ബാലറ്റ് പെട്ടികള്‍ക്കുമുണ്ട് നിറമുള്ള ചരിത്രം
കെ. സ്മിത
പാപ്പിനിശ്ശേരി: എല്ലാ കാലഘട്ടത്തിലും നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ ജനങ്ങളില്‍ ആവേശവും മത്സരം നിറഞ്ഞതുമായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നുകഴിഞ്ഞാല്‍ വോട്ടെണ്ണുന്നതു വരെയുള്ള കാലഘട്ടത്തില്‍ ഉറഞ്ഞുതുള്ളുന്നത് രാഷ്ട്രീയ പ്രവര്‍ത്തകരും നേതാക്കളും മാത്രമല്ല, നിശബ്ദമായ പ്രവര്‍ത്തനം നടത്തുന്നവരുടെ മനസിലും അണിയറ പ്രവര്‍ത്തകരുടെ മനസിലും ഈ ആവേശവും ശുഭാപ്തി വിശ്വാസവും സൂചിമുനയില്‍ നിര്‍ത്തുന്ന പ്രക്രിയയാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനവും സ്ഥാനാഥികളുടെ വോട്ടുപിടുത്തവും ഒരാഘോഷമോ ഉത്സവ ലഹരിയായോ ആയാണ് പണ്ടുകാലം മുതലേ കണ്ടിരുന്നത്. പ്രചാരണ രീതികളും വേറിട്ടതാണ്. വലിയ കോളാമ്പി സ്പീക്കര്‍ ഒരാളുടെ തലയിലും ആംപ്ലിഫയറും ബാറ്ററിയുമായി വേറൊരാള്‍ സൈക്കിളിലും സ്പീക്കറുമായി പോകുന്നയാളുടെ പിന്നിലായി നടക്കും.
മൈക്ക് പ്രചാരകനാണെങ്കില്‍ ഗമയോടെ മൈക്കിലൂടെ സരസമായി സംസാരിക്കുകയും ജനങ്ങള്‍ക്ക് ആവേശം നല്‍കുന്ന സരസമായ മൈക്ക് പ്രചാരണവും ഉണ്ടാകും. കവലകളിലെത്തിയാല്‍ സ്ഥാനാര്‍ഥിയും പാര്‍ട്ടി നേതാക്കളുടെയും ഗംഭീര പ്രസംഗം ജനങ്ങള്‍ക്ക് ആവേശം പകരും. ചുവരെഴുത്തും പ്രചാരണ ബോര്‍ഡെഴുതി തയാറാക്കുന്നതിനും തനിമയാര്‍ന്ന രീതികളാണു നടന്നത്. നെയ്ത്ത് കമ്പനിയില്‍ തുണി പൊതിഞ്ഞുവരുന്ന നീളമുള്ള ചാക്കില്‍ നൂറും മൈച്ചിത്തവും പഞ്ചസാരയും ചേര്‍ത്ത മിശ്രിതം തേച്ചുപിടിപ്പിക്കും. ഉണങ്ങിക്കഴിഞ്ഞാല്‍ അതില്‍ വിദഗ്ധര്‍ വൃത്തിയായി എഴുതും. അതാണു കവലകളില്‍ സ്ഥാപിക്കുന്ന പ്രചാരണ ബോര്‍ഡ്. തെരഞ്ഞെടുപ്പ് പ്രചാരണം നന്നേ രാവിലെയും രാത്രി വൈകുവോളവും നടക്കും. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയില്‍ വോട്ടവകാശം 21 വയസായിരുന്നു. രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് അത് 18 വയസായി കുറവുവരുത്തി. അത് ഇന്നും തുടരുന്നു. എന്നാല്‍ ഇന്നു കാണുന്ന ഈ തെരഞ്ഞെടുപ്പ് പ്രക്രിയയും നടപടിക്രമവും പെട്ടെന്ന് ഉണ്ടായതല്ലെന്നതാണു ചരിത്രം.
