മുസ്‌ലിംലീഗ് വൈറസാണെന്ന് യോഗി ആദിത്യനാഥ്
ബുലന്ദ്ഷഹര്‍: രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വത്തിനെതിരേ വര്‍ഗീയ പ്രചാരണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും. കോണ്‍ഗ്രസിന്റെ മുസ്‌ലിംലീഗുമായുള്ള ബന്ധത്തെയാണ് യോഗി വര്‍ഗീയ ആയുധമാക്കുന്നത്.
മുസ്‌ലിംലീഗ് ഒരു വൈറസാണ്. ഈ വൈറസ് ബാധിച്ചാല്‍ പിന്നെ രക്ഷയില്ല. ഇപ്പോള്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് ഈ വൈറസ് ഏറ്റിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ ഈ വൈറസ് രാജ്യമാകെ പടരുമെന്നും യോഗി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേത്തിയില്‍ പരാജയം ഉറപ്പായതുകൊണ്ടാണ് രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് ഒളിച്ചോടിയതെന്നും അവിടെ മുസ്‌ലിംലീഗാണ് രാഹുലിന് പിന്തുണ നല്‍കുന്നതെന്നും യോഗി ആരോപിച്ചു. രാജ്യദ്രോഹ കുറ്റവും അഫ്‌സ്പയും എടുത്തുകളയുമെന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനത്തേയും യോഗി വിമര്‍ശിച്ചു. അക്രമവും ഭീകരവാദവും വളര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമമെന്നും യോഗി കുറ്റപ്പെടുത്തി.
ആദിത്യനാഥിനെ ഭോഗി എന്നു വിളിച്ചാണ് കോണ്‍ഗ്രസ് ഇതിനോടു പ്രതികരിച്ചത്. യു.പിയുടെ വികസനത്തെ ഭോഗി എന്നു പേരുള്ള ഒരു വൈറസ് തടസ്സപ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പരിഹസിച്ചു. വരുന്ന ഉപതെരഞ്ഞെടുപ്പോടെ യു.പിയിലെ വോട്ടര്‍മാര്‍ ആ വൈറസിനെ ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമ നടപടി സ്വീകരിക്കും: മുസ്‌ലിം ലീഗ്
കോഴിക്കോട്: മുസ്‌ലിം ലീഗിനെ വൈറസ് എന്ന് വിളിക്കുകയും പാകിസ്താന്‍ പതാക ഉപയോഗിക്കുന്നവരാണെന്ന് ആരോപിക്കുകയും ചെയ്തതില്‍ യു.പി മുഖ്യമന്ത്രിക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചു.
മുസ്‌ലിംലീഗ് പതാകയും പാകിസ്താന്‍ പതാകയും ഒന്നാണെന്ന് പ്രചരിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്ത് അംഗീകൃത പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്ന സംഘടനയെ അപകീര്‍ത്തിപ്പെടുത്താനാണ്. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കും.
ചരിത്രത്തെയും വര്‍ത്തമാനത്തെയും രാഷ്ട്രീയത്തെയും കുറിച്ച് സാമാന്യബോധമുള്ളവര്‍ ഈ പ്രചാരണം തള്ളിക്കളയും. ദുഷ്ടലാക്കോടെ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തുന്നവരെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും മജീദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."