സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് അയച്ച കത്ത് മുഖ്യമന്ത്രിയുടെ ചെപ്പടിവിദ്യ: വിമര്‍ശിച്ച് കെ സുരേന്ദ്രന്‍
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍. സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്ത് കണ്ണില്‍ പൊടിയിടാനുള്ള ചെപ്പടി വിദ്യയാണ്.ജനങ്ങളെ കബളിപ്പിക്കുന്നതിനുള്ള തന്ത്രമാണിത്. മന്ത്രിസഭാ യോഗം ചേര്‍ന്ന് കേസ് സിബിഐക്ക് വിടാന്‍ ആവശ്യപ്പെടാമായിരുന്നു. സിബിഐ അന്വേഷണം ഔപചാരികമായി ആവശ്യപ്പെടാന്‍ മടിയെന്തിനാണെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.
ചില സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് ചോദിച്ചിട്ടും പൊലീസ് നല്‍കിയില്ല. എന്ത് സഹായമാണ് അന്വേഷണത്തിന് നല്‍കുന്നത്? കള്ളക്കടത്ത് കേസിലെ പ്രതികള്‍ക്കായി സ്വമേധയാ എന്ത് കൊണ്ടാണ് അന്വേഷണം നടത്താത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു.സര്‍ക്കാര്‍ വാഹനങ്ങള്‍ ആണ് സ്വപ്ന സുരേഷ് ഉപയോഗിച്ചത്. ഔദ്യോഗിക ചിഹ്നമുള്ള വിസിറ്റിംഗ് കാര്‍ഡുപയോഗിച്ചിട്ടും എന്തുകൊണ്ട് അന്വേഷിക്കുന്നില്ല? സ്വപ്നയെ അറിയാമോ എന്ന് മുഖ്യമന്ത്രി പറയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
കള്ളക്കടത്ത് കേസ് കേന്ദ്ര സര്‍ക്കാരാണ് അന്വേഷിക്കേണ്ടതെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറരുത്. വൈകുന്നേരം ആകാശവാണിയില്‍ വാര്‍ത്ത വായിക്കുന്നപോലെ വാര്‍ത്താസമ്മേളനം നടത്തി പോയിട്ട് കാര്യമില്ല. ക്ലിഫ് ഹൗസിലെയും മുഖ്യമന്ത്രിയുടെ ഓഫീസിലെയും സിസിടിവി ദൃശ്യങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."