മാറണം: പഴഞ്ചന്‍ രീതികള്‍
തെരഞ്ഞെടുപ്പുകള്‍ പാര്‍ട്ടി തലത്തിലാവണം. സ്ഥാനാര്‍ഥികളെ മുന്‍കൂട്ടി നിശ്ചയിക്കുന്ന രീതി മാറണം. പാര്‍ട്ടിയുടെ ചിഹ്നത്തില്‍ മത്സരം നടന്ന മണ്ഡലങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ അനുയോജ്യരായവരെ തെരഞ്ഞെടുത്ത് തെരഞ്ഞെടുപ്പ് കമ്മിഷനു പേരുനല്‍കണം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവരുടെ ജനപ്രതിനിധികള്‍ക്കെതിരെ അഭിപ്രായ ഭിന്നത വന്നാല്‍ അവരെ പിന്‍വലിക്കാനുള്ള അധികാരവും വേണം.
ഇത്തരം ഒരു സമ്പ്രദായം ഉടലെടുത്താല്‍ അഴിമതിയും കൂറുമാറ്റവും തുടച്ചുനീക്കാന്‍ സാധിക്കുമെന്നു മാത്രമല്ല, സ്ഥാനാര്‍ഥികളുടെ വ്യക്തിപ്രഭാവത്തിനു സ്ഥാനം നല്‍കുന്ന സമ്പ്രദായത്തിനു മാറ്റം വരുത്താന്‍ സാധിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും കള്ളപ്പണത്തിന്റെയും ഒഴുക്ക് നിയന്ത്രിക്കാന്‍ കഴിയുമെന്നതാണ് ഏറെ പ്രത്യേകത. ഇത്തരം ഒരു നടപടിയിലേക്ക് രാജ്യം ചിന്തിക്കേണ്ടുന്ന കാലം അടുത്തുകഴിഞ്ഞു. അതിനായി നമുക്ക് കാത്തിരിക്കാം.
തെരഞ്ഞെടുപ്പ് ചരിത്രം കഥപറയുന്നു
സ്വാതന്ത്ര ഇന്ത്യയില്‍ ജനാധിപത്യ വ്യവസ്ഥയില്‍ തെരഞ്ഞെടുപ്പ് നടന്നത് 1952ല്‍ ആണ്. പാര്‍ലിമെന്റിലേക്കും നിയമസഭയിലേക്കും ഒരുമിച്ചായിരുന്നു തെരഞ്ഞെടുപ്പ്. അന്ന് സ്ഥാനാര്‍ഥികള്‍ക്കല്ല വോട്ടുരേഖപ്പെടുത്തിയതെന്നാണ് ഏറെ രസകരം. പാര്‍ട്ടി അടിസ്ഥാനത്തിലുള്ള മത്സരമായിരുന്നു നടന്നത്. ഓരോ പാര്‍ട്ടിക്കും വ്യത്യസ്ത നിറത്തിലുള്ള ബാലറ്റ് പെട്ടിയുമാണ് ഉണ്ടായത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനു മഞ്ഞ പെട്ടി. കമ്യൂണിസ്റ്റുകാര്‍ക്ക് ചുവന്ന പെട്ടി. ലീഗിന് പച്ചപ്പെട്ടി. പ്രിസൈഡിങ്ങ് ഓഫിസര്‍ നല്‍കുന്ന മാര്‍ക്കോ ചിഹ്നമോ പേരോ ഇല്ലാത്ത ബാലറ്റ് പേപ്പര്‍ കൈപ്പറ്റി പ്രത്യേകം മറവില്‍ രഹസ്യ കമ്പാര്‍ട്ട്‌മെന്റില്‍ സൂക്ഷിച്ച വര്‍ണപെട്ടിയില്‍ ബാലറ്റ് പേപ്പര്‍ നിക്ഷേപിക്കും. ഓരോ നിറത്തിലുള്ള പെട്ടിയില്‍ വീഴുന്ന വോട്ടുകള്‍ എണ്ണിയാണ് ഓരോ സ്ഥാനാര്‍ഥിക്കും കിട്ടിയ വോട്ട് നിജപ്പെടുത്തുന്നത്. പിന്നീടു വന്ന തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറില്‍ അതാത് പാര്‍ട്ടികളുടെ ചിഹ്നവും വന്നു ചേര്‍ന്നു.
