ശ്രീശാന്തിന്റെ ശിക്ഷാകാലാവധി ബി.സി.സി.ഐ ഓംബുഡ്സ്മാന് തീരുമാനിക്കും
ന്യൂഡല്‍ഹി: ഐ.പി.എല്‍ ഒത്തുകളി ആരോപണം നേരിടുന്ന മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തിന്റെ ശിക്ഷയുടെ കാലാവധി ബി.സി.സി.ഐ ഓംബുഡ്സ്മാന് റിട്ട. ജസ്റ്റിസ് ഡി.കെ ജെയിന് നിശ്ചയിക്കുമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ബി.സി.സി.ഐ നല്കിയ അപ്പീല്‍ പരിഗണിക്കുന്നതിനിടെ ആശോക് ഭൂഷണ്, കെ.എം ജോസഫ് എന്നിവര്‍ അധ്യക്ഷരായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
മൂന്നു മാസത്തിനുള്ളില്‍ ശ്രീശാന്തിന്റെ ശിക്ഷാ കാലാവധി നിശ്ചയിക്കണമെന്നും സുപ്രിംകോടതി ബി.സി.സി.ഐ ഓംബുഡ്സ്മാന് നിര്‍ദേശം നല്കി. ഒത്തുകളിച്ചെന്നാരോപിച്ച് ശ്രീശാന്തിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് കഴിഞ്ഞ മാസം സുപ്രിംകോടതി റദ്ദാക്കിയിരുന്നു. മറ്റൊരു കാലാവധി നിശ്ചയിക്കാന്‍ കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. അതിനു പിന്നാലെയാണ് സുപ്രിംകോടതിയുടെ പുതിയ നടപടി. ബോര്‍ഡ് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് 2017 ഓഗസ്റ്റില്‍ കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. എന്നാല്‍, രണ്ടുമാസത്തിനകം ഡിവിഷന്‍ബെഞ്ച് വിലക്ക് പുനഃസ്ഥാപിച്ചു. ഇതിനെതിരേയാണ് ശ്രീശാന്ത് സുപ്രിംകോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകന് സല്മാന് ഖുര്‍ഷിദാണ് ശ്രീശാന്തിനുവേണ്ടി വാദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."