തീരദേശത്തെ 56 സ്കൂളുകള്‍ സ്മാര്‍ട്ടാകുന്നു 65 കോടിയുടെ പദ്ധതിക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: കിഫ്ബി ധനസഹായത്തോടെ തീരദേശ മേഖലയിലെ 56 സര്‍ക്കാര്‍ സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കാനുള്ള പദ്ധതിക്ക് ഇന്ന് തുടക്കമാകും. 65 കോടി ചെലവില്‍ പശ്ചാത്തല സൗകര്യവികസന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. വൈകിട്ട് മൂന്നിന് ഓണ്‍ലൈനായിട്ടാണ് ചടങ്ങ്.
65 കോടി രൂപ ആദ്യഘട്ടത്തില്‍ അനുവദിച്ച പദ്ധതിയിലൂടെ തിരഞ്ഞെടുത്ത ഓരോ വിദ്യാലയത്തിലും വിദ്യാര്‍ഥി അനുപാതാടിസ്ഥാനത്തില്‍ ക്ലാസ് മുറികള്‍, ലൈബ്രറി സംവിധാനം, ലാബുകള്‍, സ്റ്റാഫ് മുറികള്‍, ശുചി മുറികള്‍ എന്നിവ ഒരുക്കും. പദ്ധതിയുടെ സ്പെഷല്‍ പര്‍പ്പസ് വെഹിക്കിളായ സംസ്ഥാന തീരദേശ വികസന കോര്പറേഷന് മുഖേനയാണ് നിര്‍മാണ നിര്‍വഹണം.
തിരുവനന്തപുരം ജില്ലയില്‍ മൂന്ന് സ്കൂളുകളുടെ വികസനത്തിന് 3,72,20,717 രൂപയാണ് അനുവദിച്ചത്. കൊല്ലത്ത് എട്ട് സ്കൂളുകള്‍ക്ക് 10,38,36,786 രൂപയും ആലപ്പുഴയില്‍ അഞ്ച് സ്കൂളുകള്‍ക്ക് 8,38,26,815 രൂപയും എറണാകുളത്ത് ഒരു സ്കൂളിന് 81,10,453 രൂപയും അനുവദിച്ചു.
തൃശൂര്‍ ജില്ലയില്‍ നാല് സ്കൂളുകള്‍ക്ക് 4,97,34,841 രൂപയും മലപ്പുറത്ത് ഏഴ് സ്കൂളുകള്‍ക്ക് 6,07, 26,046 രൂപയും കോഴിക്കോട് എട്ട് സ്കൂളുകള്‍ക്കായി 6,26, 92,369 രൂപയും അനുവദിച്ചു. കണ്ണൂരില്‍ 11 സ്കൂളുകള്‍ക്കായി 13,00, 44,689 രൂപയും കാസര്‍കോട് ഒന്‍പത് സ്കൂളുകള്‍ക്ക് 10,62,40,430 രൂപയും അനുവദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."