വോട്ടര്‍മാര്‍ പ്രസൈഡിങ്ങ് ഓഫിസര്‍ നല്‍കുന്ന ബാലറ്റ് പേപ്പറില്‍ പെന്‍സില്‍ കൊണ്ട് ചിഹ്നത്തിനുനേരേ വരയ്ക്കാനുള്ള നിദേശമാണു ലഭിച്ചത്. വര്‍ണ പെട്ടിക്കു പകരം അതാത് പാര്‍ട്ടിയുടെ ചിഹ്നം പെട്ടിയുടെ പുറത്ത് പ്രദര്‍ശിപ്പിക്കുന്ന രീതിയും വന്നു. തുടര്‍ന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണു സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. ഇന്ദിരാഗാന്ധി മത്സര രംഗത്തെത്തിയതോടെയാണു കോണ്‍ഗ്രസിനു പശുവും കിടാവും ചിഹ്നമായി ലഭിച്ചത്. പിന്നീട് ഇന്നത്തെ ചിഹ്നമായ കൈപ്പത്തിയില്‍ എത്തി നിന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി 1964ല്‍ പിളര്‍ന്നതോടെ അരിവാളും നെല്‍ക്കതിരും എന്ന ഔദ്യോഗിക ചിഹ്നം സി.പി.ഐക്കു തന്നെ കിട്ടി. സി.പി.എം പാര്‍ട്ടിക്ക് അന്നുമുതല്‍ അരിവാള്‍ ചുറ്റിക നക്ഷത്രമാണു ചിഹ്നമാണു ലഭിച്ചത്. ലീഗിനു തോണിയാണു ചിഹ്നം. പിന്നീട് അതു മാറി കോണിയായി. കാലക്രമേണ പാര്‍ട്ടികളും സ്വതന്ത്രന്മാരുടെയും പട്ടിക ക്രമാതീതമായി വര്‍ധിച്ചു. അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത പാര്‍ട്ടികളും അവര്‍ക്കുള്ള ചിഹ്നങ്ങളും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചു തുടങ്ങി.
ഇന്നത്തെ തെരഞ്ഞെടുപ്പും പ്രചാരണവും പ്രസംഗവും ഒക്കെ നവ മാധ്യമങ്ങള്‍ ഏറ്റെടുത്തു. അതു സ്ഥാനാര്‍ഥികള്‍ക്കു ചിലവു കുറഞ്ഞും നിമിഷങ്ങള്‍ക്കകം മുഴുവന്‍ വോട്ടര്‍മാരെയും അറിയിക്കുന്ന എളുപ്പമായ രീതിയും വന്നു. ഫേസ്ബുക്ക്, ട്വിറ്റര്‍ കൂടാതെ നിരവധിയായ ചാനലുകളിലൂടെയുള്ള തത്സമയ വിവരണം. പത്രമാധ്യമങ്ങള്‍ മുഖേനയുള്ള വിവരങ്ങള്‍ എന്നു തുടങ്ങി പ്രചാരണത്തിന് കൊഴുപ്പ് ഏറിവരുന്നു. തെരുവോരങ്ങളിലും പ്രധാന കവലകളിലും സ്ഥാനാര്‍ഥികളുടെ സിനിമാ നടീനടന്‍മാരെ വെല്ലുന്ന ചിത്രപ്രദര്‍ശനവും. അതതു പാര്‍ട്ടിയുടെ മേല്‍ക്കോയ്മയ്ക്കു പുറമെ വ്യക്തികളെ കേന്ദ്രീകരിച്ച് നടക്കുന്ന തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമായി മാറി. ഇതിന്റെ ചെലവുകളാണെങ്കില്‍ കണക്കില്‍ പറയുന്നതിലും എത്രയോ ഇരട്ടി വരും.
വീടുകള്‍ കേന്ദ്രീകരിച്ച് വിതരണം നടത്തിവരുന്ന ലഘുരേഖകള്‍ ചെലവേറിയതും അതിശയിപ്പിക്കുന്നതാണ്. ഇതു രാഷ്ട്രീയ പാര്‍ട്ടികളുടെ മേല്‍ക്കോയ്മ തകര്‍ക്കുകയും വ്യക്തികളുടെ പ്രാധാന്യത്തിനു വഴിയൊരുക്കുകയും ചെയ്തു. അതോടെ കൂറുമാറ്റവും പാര്‍ട്ടി മാറ്റവും വ്യാപകമായി. ഇതില്‍ നിന്നു മാറ്റം വന്നാല്‍ മാത്രമേ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാധാന്യവും പങ്കും തിരിച്ചുവരൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."