മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ്: എം.എല്‍.എമാര്‍ വാഗ്ദാനം നിറവേറ്റണമെന്ന് ആക്ഷന്‍ കമ്മിറ്റി
കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനം സംബന്ധിച്ച് എം.എല്‍.എമാര്‍ വാഗ്ദാനം നിറവേറ്റണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രധാന മുന്നണികളുടെയും സ്ഥാനാര്‍ഥികളുടെയും പ്രകടന പത്രികകളില്‍ മാനാഞ്ചിറ-വെള്ളിമാട്കുന്ന് നാലുവരിപ്പാതാ വികസനം പ്രധാന തെരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു.
അധികാരത്തിലേറിയ എല്‍.ഡി.എഫിന്റെ ജില്ലാ കമ്മിറ്റിയും കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തില്‍ നിന്നു വീണ്ടും ജയിച്ച എ. പ്രദീപ്കുമാറും സൗത്തിലെ എം.എല്‍.എ ഡോ. എം.കെ മുനീറും ഇക്കാര്യത്തിന് ആവശ്യമായ മുഴുവന്‍ ഫണ്ടണ്ടും ലഭ്യമാക്കുമെന്ന് ആക്ഷന്‍ കമ്മിറ്റിക്കും വോട്ടര്‍മാര്‍ക്കും ഉറപ്പുനല്‍കിയതാണ്.
എന്നാല്‍, ജില്ലയിലെ പല റോഡുകള്‍ക്കും പദ്ധതികള്‍ക്കും ബജറ്റില്‍ തുക വകയിരുത്തിയപ്പോള്‍ വളരെ പ്രധാനപ്പെട്ട ഈ റോഡിന്റെ അക്വിസിഷന്‍ പൂര്‍ത്തീകരിക്കുന്നതിന് ഫണ്ട് അനുവദിക്കാത്തതു തികഞ്ഞ വാഗ്ദാനലംഘനമാണെന്ന് കമ്മിറ്റി ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ഇതു സംബന്ധിച്ചു മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കു നിവേദനം നല്‍കാന്‍ യോഗം തീരുമാനിച്ചു.
ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിറ്റിയിലെ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍, സാമൂഹ്യ-സാംസ്‌കാരിക സംഘടനാ ഭാരവാഹികള്‍ എന്നിവരുടെ യോഗം ഓഗസ്റ്റ് ആദ്യവാരം വിളിച്ചുചേര്‍ക്കും. യോഗത്തില്‍ പ്രസിഡന്റ് ഡോ. എം.ജി.എസ് നാരായണന്‍ അധ്യക്ഷനായി. വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. മാത്യു കുട്ടിക്കാന, ജനറല്‍ സെക്രട്ടറി എം.പി വാസുദേവന്‍, കെ.വി സുനില്‍കുമാര്‍, തായാട്ട് ബാലന്‍, എ.പി വിജയകുമാര്‍, കെ. സത്യനാഥ്, ആര്‍.ജി രമേഷ്, പ്രദീപ് മാമ്പറ്റ, പി.എം കോയ, എ.കെ ശ്രീജന്‍, പി.എം.എ നാസര്‍, എം.ടി തോമസ്, കെ.പി സലീം ബാബു, പി. സദാനന്ദന്‍, എന്‍. ഭാഗ്യനാഥന്‍, എം.കെ ഹരീഷ്, കെ.വി സുജീന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."