തായ്ലാന്റ്: രണ്ടാം ദൗത്യത്തില്‍ നാലുപേരെ കൂടി രക്ഷിച്ചു, ഇനി അഞ്ചുപേര്‍
ചിയാങ് റായ്: വടക്കന്‍ തായ്ലാന്റില് ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിക്കാനുള്ള രണ്ടാം ദൗത്യവും വിജയകരം. നാലു കുട്ടികളെയാണ് ഇന്നു പുറത്തെത്തിച്ചത്. ഇതോടെ ഗുഹയില്‍ നിന്ന് മൊത്തം എട്ടുപേരെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഇനി പരിശീലകന് അടക്കം അഞ്ചുപേരാണ് ഗുഹയിലുള്ളത്.
ഇന്നലെ നാലു കുട്ടികളെ പുറത്തെത്തിച്ചിരുന്നു. സുരക്ഷ മുന്‍നിര്‍ത്തി മൂന്നുഘട്ടങ്ങളിലായി, കുടുങ്ങിയവരെയെല്ലാം പുറത്തെത്തിക്കുകയായിരുന്നു ദൗത്യസംഘത്തിന്റെ ലക്ഷ്യം. ഇതില്‍ രണ്ടുഘട്ടവും വിജയകരമായി നടന്നു. പൂര്‍ണമായി സുരക്ഷിതമായി എത്തിക്കുന്ന കുട്ടികളെ ഗുഹാമുഖത്തു നിന്ന് ആംബുലന്‍സിനും പിന്നീട് ഹെലികോപ്റ്ററിലുമായി 60 കിലോമീറ്റര്‍ ദൂരത്തുള്ള ചിയാങ് റായ് ആശുപത്രിയില്‍ എത്തിക്കുകയാണ് ചെയ്യുന്നത്.
കുട്ടികളുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എല്ലാവരും ആശുപത്രിയില്‍ തുടരുകയാണ്.
ആദ്യഘട്ട രക്ഷാപ്രവര്‍ത്തനത്തിനു ശേഷം 10 മണിക്കൂര്‍ ഒരുക്കം നടത്തിയാണ് രണ്ടാംഘട്ട ദൗത്യം നടത്തിയത്. ഇനി ബാക്കിയുള്ള അഞ്ചു പേരെ എപ്പോഴാണ് പുറത്തെത്തിക്കുകയെന്ന കാര്യം അധികൃതര്‍ അറിയിച്ചിട്ടില്ല. നാളെ ഉണ്ടാവാനാണ് സാധ്യത.
കോച്ചുള്‍പ്പെടെയുള്ള 13 അംഗ ഫുട്ബോള്‍ ടീം ജൂണ്‍ 23നാണ് ഗുഹയില്‍ കുടുങ്ങിയത്. വോള്‍ഗ തീരത്ത് കാല്‍പ്പന്തിന്റെ ആരവം ഇരമ്പുമ്പോഴാണ് തായ്ലന്ഡില് നിന്നുള്ള ദുഃഖവാര്‍ത്ത ലോകം ശ്രവിച്ചത്. തുടര്‍ന്ന് ഇവരെ ജീവനോടെ കണ്ടെത്തണമെന്ന പ്രാര്ഥനയായിരുന്നു. ഒന്‍പത് ദിവസത്തിനുശേഷം ലോകത്തെ അത്ഭുതപ്പെടുത്തി ആരോഗ്യവാന്മാരായി കുട്ടികളെ കണ്ടെത്തിയതോടെ എത്രയുംപെട്ടെന്ന് ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."