ബത്തേരിയിലെ ഇടത് പിന്തുണ യു.ഡി.എഫിന്റെ ബ്ലാക്ക്‌മെയിലില്‍ വീഴില്ല: ടി.എല്‍ സാബു
സുല്‍ത്താന്‍ ബത്തേരി: യു.ഡി.എഫിന്റെ വിലപേശലിന് വഴങ്ങി കേരള കോണ്‍ഗ്രസ് എം സംസ്ഥാന, ജില്ലാ നേതൃത്വത്തിന്റെ ആവശ്യപ്രകാരം ബത്തേരി നഗരസഭ ചെയാര്‍മാന്‍ സ്ഥാനം രാജി വെയ്ക്കില്ലെന്ന് നഗരസഭ ചെയര്‍മാന്‍ ടി.എല്‍ സാബു വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. കൂറുമാറ്റ നിരോധന പ്രകാരം പാര്‍ട്ടി നടപടിയെടുക്കുമെങ്കില്‍ നിയമപരമായി നേരിടുമെന്നും നഗരസഭയുടെ കാലാവധി പൂര്‍ത്തിയാകുന്നത് വരെ സി.പി.എമ്മിനെ പിന്തുണയ്ക്കുമെന്നും സാബു വ്യക്തമാക്കി.
2015ലെ പ്രദേശിക തിരഞ്ഞെടുപ്പില്‍ സി.പി.എം-കേരള കോണ്‍ഗ്രസ് ധാരണയനുസരിച്ച് അഞ്ച് വര്‍ഷം സി.പി.എമ്മിനെ പിന്തുണച്ച് കൊള്ളാമെന്ന് ധാരണ പത്രം കേരള കോണ്‍ഗ്രസ് എം നേതാക്കന്‍മാരും താനും ചേര്‍ന്ന് ഒപ്പിട്ടിട്ടുള്ളതാണ്. അത് ലംഘിക്കാന്‍ തയ്യാറല്ല. ഏപ്രില്‍ മാസം ആദ്യം ചേര്‍ന്ന പാര്‍ട്ടി ജില്ലാകമ്മിറ്റിയില്‍ പോലും താന്‍ രാജിവെക്കേണ്ട എന്നാണ് തീരുമാനിച്ചത്. എന്നാല്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മല്‍സരിക്കുന്ന സാഹചര്യത്തില്‍ ബത്തേരി മുനിസിപ്പാലിറ്റിയില്‍ നിന്ന് സി.പി.എമ്മിന്് പിന്തുണ പിന്‍വലിച്ചില്ലെങ്കില്‍ ലോക്‌സഭ
തിരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തോമസ് ചാഴിക്കാടന് വോട്ട് ചെയ്യില്ലെന്ന് കോണ്‍ഗ്രസ്-ലീഗ് ഭീഷണിയെ തുടര്‍ന്നാണ് ഇത്രയും നാള്‍ മിണ്ടാതിരുന്ന സംസ്ഥാന നേതൃത്വം തന്നാട് ഇപ്പോള്‍ രാജി ആവശ്യപ്പെടുന്നത്.
ഇത് യു.ഡി.എഫിന്റെ ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തിന് കീഴ്‌പ്പെടലാണ്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ താനുള്‍പ്പെടെയുള്ള മുഴുവന്‍ കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികളേയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാലുവാരി തോല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം നറുക്കെടുപ്പിലൂടെ താന്‍ മാത്രമാണ് കേരളാ കോണ്‍ഗ്രസ് എം പ്രതിനിധിയായി ജയിച്ചത്. കാലുവാരിയ യു.ഡി.എഫിനോട് പ്രതികാരം ചെയ്യാന്‍ വേണ്ടിയാണ് ബത്തേരി നഗരസഭയില്‍ സി.പി.എമ്മിന് പിന്തുണ നല്‍കാന്‍ കേരളാ കോണ്‍ഗ്രസ് (എം) തീരുമാനിച്ചത്.
