കീഴുപറമ്പില്‍ ഭൂരേഖയില്‍ വ്യാപക തെറ്റുകള്‍ വില്ലേജ് അധികൃതര്‍ക്കെതിരേ പ്രതിഷേധം
അരീക്കോട്: കീഴുപറമ്പ് വില്ലേജ് ഓഫിസ് പ്രവര്‍ത്തനത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. ആധാരം ഓണ്‍ലൈന്‍ ആക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ജനങ്ങളെ ദുരിതത്തിലാഴ്ത്തിയത്. മാസങ്ങളായി നടക്കുന്ന ആധാരം കംപ്യൂട്ടര്‍ വത്കരണ പ്രവൃത്തി ജനങ്ങളെ കുഴക്കുകയാണ്. ആധാരത്തിന്റെ കോപ്പി, മുന്‍കാലങ്ങളില്‍ നികുതി അടച്ചതിന്റെ രേഖ എന്നിവയടക്കം പ്രത്യേക ഫോറത്തോടൊപ്പം പൂരിപ്പിച്ചു നല്‍കുകയാണ് ആദ്യ നടപടി. ഒരു മാസത്തിനുള്ളില്‍ ഓഫിസുമായി ബന്ധപ്പെട്ടാല്‍ അക്ഷയ കേന്ദ്രം വഴി നികുതി അടയ്ക്കാനുള്ള രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കുമെന്നാണ് വില്ലേജ് അധികൃതര്‍ അപേക്ഷകര്‍ക്ക് നല്‍കിയ ഉറപ്പ്. എന്നാല്‍ അപേക്ഷ നല്‍കി ഏഴ് മാസം പിന്നിട്ടിട്ടും ഇത് വരെ നൂറ് കണക്കിനു അപേക്ഷകര്‍ക്ക് നികുതി അടയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
കംപ്യൂട്ടര്‍വല്‍ക്കരണ ജോലികള്‍ പുറമെ നിന്നും കരാര്‍ ഏറ്റെടുത്തവര്‍ രേഖകള്‍ ചേര്‍ത്തപ്പോള്‍ സംഭവിച്ച പിഴവാണ് പൊതുജനത്തെ പ്രയാസപ്പെടുത്തുന്നത്. ഓണ്‍ലൈന്‍ പ്രവൃത്തി ചെയ്തവരുടെ അശ്രദ്ധ കാരണം ദിവസവും വില്ലേജ് ഓഫിസ് കയറി ഇറങ്ങേണ്ട ഗതികേടിലാണ് നാട്ടുകാരിപ്പോള്‍. നിരവധി തവണ വില്ലേജ് ഓഫിസ് കയറിയിറങ്ങിയവര്‍ ഒടുവില്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഏറനാട് താലൂക്ക് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ശനിയാഴ്ച വില്ലേജ് പരിസരത്ത് അദാലത്ത് നടത്തിയിരുന്നു. എന്നാല്‍ നൂറിലധികം പേരുടെ പരാതി പരിഹരിക്കാന്‍ താലൂക്കില്‍ ഒരു ജീവനക്കാരി മാത്രമാണ് കിഴുപറമ്പില്‍ എത്തിയത്. അദാലത്തില്‍ പങ്കെടുത്തവരില്‍ തന്നെ മിക്കവരോടും ഭൂമി അളക്കാന്‍ താലൂക്ക് ഓഫിസില്‍ അപേക്ഷ നല്‍കാനായിരുന്നു നിര്‍ദേശം. എന്നാല്‍ ഇങ്ങനെ ചെലാന്‍ അടച്ച് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ഒരു വര്‍ഷമായിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം പണം വാങ്ങി ചിലരുടെ രേഖകള്‍ ശരിപ്പെടുത്തി നല്‍കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റിയതോടെ വില്ലേജില്‍ ഇന്റര്‍നെറ്റ് സ്പീഡ് ഇല്ലെന്നു പറഞ്ഞാണ് ജനങ്ങളെ ഇതുവരെ പ്രയാസപ്പെടുത്തിയിരുന്നത്. എന്നാല്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി അതിവേഗ നെറ്റ് കണക്ഷന്‍ ഓഫിസില്‍ സ്ഥാപിച്ചെങ്കിലും ജീവനക്കാരുടെ അനാസ്ഥ ജനത്തെ വീണ്ടും പ്രയാസപ്പെടുത്തുകയാണ്. ആധാരം ഓണ്‍ ലൈന്‍ ആക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു പൗരസമിതി കലക്ടര്‍ക്കും ഏറനാട് തഹസില്‍ദാര്‍ക്കും ഇന്ന് നിവേദനം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."