ബാങ്ക് ലോക്കറില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ച കേസ്; രണ്ടുപേര്‍ പിടിയില്‍
ചാലക്കുടി: ടൗണിലെ യൂനിയന്‍ ബാങ്കിന്റെ ലോക്കറില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ രണ്ടുപേരെ ചാലക്കുടി ഡിവൈ.എസ് പി.കെ ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം പിടികൂടി. തൃശൂര്‍ ആറാട്ടുപുഴ നെരുവശ്ശേരി സ്വദേശി ഇട്ട്യാടത്ത് വീട്ടില്‍ ശ്യാം(25), അഷ്ടമിച്ചിറ മാരേക്കാട് സ്വദേശി ഞാറ്റുവീട്ടില്‍ ജിതിന്‍ എന്ന ജിത്തു (27) എന്നിവരെയാണ് ചാലക്കുടി സി.ഐ ജെ. മാത്യു ,ചാലക്കുടി എസ്.ഐ സുധീഷ് കുമാര്‍ എന്നിവര്‍ അറസ്റ്റ് ചെയ്തത്.
പിടിയിലായ ശ്യാം അഞ്ചു വര്‍ഷത്തോളമായി ചാലക്കുടി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന യൂനിയന്‍ ബാങ്കിലെ പ്യൂണ്‍ തസ്തികയിലും ജിതിന്‍ യൂനിയന്‍ ബാങ്കിലെ എ.ടി .എമ്മിന്റെ സെക്യൂരിറ്റിയുമായി ജോലി ചെയ്തു വരികയായിരുന്നു. പ്രളയ സമയത്ത് ചാലക്കുടി ടൗണ്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് ബാങ്കുകളിലടക്കം പ്രവര്‍ത്തനം നിലച്ചിരുന്നു. പ്രളയക്കെടുതിക്ക് ശേഷം തുറന്ന ബാങ്കില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് ശ്യാം ബാങ്കില്‍ ഇടപാടുകാര്‍ പണയം വച്ച സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കാന്‍ പദ്ധതി തയാറാക്കിയത്. ബാങ്കില്‍ ഭൂരിഭാഗവും വനിതാ ജീവനക്കാരായതിനാല്‍ ബാങ്ക് വീണ്ടും പ്രവര്‍ത്തനസജ്ജമാക്കുന്നതില്‍ ശ്യാം മുഖ്യ പങ്കുവഹിച്ചിരുന്നു. ബാങ്കിലെ ഫര്‍ണിച്ചറുകള്‍ മാറ്റുന്ന സമയത്തും നനഞ്ഞ പേപ്പറുകളും ഫയലുകളും ഉണക്കിയെടുത്ത് സൂക്ഷിക്കുന്ന സമയങ്ങളിലും ശ്യാം ബാങ്കിലെ മറ്റു ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ ബാങ്കില്‍ പഴയ ഫയലുകളുടെ ഇടയില്‍ ദിവസങ്ങളോളം സൂക്ഷിച്ചു വച്ച ഇയാള്‍ അതില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ എടുത്ത് കൊണ്ട് പോയി പലയിടങ്ങളില്‍ പണയം വക്കുകയായിരുന്നു.
എ.ടി.എമ്മിലെ സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്ന ജിതിനോട് താന്‍ സാമ്പത്തികമായി നല്ല ചുറ്റുപാടുള്ള വീട്ടിലെ അംഗമാണെന്നും വീട്ടിലെ കുറച്ച് സ്വര്‍ണം പണയം വച്ചു തരണമെന്നും പറഞ്ഞ് അങ്കമാലി, അഷ്ടമിച്ചിറ, ചാലക്കുടി എന്നീ ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് ശ്യാം സ്വര്‍ണം പണയം വയ്പ്പിച്ചു.
കഴിഞ്ഞയാഴ്ച ചേര്‍പ്പില്‍ വച്ച് വാഹന പരിശോധനക്കിടെ ശ്യാം 150 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ സഹിതം പിടിയിലായിരുന്നു.
തൃശൂര്‍ റൂറല്‍ ജില്ലാ പൊലിസ് മേധാവി കെ. പി വിജയകുമാരന്‍ ഐ.പി.എസിന്റെ നിര്‍ദേശാനുസരണം ശ്യാമിനെ ചാലക്കുടി പൊലിസ് കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഞെട്ടിക്കുന്ന മോഷണ കഥ പുറത്തു വരുന്നത്. ചാലക്കുടി,അങ്കമാലി,ചേര്‍പ്പ് ,അഷ്ടമിച്ചിറ തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ബാങ്കുകള്‍ ധനകാര്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ശ്യാമും ജിതിനും പണയം വച്ച മൂന്നു കിലോയോളം സ്വര്‍ണവും ചാലക്കുടി പൊലിസ് കണ്ടെടുത്തു. ശ്യാം വാങ്ങിക്കൂട്ടിയ രണ്ടു ഹോണ്ട സിവിക് കാറുകളും ഒരു ഇന്നോവ കാറും ഒരു ഫോക്‌സ് വാഗന്‍ പോളോ കാറും പൊലിസിന്റെ അന്വേഷണത്തില്‍ കണ്ടെടുക്കാനായി.
ശ്യാമിന്റെ വാഹന ഇടപാടുകളെപ്പറ്റിയും ഇയാളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുള്ളവരെയും കുറിച്ച് വിശദമായഅന്വേഷണം ആരംഭിച്ചതായി ഡിവൈ.എസ്.പി കെ. ലാല്‍ജി അറിയിച്ചു. പ്രത്യേകാന്വേഷണ സംഘത്തില്‍ ചാലക്കുടി ഡിവൈ.എസ്.പി കെ .ലാല്‍ജിയെ കൂടാതെ സി.ഐ മാത്യു ജെ, സബ് ഇന്‍സ്‌പെക്ടര്‍ സുധീഷ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം മൂസ, വി.യു സില്‍ജോ, റെജി എ.യു, ഷിജോ തോമസ് ചാലക്കുടി സ്റ്റേഷനിലെ എ.എസ്.ഐ സി.വി ഡേവിസ്, സീനിയര്‍ സി.പി.ഒ സുമേഷ്, സി.പി.ഒ രാജേഷ് ചന്ദ്രന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."