കടലില്‍ കാണാതായ രണ്ടുവയസുകാരിക്ക് വേണ്ടി തെരച്ചില്‍ തുടരുന്നു മാതാവിന്റെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് ചെയ്തു
കോഴിക്കോട്: വ്യാഴാഴ്ച കടലില്‍ കണ്ടെത്തിയ മാതാവിന്റെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ഇവര്‍ക്കൊപ്പം കാണാതായ മകള്‍ ആയിഷ ഷെഹ്റിന്(2) വേണ്ടി കടലില്‍ തെരച്ചില്‍ തുടരുന്നു.
പയ്യാനക്കല്‍ സ്വദേശി ഹുസൈനിന്റെ മകളും പാവമണി റോഡിലെ ചുമട്ടുതൊഴിലാളിയായ ഷഫീക്കിന്റെ ഭാര്യയുമായ ജീനത്ത് അമന്(24), മൂന്നര വയസുകാരനായ മകന് സല്മാന് ഫാഹിഖ് എന്നിവരുടെ മൃതദേഹങ്ങളാണു കടലില്‍ നിന്നു കണ്ടെത്തിയത്.
മറൈന്‍ എന്‍ഫോഴ്സ്മെന്റ് സംഭവദിവസം തന്നെ തെരച്ചില്‍ തുടങ്ങിയെങ്കിലും രാത്രി വൈകിയും കണ്ടെത്താനായില്ല. ഇതിനെ തുടര്‍ന്നാണ് ഇന്നലെയും തെരച്ചില്‍ നടത്തിയത്.
കോഴിക്കോട് ബീച്ചിലുള്ള ലയണ്‍സ് പാര്‍ക്കിനും തൊട്ടടുത്തുള്ള പുളിമൂട്ടിനും സമീപത്തുള്ള കടലിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മക്കളുമായി വീട്ടില്‍ നിന്നു പോയ ജീനത്തിന്റെയും മകന് സല്മാന് ഫാഹിഖിന്റെയും മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെത്തുകയായിരുന്നു.
ആണ്‍കുട്ടിയെ സ്കൂളില്‍ വിടുന്നതുമായി ബന്ധപ്പെട്ടു വീട്ടുകാരുമായുണ്ടായ വഴക്കിനെ തുടര്‍ന്നാണ് ജീനത്ത് കുട്ടികളുമായി വീടു വിട്ടിറങ്ങിയതെന്ന് പൊലിസ് പറഞ്ഞു. സുഹൃത്തിന്റെ വീട്ടിലേക്കു പോവുകയാണെന്നു പറഞ്ഞാണു വീട്ടില്‍ നിന്നിറങ്ങിയതെന്നു ബന്ധുക്കള്‍ പൊലിസിനു നല്കിയ മൊഴിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."