയ്തു. തളർന്നു കിടന്നിരുന്ന സലീമിനെ താങ്ങിയെടുത്ത് കുളിപ്പിക്കുന്നത് വരെ കഫീലും മക്കളുമായിരുന്നു എന്നത് ആ സ്നേഹത്തിൻ്റെ ആഴം വ്യക്തമാക്കുന്നു. തൻ്റെ പിതാവിൻ്റെ സ്ഥാനത്താണു സലീമിനെ കാണുന്നതെന്നും അദ്ദേഹത്തെ പരിചരിക്കൽ തങ്ങളുടെ കടമയാണെന്നുമാണു സ്പോൺസർ ഇതിനെക്കുറിച്ച് പറഞ്ഞത്.
രോഗാവസ്ഥയിൽ മാറ്റം വരുന്നില്ല എന്ന് കണ്ടപ്പോൾ സലിം തന്നെയാണ് തന്നെ നാട്ടിലേക്ക് പറഞ്ഞയക്കാൻ അബ്ദുള്ളയോട് ആവശ്യപ്പെട്ടത്. തെല്ലൊരു വിഷമത്തോടെ അബ്ദുല്ല ആ ആവശ്യം
അംഗീകരിക്കുകയായിരുന്നു. സാമൂഹിക പ്രവർത്തകനായ നാസ് വക്കത്തിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസം ദമ്മാമിൽ നിന്നും കൊച്ചിയിലേക്കുള്ള നോർക്ക ഹെൽപ്പ് ഡെസ്കിന്റെ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങിയത്. നാട്ടിലേക്ക് മടങ്ങുന്ന സലീമിന് മലയാളികളുടെ സ്നേഹ വായ്പ്പും അനുഭവിക്കാൻ യോഗമുണ്ടായി. തൃശൂർ സ്വദേശികളായ മലയാളികളുടെ കൂട്ടായ്മയായ തൃശൂർ നാട്ടുകൂട്ടം അംഗങ്ങൾക്കിടയിൽ നിന്നും സ്വരൂപിച്ച ഒന്നര ലക്ഷം രൂപ നൽകിയാണ് സലീമിനെ യാത്രയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."