മുഖ്യമന്ത്രി ഉറപ്പ് നല്‍കി; 41 ദിവസം നീണ്ട തമിഴ് കര്‍ഷക സമരം അവസാനിച്ചു
ന്യൂഡല്‍ഹി: വരള്‍ച്ചാ ദുരിതാശ്വാസ പാക്കേജ് നടപ്പാക്കി തങ്ങളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് കര്‍ഷകര്‍ ഡല്‍ഹി ജന്ദര്‍മന്ദിറില്‍ നടത്തി വന്ന സമരം മെയ് 25 വരെ നിര്‍ത്തിവച്ചു.
ഇന്നലെ കര്‍ഷകരെ സന്ദര്‍ശിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ ഉറപ്പിനെത്തുടര്‍ന്നാണ് സമരം താല്‍ക്കാലികമായി അവസാനിപ്പിക്കുന്നതെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു.
കഴിഞ്ഞ 41 ദിവസമായി കര്‍ഷകര്‍ ഡല്‍ഹിയില്‍ സമരം നടത്തി വരികയായിരുന്നു. കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഹരിക്കാനുള്ള വ്യക്തമായ ഉറപ്പ് നല്‍കുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ ഡല്‍ഹിയില്‍ നടന്ന നീതി ആയോഗ് യോഗത്തില്‍ സംബന്ധിക്കാനെത്തിയ മുഖ്യമന്ത്രി കര്‍ഷകരുടെ സമരപ്പന്തലിലെത്തിയാണ് സമരം അവസാനിപ്പിക്കാനും ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കാനുള്ള നടപടിയുണ്ടാക്കുമെന്ന് ഉറപ്പ് നല്‍കിയത്.
തങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ തയാറായിട്ടില്ലെങ്കില്‍ മെയ് 25 മുതല്‍ വീണ്ടും സമരം തുടങ്ങുമെന്ന് കര്‍ഷക നേതാവായ അയ്യക്കണ്ണ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമരം അവസാനിപ്പിച്ച സാഹചര്യത്തില്‍ കര്‍ഷകര്‍ തമിഴ്‌നാട്ടിലേക്ക് മടങ്ങി.
വ്യത്യസ്ത കാര്യങ്ങള്‍ക്കായാണ് തങ്ങള്‍ പ്രതിഷേധിച്ചത്. ഉല്‍പന്നങ്ങളുടെ വില്‍പനയിലുള്ള ലാഭ വിഹിതം കര്‍ഷകര്‍ക്ക് പങ്കുവയ്ക്കുക, നദീ സംയോജനം നടപ്പാക്കുക, കൃഷി നാശം സംഭവിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുക, വരള്‍ച്ചാ ദുരിതാശ്വാസമായി 40,000 കോടി രൂപ അനുവദിക്കുക, കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ ഉന്നയിച്ചിരുന്നു.
മരിച്ച കര്‍ഷകരുടെ തലയോട്ടിയുമായാണ് കര്‍ഷകര്‍ പ്രതിഷേധത്തിന് എത്തിയിരുന്നത്. പിന്നീട് പ്രതീകാത്മകമായ മരണാന്തര ചടങ്ങ്, ചത്ത എലി, പാമ്പ് എന്നിവയെ കടിച്ചുപിടിക്കല്‍, തലമൊട്ടയടിക്കല്‍, മൂത്രം കുടിക്കല്‍ തുടങ്ങിയവയായിരുന്നു സമരത്തിനോടനുബന്ധിച്ച് നടത്തിയ പ്രതിഷേധമാര്‍ഗങ്ങള്‍.
തമിഴ്‌നാട് കര്‍ഷകര്‍ അവരുടെ ജീവിതം പ്രധാനമായും കരുപ്പിടിപ്പിച്ചിരുന്നത് ശൈത്യകാല കാര്‍ഷിക വിളകളിലൂടെയാണ്. എന്നാല്‍ ഈ വര്‍ഷം ജനുവരി ആദ്യത്തോടെ കൊടും വരള്‍ച്ചയെ തുടര്‍ന്ന് നെല്‍പ്പാടങ്ങള്‍ കരിഞ്ഞുണങ്ങി. ശരാശരി 438.2 മി.മീറ്റര്‍ മഴയാണ് ലഭിക്കാറുള്ളതെങ്കിലും ഇത്തവണ മണ്‍സൂണില്‍ 168.4 മില്ലി മീറ്റര്‍ മാത്രമാണ് മഴ ലഭിച്ചത്.
വര്‍ധ ചുഴലിക്കാറ്റും കര്‍ഷകര്‍ക്ക് രക്ഷയായില്ല. ഇതേതടുര്‍ന്ന് സര്‍ക്കാര്‍ തമിഴ്‌നാടിനെ വരള്‍ച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചു. പ്രതികൂല കാലാവസ്ഥ കാരണം കാര്‍ഷിക രംഗത്ത് വന്‍തിരിച്ചടിയാണ് തമിഴ്‌നാട്ടിലുണ്ടായത്. 140 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു.
ജനുവരി മാസത്തില്‍ മാത്രം 105 കര്‍ഷകരാണ് ആത്മഹത്യ ചെയ്തിരുന്നത്. ഇതേതുടര്‍ന്നാണ് കര്‍ഷകര്‍ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."