മിസ്റ്റര്‍ മോദി, നിങ്ങള്‍ കരുതുന്നത് ലോകം മുഴുവന്‍ നിങ്ങളെപ്പോലെയെന്നാണ്; ട്രെസ്റ്റുകള്‍ക്കെതിരായ ഏത് അന്വേഷണത്തിനും തയ്യാറെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ഉള്‍പ്പടെയുള്ള നെഹ്‌റു കുടുംബത്തിലെ മൂന്ന് ട്രസ്റ്റുകള്‍ക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ട കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
'മിസ്റ്റര്‍ മോദി കരുതിയിരിക്കുന്നത് ലോകം മുഴുവന്‍ അദ്ദേഹത്തിന്റെ പോലെയാണെന്നാണ്. എല്ലാവരേയും വിലയിടാമെന്നും ഭയപ്പെടുത്താമെന്നുമാണ് അദ്ദേഹം കരുതുന്നത്. സത്യത്തിനായി പോരാടുന്നവര്‍ക്ക് വിലയിടാനാകില്ലെന്നും ഭയപ്പെടുത്താനാവില്ലെന്നും അദ്ദേഹത്തിന് ഒരിക്കലും മനസിലാകില്ല', രാഹുല്‍ ട്വീറ്റ് ചെയ്തു.
https://twitter.com/RahulGandhi/status/1280816400366309377
രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്, ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് എന്നിവയ്‌ക്കെതിരെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണത്തിന് ഇന്റര്‍ മിനിസ്റ്റീരിയല്‍ കമ്മറ്റിയെ നിയമിച്ചിരിക്കുന്നത്.
രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്, ഇന്ദിരാ ഗാന്ധി മെമോറിയല്‍ ട്രസ്റ്റ് എന്നീ ട്രസ്റ്റുകളുടെ വരുമാന നികുതി, വിദേശ സംഭാവന തുടങ്ങിയവയിലുള്ള ആരോപണങ്ങളില്‍ അന്വേഷണം നടത്താനാണ് സമിതി. സാമ്പത്തിക തട്ടിപ്പ് തടയുന്ന നിയമം (പി.എം.എല്‍.എ), ആദായ നികുതി നിയമം, വിദേശ സഹായ (നിയന്ത്രണ) നിയമം എന്നിവയില്‍ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് സ്‌പെഷ്യല്‍ ഡയരക്ടര്‍ തലവനായ സമിതിയായിരിക്കും അന്വേഷണം നടത്തുക.
1991 ലാണ് രാജീവ് ഫൗണ്ടേഷന്‍ സ്ഥാപിച്ചത്. രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് 2002 ലും. രണ്ടിന്റെയും മേലധികാരി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ്. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനയുടെ ധനസഹായം സ്വീകരിച്ചിരുന്നെന്ന് ബി.ജെ.പി ആരോപണമുന്നയിച്ചിരുന്നു. തുടര്‍ന്നാണ് നെഹ്‌റു കുടുംബത്തിന്റെ പ്രധാന ട്രസ്റ്റുകള്‍ക്കെതിരെ കേന്ദ്രം അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ചില തെളിവുകള്‍ ഉദ്ധരിച്ച് ചൈനീസ് എംബസി, രാജീവ് ഗാന്ധി ഫൗണ്ടേഷന് 90 ലക്ഷം രൂപ സംഭാവന നല്‍കിയതിന്റെ കാരണമെന്താണെന്ന് ചോദിച്ചിരുന്നു. ഇന്ത്യയിലെ ചൈനയുടെ എംബസിയും ചൈന സര്‍ക്കാരും രാജീവ് ഗാന്ധി ഫൗണ്ടേഷന് സംഭാവന നല്‍കിയെന്നാണ് ആരോപണം.
കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയും തമ്മിലുള്ള 2008 ല്‍ ഒപ്പുവച്ച ധാരണാപത്രത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സുപ്രീംകോടതിയില്‍ അപേക്ഷയും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."