നെയ്യാറില്‍ നിന്നു വെള്ളം; പണി പുരോഗമിക്കുന്നു ബുധനാഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ പമ്പിങ്
തിരുവനന്തപുരം: നെയ്യാര്‍ സംഭരണിയില്‍ നിന്നു നഗരത്തിലേക്കു ജലമെത്തിക്കുന്നതിനുള്ള പ്രവൃത്തികള്‍ക്കായി ഡ്രഡ്ജറുകള്‍ എത്തിച്ചു. ജലസേചനവകുപ്പ് ഉപയോഗിക്കുന്ന രണ്ട് ഡ്രഡ്ജറുകള്‍ ആലപ്പുഴ നിന്നാണ് എത്തിച്ചത്. സാധാരണ ജലാശയത്തിന്റെ അടിത്തട്ട് കുഴിച്ച് ചെളിയും വെള്ളവുമാണു ഡ്രഡ്ജര്‍ പമ്പ് ചെയ്തു മാറ്റുന്നത്. ഡ്രഡ്ജറിലെ ഈ പമ്പിങ് സംവിധാനമാണ് നെയ്യാറിലും ഉപയോഗിക്കുന്നതെങ്കിലും അണക്കെട്ടിന്റെ അടിത്തട്ടില്‍ തൊടാതെ വെള്ളം മാത്രമാവും പമ്പ് ചെയ്‌തെടുക്കുക. ബുധനാഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ പമ്പിങ് നടത്താനാകുമെന്നാണ് കരുതുന്നത്.
ഡ്രഡ്ജറുകള്‍ ഇറക്കേണ്ട ഭാഗത്തു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു ചാലു കീറുന്ന ജോലികള്‍ ആരംഭിച്ചു. റിസര്‍വോയറില്‍ നിന്നു ഡ്രഡ്ജര്‍ ഉപയോഗിച്ചു പമ്പ് ചെയ്യുന്ന ജലം കുമ്പിള്‍മൂട് തോട്ടിലേക്ക് എത്തിക്കുന്നതിനു വേണ്ടിയുള്ള പൈപ്പിടലും പുരോഗമിക്കുകയാണ്. റിസര്‍വോയര്‍ തീരത്തെ ഇരുനൂറ് മീറ്ററോളം ദൂരത്തില്‍ പൈപ്പിടല്‍ പൂര്‍ത്തിയായിട്ടുണ്ട്. അരുവിക്കര നിന്നും കാളിപാറ നിന്നുമാണ് പൈപ്പ് എത്തിച്ചത്. ഇറിഗേഷന്‍, ജലസേചനവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാംപ് ചെയ്ത് പ്രവൃത്തികള്‍ക്കു മേല്‍നോട്ടം വഹിക്കുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്.
റിസര്‍വോയറില്‍ നിന്നുള്ള ജലം പമ്പ് ചെയ്യുന്നതിനു വേണ്ടിയുള്ള പമ്പ് സ്ഥാപിക്കുന്നതിനും വൈദ്യുതി കണക്ഷന്‍ എത്തിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ വിലയിരുത്താന്‍ വൈദ്യുതി ബോര്‍ഡ് അധികൃതരും സ്ഥലത്തുണ്ട്.
ജലം ഒഴുക്കിവിടേണ്ട കുമ്പിള്‍മൂട് തോട് വൃത്തിയാക്കല്‍ തുടരുകയാണ്. ചോര്‍ച്ച ഉണ്ടാകാന്‍ സാധ്യതയുള്ള തോടിന്റെ കൈവഴികള്‍ അടയ്ക്കുന്നതിനും നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജലം ഒഴുക്കുമ്പോള്‍ അമിതമായ ചോര്‍ച്ചയുണ്ടായാല്‍ ഇപ്പോള്‍ ലക്ഷ്യമിടുന്ന നൂറ് എം.എല്‍.ഡി ജലം എന്നതിന്റെ ഇരട്ടി ദിവസവും പമ്പ് ചെയ്യേണ്ടിവരും. ഇത് ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. നഗരത്തിലേക്ക് വെള്ളമെത്തിക്കുന്ന രണ്ട് ഡാമുകളിലും ജലനിരപ്പ് ആശങ്കജനകമായി താഴ്ന്ന സാഹചര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് നെയ്യാറില്‍ നിന്നും ജലം കൊണ്ടുവരാന്‍ തീരുമാനിച്ചത്. നിയന്ത്രിത അളവില്‍ വിതരണം ചെയ്യുന്നതിന് പ്രതിദിനം 200 ദശലക്ഷം ലിറ്റര്‍ വെള്ളം നഗരത്തിലേക്ക് ആവശ്യമുണ്ട്. മഴയില്ലാത്തതിനാല്‍ അണക്കെട്ടിലേക്ക് വെള്ളം ഒഴുകി എത്തുന്നില്ല. സ്ഥിതി തുടര്‍ന്നാല്‍ ഒരുമാസം നിയന്ത്രണം തുടരേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."