പച്ചക്കറിയുടെ ചില്ലറ വ്യാപാരവും തമിഴ് ലോബികള്‍ കൈയടക്കുന്നു
കൊട്ടാരക്കര: കാലങ്ങളായി പച്ചക്കറിയുടെ മൊത്തവ്യാപാരം കൈയടിക്കിയിരുന്ന തമിഴ്‌നാട് ലോബികള്‍ ഇപ്പോള്‍ കേരളത്തിലെ ചില്ലറ വ്യാപാര മേഖലയുടെ കയ്യടക്കുന്നു. ഇതോടെ പച്ചക്കറി വ്യാപാരം നടത്തി ഉപജീവനം നടത്തിയിരുന്നു ഇടത്തരം ചെറുകിട വ്യാപാരികള്‍ നിലനില്‍പ്പ് ഭീഷണിയിലാണ്.
കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ പച്ചക്കറി പ്രധാനമായി എത്തിച്ചുവരുന്നത് തിരുനല്‍വേലി, തെങ്കാശി, ചെങ്കോട്ട എന്നിവിടങ്ങളില്‍ നിന്നാണ്. തിരുനല്‍വേലി ജില്ലയിലെ ആലംകുളം ചന്തയാണ് പ്രധാനമായും മൊത്തവ്യാപാര കേന്ദ്രം ഇവിടെ നിന്ന് നിരവധി ലോഡ് പച്ചക്കറിയാണ് എല്ലാ ദിവസവും പുലര്‍ച്ചയ്ക്ക് കേരളത്തിലെത്തുന്നത്. തമിഴ്‌നാട്ടിലെ വന്‍കിട മുതലാളിമാരാണ് കേരളത്തിലെ ഏജന്റുമാരു വഴി ഇവിടുത്തെ മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ പച്ചക്കറി എത്തിക്കുന്നത്. ഇതാണ് ചില്ലറ വ്യാപാര കേന്ദ്രങ്ങള്‍ വഴി ഇവിടെ വില്‍പന നടത്തിവരുന്നത്. തമിഴ്‌നാട്ടിലെ കര്‍ഷകരില്‍ നിന്ന് തുച്ഛവിലയ്ക്ക് വാങ്ങുന്ന പച്ചക്കറിയാണ് ഇരട്ടിയിലധികം വിലയ്ക്ക് കേരളത്തിലെ വിപണികളില്‍ വിറ്റഴിക്കുന്നത്.
ഇങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കുന്ന വ്യാപാരത്തില്‍ നിന്ന് തമിഴ് നാട്ടിലെ കുത്തക വ്യാപാരികള്‍ ക്രമേണയായി പിന്‍വാങ്ങി വരുകയാണ്. ഒറ്റയടിക്ക് ലാഭം കൊയ്യുവാന്‍ ഇവര്‍ മിക്കയിടങ്ങളിലും നേരിട്ട് വ്യാപാരം ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ആദ്യ പടിയെന്ന നിലയില്‍ കേരളത്തില്‍ നിന്നുള്ള ഏജന്റുമാരെ ഒഴിവാക്കി മൊത്ത വ്യാപാര കേന്ദ്രങ്ങളില്‍ ഇവര്‍ നേരിട്ട് പച്ചക്കറി എത്തിച്ചു തുടങ്ങി.
