സുപ്രിംകോടതി വിവരാവകാശ പരിധിയില്‍: കേസ് വിധി പറയാന്‍ മാറ്റി
ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫിസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമോ ഇല്ലയോ എന്ന വിഷയത്തിലുള്ള ഹരജി സുപ്രിംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറയാന്‍ മാറ്റി.
ഇന്നലെ ഹരജിക്കാരനായ സുഭാഷ് ചന്ദ്ര അഗര്‍വാളിന് ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്റെ വാദം കൂടി കേട്ടതിന് ശേഷമാണ് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയി, ജസ്റ്റിസുമാരായ എന്‍.വി രാമണ്ണ, ഡി.വൈ ചന്ദ്രചൂഡ്, ദീപക് ഗുപ്ത, സജ്ഞീവ് ഖന്ന എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ച് വിധി പറയാനായി മാറ്റിയത്.
സുപ്രിംകോടതിയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കാനാവില്ലെന്നും വിവരാവകാശ അപേക്ഷയുടെ സ്വഭാവം അനുസരിച്ചുള്ള തീരുമാനമാണ് എടുക്കേണ്ടതെന്നും പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. ജനങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ വെളിപ്പെടുത്തണമെന്ന് എസ്.പി ഗുപ്ത കേസിലെ ഏഴംഗ ബെഞ്ചിന്റെ വിധിന്യായം ചൂണ്ടിക്കാട്ടിയതാണ്. ജഡ്ജിമാരുടെ സ്ഥാനത്തേക്ക് കൊളീജിയം പരിഗണിക്കുന്ന ആളുകളുടെ കാര്യത്തില്‍ ഏജന്‍സികള്‍ എന്തു റിപോര്‍ട്ടാണ് നല്‍കിയിരിക്കുന്നതെന്ന് ജനങ്ങള്‍ അറിയേണ്ടതാണ്. വിവരാവകാശ കമ്മിഷണറെ നിയമിക്കുന്നതിന്റെ നടപടികള്‍ സുതാര്യമായിരിക്കണമെന്ന് ജസ്റ്റിസ് എ .കെ സിക്‌റി വിധിച്ച കാര്യവും പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. സുതാര്യത കൊണ്ടുവരുന്ന കോടതി എങ്ങനെയാണ് സ്വന്തം ജഡ്ജി നിയമനത്തിനുള്ള നടപടികള്‍ കുറച്ചുപേര്‍ മാത്രമറിഞ്ഞാല്‍ മതിയെന്ന് തീരുമാനിക്കുക. ഒന്നിനെയും ഇരുട്ടില്‍ നിര്‍ത്തരുതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."