HOME
DETAILS
MAL
സര്‍ക്കാര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടികളും സംശയനിഴലില്‍
backup
July 11 2020 | 02:07 AM
സ്വന്തം ലേഖകന്‍
കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച രണ്ടു പരിപാടികളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് അന്വേഷണ ഏജന്‍സികള്‍. സ്വര്‍ണക്കടത്തിലെ പ്രതി സ്വപ്ന സുരേഷിന് ഐ.ടി സെക്രട്ടറിയായിരുന്ന ശിവശങ്കറുമായി അടുത്തബന്ധമുണ്ടായിരുന്നുവെന്ന് വ്യക്തമായതിനെ തുടര്‍ന്നാണിത്.
മുഖ്യമന്ത്രിയുടെ കീഴിലുള്ള സംസ്ഥാന ഐ.ടി വകുപ്പ് കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടികളില്‍ പങ്കെടുക്കുന്നതിനായി ഗ്രീന്‍ ചാനലുകള്‍ വഴി എത്തിച്ച വിദേശ പ്രതിനിധികള്‍ വഴി സ്വപ്നയും സംഘവും സ്വര്‍ണം കടത്തിയോ എന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്.
കൊച്ചിയില്‍ സംഘടിപ്പിച്ച രണ്ടു പരിപാടികളുടെയും സംഘാടകന്‍ ഐ.ടി സെക്രട്ടറിയായിരുന്നു. 2018ലും 2019ലുമായി കൊച്ചിയില്‍ സംഘടിപ്പിച്ച ഈ പരിപാടികളില്‍ നിറസാന്നിധ്യമായിരുന്നു സ്വപ്ന സുരേഷും മുന്‍ യു.എ.ഇ പി.ആര്.ഒ ആയിരുന്ന പി.എസ് സരിത്തും. ഇവരുടെ പ്രത്യേക താല്പര്യത്തില് എത്തിയ വിദേശ പ്രതിനിധികളിലൂടെ സ്വര്‍ണം കടത്തിയോ എന്നാണ് പരിശോധിക്കുന്നത്. ഗ്രീന്‍ ചാനല്‍ വഴി കടന്നുവരുന്ന വിദേശികള്‍ക്ക് പരിശോധന വേണ്ട എന്നതിനാല്‍ നയതന്ത്ര ബാഗേജുവഴി സ്വര്‍ണം കടത്തിയതിനു സമാനമായി ഇവിടെയും സ്വര്‍ണം കടത്തിയിട്ടുണ്ടാവാമെന്നാണ് സംശയം.
2018 മാര്‍ച്ച് 12,13 തിയതികളില്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഹാഷ് ഫ്യൂച്ചര്‍ എന്നപേരില്‍ ഗ്ലോബല്‍ ഡിജിറ്റര്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചിരുന്നു. ഇതിലേക്ക് നിരവധി വിദേശ പ്രതിനിധികള്‍ ഗ്രീന്‍ ചാനലിലൂടെ എത്തിയിരുന്നു. അന്ന് യു.എ.ഇ കോണ്‍സുലേറ്റ് ജീവനക്കാരിയായിരുന്ന സ്വപ്ന ഈ പരിപാടിയില്‍ സജീവ സാന്നിധ്യമായിരുന്നു.
2019 ഡിസംബറില്‍ കൊച്ചി ഡിസൈന്‍ വീക്കെന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിക്ക് സംസ്ഥാന ഐ.ടി വകുപ്പിന്റെ ഭാഗമായാണ് സ്വപ്ന പങ്കെടുത്തത്. ഈ പരിപാടിയിലും നിരവധി വിദേശ പ്രതിനിധികളെത്തിയിരുന്നു. ഇവരെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി സ്വീകരിച്ചത് സരിത്തും സ്വപ്നയും ചേര്‍ന്നായിരുന്നു. അതുകൊണ്ടുതന്നെ സ്വര്‍ണകൈമാറ്റം നടന്നിട്ടുണ്ടോ എന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."