അപകടം പതിവായി പാലത്തായി റോഡ്
പാനൂര്‍: വൈദ്യര് പീടിക കടവത്തൂര്‍ റോഡില്‍ പാലത്തായി ജുമാമസ്ജിദിന് സമീപത്തെ വളവില്‍ അപകടങ്ങള്‍ പതിവാകുന്നു. ഈ കൊടുംവളവില്‍ നിര്‍മാണം പൂര്‍ത്തിയാകാത്ത ഓവുചാലാണ് അപകടകാരണം. റോഡ് മെക്കാഡം ടാറിങ് നടത്തിയതിനാല്‍ ഉയര്‍ന്നു നില്‍ക്കുകയും ഓവു പാലത്തിന്റെ സ്ലാബ് താഴ്ന്ന നില്‍ക്കുന്നതുമാണ് അപകടത്തിനു കാരണമാകുന്നത്.
മിക്കവാറും ടൂവീലര്‍ യാത്രക്കാരാണ് ഈ കെണിയില്‍ അകപ്പെടുന്നത്. ദിവസവും ഒന്നില്‍ കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്നതായും യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുന്നതായും പരിസരവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. നിരവധി തവണ ഈ കാര്യങ്ങള്‍ അധികൃതരെ അറിയിച്ചെങ്കിലും ഒരു പരിഹാരവും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അപകടം പതിയിരിക്കുന്നത് ശ്രദ്ധിക്കാതെ വരുന്ന വാഹന യാത്രക്കാരാണ് കൊടുംവളവില്‍ ചതിയില്‍പ്പെടുന്നത്.
ഓവുചാല്‍ ഉയര്‍ത്തി സ്ലാബിടുകയോ, ഡ്രൈനേജ് നികത്തുകയോ ചെയ്താലേ അപകടങ്ങള്‍ക്ക് അറുതി ഉണ്ടാവുകയുള്ളൂ. അപകടങ്ങള്‍ പതിവായപ്പോള്‍ നാട്ടുകാര്‍ ചുവന്ന റിബണ്‍ കെട്ടി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
വളവില്‍ വേലി കെട്ടി തിരിക്കാനുള്ള സ്ഥലമില്ലാത്തതിനാലാണ് റിബണ്‍ കെട്ടി സൂചന നല്‍കിയിരിക്കുന്നത്. വൈദ്യര് പീടിക കടവത്തൂര്‍ റോഡ് മെക്കാഡം ടാറിങ് കഴിഞ്ഞ് മാസങ്ങളായെങ്കിലും അതിനുശേഷം നടക്കേണ്ട മറ്റു അനുബന്ധ ജോലികള്‍ ഇതുവരെ നടന്നിട്ടില്ലെന്നും ജനം പരാതിപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."