'ബൊളീവിയന്‍ കോള്‍' പണമൂറ്റുമെന്നു പൊലിസ്; കോള്‍ വന്നെന്ന് 63 പേര്‍
ചങ്ങരംകുളം: ഫോണ്‍കോള്‍ തട്ടിപ്പിന്റെ പുതിയ രൂപമായ 'ബൊളീവിയന്‍ കോള്‍' ചതിക്കിരയാകുന്നവരുടെ എണ്ണം പെരുകുന്നു. +59160940 എന്നു തുടങ്ങുന്ന ബൊളീവിയന്‍ ഫോണ്‍ നമ്പരുകളില്‍നിന്നു ലഭിക്കുന്ന മിസ്ഡ് കോളുകള്‍ കണ്ടു തിരികെ വിളിക്കരുതെന്നും വിളിച്ചാല്‍ പണം നഷ്ടപ്പെടുമെന്നും പൊലിസ്. തൃശൂര്‍ ജില്ലാ പൊലിസ് കമ്മിഷനര്‍ ജി.എച്ച് യതീഷ്ചന്ദ്ര ഫേസ്ബുക്കിലിട്ട പോസ്റ്റിനു താഴെ ജില്ലയിലെ 63 പേരാണ് സ്വന്തം അനുഭവം വിവരിച്ചത്. തങ്ങള്‍ക്കും കോള്‍ വന്നിരുന്നെന്നും തിരികെ വിളിച്ചപ്പോള്‍ മോശം വാക്കുകള്‍ കേട്ടെന്നുമായിരുന്നു പലരുടെയും പരാതി.
+59160940305, +59160940365, +59160940101, +59160940410 തുടങ്ങിയ നമ്പരുകളില്‍ നിന്നാണു കേരളത്തിലേക്കു ഫോണ്‍ കോളുകള്‍ പ്രവഹിക്കുന്നത്. മിസ്ഡ് കോള്‍ കണ്ട് തിരികെ വിളിച്ചാല്‍ മറ്റേതോ രാജ്യാന്തര നമ്പറിലേക്കു കോള്‍ റീ-റൂട്ട് ചെയ്യപ്പെടുകയും റെക്കോര്‍ഡ് ചെയ്തുവച്ച അസഭ്യവാക്കുകള്‍ കേള്‍പ്പിക്കുകയും ചെയ്യുന്നുവെന്നാണ് അനുഭവസ്ഥര്‍ വിവരിക്കുന്നത്. പലര്‍ക്കും നഷ്ടപ്പെട്ടതു ചെറിയ തുകകളായതിനാല്‍ രേഖാമൂലം പരാതി കൊടുക്കുന്നവരുടെ എണ്ണം കുറവാണെന്നു മാത്രം. ഫോണ്‍കോള്‍ റീ-റൂട്ട് ചെയ്യപ്പെടുന്നതു വിദേശ രാജ്യങ്ങളിലെ പ്രീമിയം റേറ്റ് നമ്പറുകളിലേക്കാണെന്നതു കൊണ്ടാകും പണം നഷ്ടപ്പെടുന്നതെന്നാണു പൊലിസില്‍നിന്നു ലഭിക്കുന്ന അനൗദ്യോഗിക വിവരം.
ബൊളീവിയന്‍ മാഫിയയ്ക്കു ഫോണ്‍ നമ്പരുകള്‍ ലഭിക്കുന്നത് എവിടെ നിന്നാണെന്ന കാര്യത്തിലും കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. കണ്ണില്‍പ്പെടുന്ന എല്ലാ ഓണ്‍ലൈന്‍ സ്റ്റോറുകളിലും സൈറ്റുകളിലും ഫോണ്‍ നമ്പര്‍ പങ്കുവയ്ക്കുന്നവരാണോ തട്ടിപ്പിനിരയാകുന്നതെന്നു സംശയമുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിലെ അന്‍പതോളം പേര്‍ക്ക് കോളുകള്‍ വന്നിട്ടുണ്ട്. ബൊളിവിയന്‍ കൂടാതെ തുര്‍ക്കുമെക്കിസ്ഥാനില്‍ നിന്നും വരെ കോളുകള്‍ വരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."