വാടക വീട്ടില്‍നിന്ന് വാറ്റ് ചാരായം പിടികൂടി: യുവാവ് അറസ്റ്റില്‍
കയ്പമംഗലം: മതിലകം പുതിയകാവില്‍ വാടക വീട്ടില്‍നിന്ന് വാറ്റുചാരായവും വൈനും എക്സൈസ് സംഘം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് പുതിയകാവ് സ്വദേശി പരിയങ്ങാട്ട് മുഹമ്മദ് അലി ബാദുഷ(21)യെ എക്സൈസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണിയാളെന്ന് അധികൃതര്‍ പറഞ്ഞു.
പുതിയകാവിലെ വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സെപ്ക്ടര്‍ സി.ആര് പത്മകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ടുലിറ്റര്‍ വാറ്റ് ചാരായവും 35 ലിറ്റര്‍ വൈനും കണ്ടെത്തിയത്.
ചാരായം ഇയാള്‍ വീട്ടില്‍ തന്നെ വാറ്റിയെടുത്തതാണെന്നും ഇതിനുപയോഗിച്ച സാമഗ്രികളും മറ്റും കണ്ടെടുത്തതായും എക്സൈസ് അറിയിച്ചു.
കൊടുങ്ങല്ലൂര്‍ ഭരണിക്കെത്തുന്നവരെ ലക്ഷ്യമിട്ടാണ് ചാരായവും വൈനും നിര്‍മിച്ചതെന്നാണ് സൂചന. രഹസ്യ വിവരത്തെ തുടര്‍ന്ന് ഇടപാടുകാരെന്ന വ്യാജേനെയാണ് എക്സൈസ് സംഘം വീട്ടില്‍ പരിശോധനക്കത്തിയത്. എന്നാല്‍ സംശയം തോന്നിയ പ്രതി വാതില്‍ തുറക്കാന്‍ തയാറായില്ലെന്നും തുടര്‍ന്ന് പ്രതിയുടെ അമ്മയെ വിളിച്ചുകൊണ്ടുവന്ന് വാതില്‍ തുറന്നു നോക്കിയപ്പോഴാണ് ചാരായവും വൈനും കണ്ടെത്തിയതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ പി.എം പ്രവീണ്‍, പ്രിവന്റീവ് ഓഫിസര്‍മാരായ സി.ബി ജോഷി, എം.ആര് സെല്സണ്, കെ.വി ജീന്സ്മോന്, വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പി.എസ് ബിജി, സി.എസ് ശാലിനി എന്നിവരുള്‍പ്പെടെയുള്ള സംഘമാണ് പരിശോധന നടത്തിയത്. പ്രതിയെ കൊടുങ്ങല്ലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."