ചുരം മേഖലയില്‍ പോളിങ് ബൂത്തുകള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയെന്ന് റിപ്പോര്‍ട്ട്
താമരശ്ശേരി: വൈത്തിരിയില്‍ പൊലിസ് ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് സി.പി ജലീല്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ വയനാട് ചുരം മേഖലയിലെ പോളിങ് ബൂത്തുകള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്.
മേഖലയിലെ 21 ഓളം പോളിങ് ബൂത്തുകള്‍ക്കാണ് ഭീഷണിയുള്ളതെന്നാണ് റിപ്പോര്‍ട്ട്. വയനാട് മണ്ഡലത്തിലെ തിരുവമ്പാടി, കോടഞ്ചേരി, താമരശ്ശേരി പൊലിസ് സ്റ്റേഷന് പരിധിയിലാണ് ഈ ബൂത്തുകള്‍. മലയോര മേഖലയില്‍ നിരവധി തവണ മാവോയിസ്റ്റുകള്‍ എത്തിയ പ്രദേശങ്ങളാണ് താമരശ്ശേരി പൊലിസ് സ്റ്റേഷന് പരിധിയിലെ മട്ടിക്കുന്ന്, കണ്ണപ്പന്‍കുണ്ട്, വള്ളിയാട്, കോടഞ്ചേരി പൊലിസ് സ്റ്റേഷന് പരിധിയിലെ നൂറാംതോട്, തുഷാരഗിരി, ജീരകപ്പാറ, തിരുവമ്പാടി പുല്ലൂരാംപാറ എന്നീ പ്രദേശങ്ങള്‍.
എളുപ്പത്തില്‍ വയനാട് മേഖലയിലേക്കും നിലമ്പൂര്‍ കാടുകളിലേക്കും എത്താന്‍ സാധിക്കുമെന്നതിനാലും പൊലിസിന്റെയും മറ്റു അന്വേഷണ സംഘത്തിന്റെയും ശ്രദ്ധ പതിയാത്തതുമായ പ്രദേശമാണ് ഈ മേഖല.
ഏറെ ആദിവാസി കോളനികള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് മാവോയിസ്റ്റുകള്‍ സ്ഥിരമായി എത്താറുണ്ടെന്ന സൂചനയുള്ളതിനാല്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നിരീക്ഷണം ശക്തമാക്കാനൊരുങ്ങുകയാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."