സുല്‍ത്താന്‍ ബത്തേരി നഗരസഭ ഭരണസമിതി തുടങ്ങിവെച്ച വികസന പദ്ധതികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് പോവുന്നത് ജനങ്ങളോട് കാണിക്കുന്ന നീതികേടാവും. ലീഗ് -കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സമ്മര്‍ദ ഫലമായിട്ടുള്ള രാജി ആവശ്യത്തില്‍ നിന്ന് കേരളാ കോണ്‍ഗ്രസ് സംസ്ഥാന, ജില്ലാ നേതൃത്വം പിന്‍മാറണമെന്നും ടി.എല്‍ സാബു ആവശ്യപ്പെട്ടു.
നാടകം അവസാനിപ്പിക്കണം: യു.ഡി.എഫ്
സുല്‍ത്താന്‍ ബത്തേരി: ടി.എല്‍ സാബുവിന്റെ രാജിയുമായി ബന്ധപ്പെട്ടുള്ള കേരള കോണ്‍ഗ്രസ് നാടകം അവസാനിപ്പിക്കണമെന്ന് യു.ഡി.എഫ് മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പാര്‍ട്ടി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടും സാബു രാജി വെക്കാത്തതിന് പിന്നില്‍ ജില്ലാ നേതൃത്വത്തിന്റെ മൗനാനുവാദമുണ്ട്. അധികാരത്തിനും പണത്തിനുമായി ജോസ് കെ. മാണിയെ പോലും ധിക്കരിക്കുന്ന കെ.ജെ ദേവസ്യയെ പുറത്താക്കി ജില്ല കമ്മിറ്റി പിരിച്ചുവിടാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാവണം. യു.പി.എയുടെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി മത്സരിക്കുമ്പോള്‍ വയനാട്ടില്‍ കാണിക്കുന്ന നെറികേടിന് പ്രവര്‍ത്തകര്‍ മാപ്പ് തരില്ല. യോഗത്തില്‍ ഷബീര്‍ അഹമ്മദ് അധ്യക്ഷനായി. ബാബു പഴുപ്പത്തൂര്‍, കോണിക്കല്‍ ഖാദര്‍, സക്കരിയ മണ്ണില്‍, റ്റിജി ചെറുതോട്ടില്‍, കുന്നത്ത് അഷ്‌റഫ്, ഇബ്രാഹിം തൈത്തൊടി, കെ.ഒ ജോയി, സണ്ണി നെടുങ്കല്ലേല്‍, അസീസ് വേങ്ങൂര്‍, റ്റി.റ്റി ലൂക്കോസ്, ഷിനോജ് പാപ്പച്ചന്‍ സംസാരിച്ചു.
നിയമ നടപടി സ്വീകരിക്കും: കെ.ജെ ദേവസ്യ
സുല്‍ത്താന്‍ ബത്തേരി: നഗരസഭ ചെയര്‍മാന്‍ സ്ഥാനം പാര്‍ട്ടി ആവശ്യപെട്ടിട്ടും രാജിവെക്കാത്ത ടി.എല്‍ സാബുവിന്റെ നിലപാടിനെതിരേ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കാനുള്ള നിയമനടപടി സ്വീകരിക്കുമെന്ന് കോരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് കെ.ജെ ദേവസ്യ.
കേരള കോണ്‍ഗ്രസും സി.പി.എമ്മുമായ ഒരു വര്‍ഷത്തെ ചെയര്‍മാന്‍ സ്ഥാനവുമായി ബന്ധപെട്ട കാരാറാണുള്ളത്. അത് ഈ മാസം 24ന് അവസാനിക്കും.
സംസ്ഥാന നേതൃത്വം എടുക്കുന്ന തീരുമാനത്തിനൊപ്പം നില്‍ക്കുക എന്നതാണ് പാര്‍ട്ടി പ്രസിഡന്റ് എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."