ദമ്പതികളുടെ തിരോധാനം: രണ്ടുവര്‍ഷം പിന്നിട്ടിട്ടും തുമ്പില്ലാതെ പൊലിസ്
കോട്ടയം: അറുപറയില്‍ നിന്നും ദമ്പതികളെ കാണാതായി രണ്ടു വര്‍ഷം പൂര്‍ത്തിയായിട്ടും അന്വേഷണത്തില്‍ തരിമ്പും പുരോഗതിയുണ്ടാക്കാനാവാതെ പൊലിസ് . സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ നല്കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
കോട്ടയം താഴത്തങ്ങാടി അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം, ഭാര്യ ഹബീബ എന്നിവരെ കാണാതായിട്ട് രണ്ടു വര്‍ഷം പൂര്‍ത്തിയായി. എന്നാല്‍, ഇവര്‍ക്കായുള്ള ലോക്കല്‍ പൊലിസിന്റെയും ക്രൈബ്രാഞ്ചിന്റെയും അന്വേഷണത്തില്‍ സൂചന പോലും കിട്ടാതെ വന്നതോടെ സംഭവം പൊലിസിന് വലിയ നാണക്കേടായി. കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹാഷിമിന്റെ പിതാവ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ദമ്പതികളുടെ രണ്ടു കുട്ടികളുടെ സംരക്ഷണം അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് ഹബീബയുടെ ബന്ധുക്കളും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. നിലവില്‍ കേസ് അന്വേഷിക്കുന്ന സംഘം കേസ് ഡയറിയും അന്വേഷണ റിപ്പോര്‍ട്ടും ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇവ പരിശോധിച്ച ഹൈക്കോടതി ദമ്പതികളെ കണ്ടെത്താന്‍ പര്യാപ്തമായ എന്തെങ്കിലും സൂചനകള്‍ ലഭ്യമായിട്ടുണ്ടോ എന്ന ചോദിച്ചെങ്കിലും മറുപടി നല്കാന് അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. കേരളത്തിനകത്തും ഉത്തരേന്ത്യയില്‍ വരേക്കും അന്വേഷണം വ്യാപിച്ചിട്ടും ഫലമുണ്ടായിട്ടില്ല. ദമ്പതികള്‍ വീട്ടില്‍ നിന്നും യാത്ര പുറപ്പെട്ട കാറിനെക്കുറിച്ചും സൂചനകളൊന്നും കിട്ടാത്തതാണ് പൊലിസിനെ കുഴക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."