സമ്പര്‍ക്കരോഗം 49 ശതമാനമായി: ഇനിയും ഉയരാം, സൂപ്പര്‍ സ്‌പ്രെഡ് ഭീതി കേരളം മുഴുവന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സമ്പര്‍ക്ക രോഗികളുടെ എണ്ണം അതിവേഗം ഉയരുകയാണെന്നു കണക്കുകള്‍. സമ്പര്‍ക്ക വ്യാപനം പത്തില്‍ താഴെ നിര്‍ത്താനായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. ഇത് മുപ്പതിലേക്കുയര്‍ന്നാല്‍ കാര്യങ്ങള്‍ സങ്കീര്‍ണമാകുമെന്ന് സര്‍ക്കാര്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പൂന്തുറയിലടക്കം സ്ഥിതി ഇതേനിലയ്ക്ക് തുടരുന്നത് കടുത്ത ആശങ്കയാണ് ഉയര്‍ത്തുന്നത്. അതിനിടെ ഇവിടെ നിന്നൊരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആശങ്ക പിന്നെയും ഉയരുകയാണ്. കഴിഞ്ഞ 20 ദിവസത്തെ ആകെ രോഗികളുടെ എണ്ണവും ആശങ്കയുണ്ടാക്കുന്നതാണ്. പത്ത് ദിവസത്തിനിടെ 2375 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസം സമ്പര്‍ക്ക രോഗികളുടെ എണ്ണം ആകെ കേസുകളുടെ 49 ശതമാനം വരെയെത്തിയിട്ടുണ്ട്.
അതേ സമയം കോവിഡ് സ്ഥിരീകരണത്തിന് പ്രധാനമായും ആന്റിജന്‍ ടെസ്റ്റിനെ ആശ്രയിക്കാനൊരുങ്ങുകയാണ് കേരളം. പി.സി.ആര്‍ പരിശോധനയെ അപേക്ഷിച്ച് പകരം ആന്റിജന്‍ കിറ്റിനുള്ള ചെലവ് കുറവാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. പി.സി.ആര്‍ പരിശോധനയേക്കാള്‍ ആറിലൊന്ന് തുക മാത്രമേ ആന്റിജന്‍ ടെസ്റ്റിന് വരുന്നുള്ളൂ. 40 മിനിറ്റിനുള്ളില്‍ ഫലവുമറിയാം.
പി.സി.ആര്‍ കിറ്റ് ഒന്നിന് ചെലവ് 3000 രൂപ വരും. അതേസമയം ആന്റിജന്‍ കിറ്റ് 504 രൂപക്ക് ലഭിക്കും. കൂടുതല്‍ പേരെ ഒരേസമയം പരിശോധിക്കാമെന്നതും നേട്ടമാണ്. ഒരേസമയം നിരവധി ആളുകളെ പരിശോധിക്കേണ്ടി വരുന്ന മേഖലകളിലാണ് ഇവ ഏറെ ഉപകാരപ്രദമാകുന്നത്.
അതിതീവ്ര മേഖലകളിലും വിമാനത്താവളങ്ങളിലും ആന്റിജന്‍ കിറ്റ് ഉപയോഗിച്ചു തുടങ്ങിയതോടെ പരിശോധന എളുപ്പമായിട്ടുണ്ട്.
പ്രവാസികളുടെ മടങ്ങിവരവോടെ രോഗികളുടെ എണ്ണം ഉയര്‍ന്നപ്പോഴും സമ്പര്‍ക്ക വ്യാപനവും താഴ്ന്നു നില്‍ക്കുകയായിരുന്നു. അതാണിപ്പോള്‍ വല്ലാതെ ഉയര്‍ന്നത്. ജൂലൈ ഒന്നിന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 151 ആണ്. ആ ദിവസത്തെ സമ്പര്‍ക്ക തോത് 9 ശതമാനം( 13 പേര്‍ക്ക്).
ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതില്‍ 204 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. മൊത്തം കേസുകളുടെ 49 ശതമാനവും സമ്പര്‍ക്കമാകുകയാണ്. ഇതോടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളില്‍ സമ്പര്‍ക്ക രോഗികളുടെ ശതമാനം 20.64ലേക്ക് ഉയര്‍ന്നു. 11 ശതമാനത്തില്‍ ഒതുങ്ങിയിരുന്ന ശതമാനകണക്കാണ് 13 ദിവസങ്ങള്‍ കൊണ്ടാണ് കുത്തനെ കൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."