കേരളത്തിലെ ചില്ലറ വ്യാപാര രംഗവും ഇവര്‍ കൈയടക്കാന്‍ ശ്രമം ആരംഭിച്ചു. തെരുവോരങ്ങളില്‍ ചെറിയ കടകള്‍ ഇതിനായി ഇവര്‍ ആരംഭിച്ചിട്ടുണ്ട്. ദിവസ ശമ്പളത്തിന് തമിഴ്‌നാട്ടില്‍ നിന്ന് തൊഴിലാളികളെയും എത്തിച്ചിട്ടുണ്ട്. ഇവര്‍ നേരിട്ട് പച്ചക്കറി ഇറയ്ക്കുന്നതിനാല്‍ അല്‍പം വിലകുറവില്‍ വില്‍പന നടത്തുവാനും കഴിയും. ഇവര്‍ തന്നെ ഇവിടുത്തെ ഇടത്തരം ചെറുകിട കച്ചവടക്കാര്‍ക്ക് നല്‍കുന്ന പച്ചക്കറി വിലയേക്കാള്‍ ഇവര്‍ നേരിട്ട് കടകളില്‍ വില്‍പന നടത്തുന്നതുമൂലം ഇവിടുത്തെ കച്ചവടക്കാരുടെ വില്‍പന ദിനംപ്രതി ഇടിയുകയാണ്. കടവാടകയും നികുതിയും കയറ്റുമതി കൂലിയും ജീവനക്കാരുടെ ശമ്പളവും മറ്റും നല്‍കിയാണ് ഇവിടുത്തെ വ്യാപാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
വില്‍പന ഇടിഞ്ഞതോടെ ഇതൊന്നും താങ്ങാന്‍ കഴിയാത്ത സ്ഥിതിയിലാണ് ഇവിടുത്തെ വ്യാപാരികള്‍. പെട്ടി ഓട്ടോയും ടെമ്പോയും വഴി ഗ്രാമപ്രദേശങ്ങളില്‍ പോലും തമിഴ്‌ലോബികള്‍ പച്ചക്കരി വ്യാപാരം ആരംഭിച്ചിട്ടുണ്ട്. ഇവിടുത്തുകാരെതന്നെ ഉപയോഗപ്പെടുത്തിയാണ് ഇത്തരം വില്‍പന. വാഹനം സൗകര്യപ്പെടുത്തി കൊടുക്കുന്നതും ഇവര്‍ തന്നെ. യാതൊരു നികുതിയും അടയ്‌ക്കേണ്ടതില്ലെന്നതും ഇവര്‍ക്ക് വണ്ടിയിലെ കച്ചവടത്തിന് സൗകര്യമാണ്. സീസണ്‍ സമയങ്ങളില്‍ അവശ്യസാധാനങ്ങള്‍ പൂഴ്ത്തി വച്ചും ഇവര്‍ ലാഭം കൊയ്യുന്നുണ്ട്. മലയാളികള്‍ക്ക് അത്യാന്ത്യപേക്ഷിതമായതും അതികകാലം കേടാകാതിരിക്കുന്നതുമായ ചെറിയ ഉള്ളിയും സവാളയുമാണ് പ്രധാനമായും പൂഴ്ത്തിവയ്പ്പ് നടത്തുന്നത്. മലയാളികള്‍ ഇതിനായി നെട്ടോട്ടം ഓടുമ്പോള്‍ വില ഇരട്ടിയാക്കി മാര്‍ക്കറ്റില്‍ എത്തിക്കുകയാണ് പതിവ്.
പുകയില ഉല്‍പന്നങ്ങള്‍ കടത്തിയും തമിഴ് പച്ചക്കറി വ്യാപാരികള്‍ പണം കൊയ്യുന്നുണ്ട്. പച്ചക്കറി വണ്ടികള്‍ ചെക്ക് പോസ്റ്റുകളില്‍ അധികം നിര്‍ത്തിയിട്ട് പരിശോധന നടത്താറില്ല. ഈ സൗകര്യം മുതലെടുത്താണ് പച്ചക്കറി വണ്ടികളില്‍ പുകയില് ഉല്‍പന്നങ്ങള്‍ കടത്തുന്നത്. പച്ചക്കറി ഉപേക്ഷിച്ചുകളഞ്ഞാലും പുകയില കടത്തലിലൂടെ വന്‍ വരുമാനങ്ങള്‍ ലഭിക്കുമെന്നതിനാല്‍ തമിഴ്‌നാട് പച്ചക്കറി വ്യാപാരികള്‍ നല്ലൊരു പങ്കും ഇതിലേയ്ക്ക് കടന്നിട്ടുള്ളതായി ഇവിടുത്തെ വ്യാപാരികള്‍ പറയുന്നു.
തമിഴ്‌നാട് കുത്തകകളില്‍ നിന്നും ഇവിടുത്തെ പച്ചക്കറി വ്യാപാരികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണ് വ്യാപാരികളുടെ ആവശ്യം. അവകാശം സംരക്ഷിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. അവകാശ സംരക്ഷണത്തിനായി പച്ചക്കറി വ്യാപാരികള്‍ സംഘടന രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."