യത്തീംഖാനയുടെ 47-ാം വാര്‍ഷികത്തില്‍ ആദ്യത്തെ അന്തേവാസി അതിഥിയായെത്തി
തിരുവനന്തപുരം: യത്തീംഖാനയുടെ 47 ാം വാര്‍ഷിക പരിപാടിയില്‍ ഏറ്റവും ആദ്യത്തെ അന്തേവാസി അതിഥിയായെത്തി.
1970ല്‍ തിരുവനന്തപുരത്തെ ആദ്യ യത്തീംഖാന വള്ളക്കടവില്‍ ആരംഭിച്ചപ്പോള്‍ അന്നത്തെ നിയമസഭാ സ്പീക്കര്‍ മൊയ്തീന്‍കുട്ടി എന്ന ബാവാ ഹാജിയില്‍ നിന്നു താക്കോല്‍ വാങ്ങി ആദ്യമായി പ്രവേശിച്ചത് തിരുമലയിലെ നാസര്‍ എന്ന അനാഥബാലനായിരുന്നു. സ്ഥാപക പ്രസിഡന്റ് പരേതനായ എം.പി ആസാദ് ബാലനെ യത്തീംഖാനയുടെ ഉള്ളിലേക്ക് കൈപിടിച്ചു കയറ്റിയത്.
ഇന്നലെ താന്‍ വളര്‍ന്ന സ്ഥാപനത്തിന്റെ 47ാമതു വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ അതേ നാസര്‍ എത്തി, അന്തേവാസിയായല്ല, അതിഥിയായി. കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അദ്ദേഹത്തെ സ്വീകരിച്ചു.
വൈകാരിക നിമിഷത്തില്‍ പഴയ ഓര്‍മകള്‍ നാസര്‍ പങ്കുവെച്ചു. ഇപ്പോള്‍ വിവാഹം കഴിഞ്ഞ്, സഊദി അറേബ്യയില്‍ ബിസിനസും മറ്റുമായി കഴിയുകയാണ്. തന്നെ പോറ്റിവളര്‍ത്തിയയിടത്തേക്ക് വീണ്ടുമെത്തുമെന്നു പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്.
സൗഹാര്‍ദ സദസ് ഇന്ന്
തിരുവനന്തപുരം: ഓള്‍ കേരളാ യത്തീം സ്റ്റുഡന്റ്‌സ് ഫെസ്റ്റിനോടനുബന്ധിച്ചുള്ള സൗഹാര്‍ദ സദസ് ഇന്നു നടക്കും. വൈകുന്നേരം മൂന്നു മണിക്ക് വള്ളക്കടവില്‍ നടക്കുന്ന ചടങ്ങ് ഡോ. ശശി തരൂര്‍ എം.പി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം യത്തീംഖാനാ പ്രസിഡന്റ് എം.കെ നാസറുദ്ദീന്‍ അധ്യക്ഷനാകും.
ജനറല്‍ സെക്രട്ടറി എം.എം ഹുസൈന്‍ സ്വാഗതം പറയും. ഡോ. എ സമ്പത്ത് എം.പി മുഖ്യാതിഥിയായിരിക്കും. ബിഷപ്പ് ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ്, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, മുഹമ്മദ് അസ്‌ലം ബാഖവി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ഡി. രവീന്ദ്രനാഥ്, ഡോ. ജി. കിഷോര്‍, ഡോ. പുനലൂര്‍ സോമരാജന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. പെരുന്താന്നി വാര്‍ഡ് കൗണ്‍സിലര്‍ ചിഞ്ചു ടീച്ചര്‍, വള്ളക്കടവ് കൗണ്‍സിലര്‍ ഷാജിദാ നാസര്‍, വള്ളക്കടവ് മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് എ. സൈഫുദ്ദീന്‍ ഹാജി, കലാപ്രേമി ബഷീര്‍ബാബു, എം.കെ അബ്ദുല്‍റഹീം, എ.ജി ഫിറോസ്ഖാന്‍ നൂണ്‍, ബി. സുലൈമാന്‍, ഇ. സുധീര്‍ എന്നിവര്‍ പങ്കെടുക്കും. തിരുവനന്തപുരം യത്തീംഖാനാ സെക്രട്ടറി എ. ഹാജാ നാസിമുദ്ദീന്‍ നന്ദി പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."