ഒന്നാമതാവാന്‍ ചെന്നൈയും കൊല്‍ക്കത്തയും
ചെന്നൈ: ചെപ്പോക്കില്‍ ഇന്ന് ധോണിപ്പടയും കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്തയും ഏറ്റുമുട്ടുമ്പോള്‍ എല്ലാവരുടെയും ശ്രദ്ധ പോയിന്റ് ടേബിളിലേക്കാണ്. പോയിന്റ് ടേബിളിലെ ആദ്യ രണ്ടു ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ വീറും വാശിയും ഏറുമെന്നുറപ്പാണ്. ഇരു ടീമുകള്‍ക്കും അഞ്ചു മത്സരങ്ങളില്‍ നിന്നായി നാലു വിജയങ്ങളുമായി എട്ടു വീതം പോയിന്റുണ്ട്. എന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്തയാണ് മുന്നില്‍. കൊല്‍ക്കത്തയെ പരാജയപ്പെടുത്തി ഒന്നാമതാവാന്‍ ചെന്നൈയും ചെന്നൈയുടെ ഹോംഗ്രൗണ്ടില്‍ അവരെ തോല്‍പ്പിച്ച് അപ്രമാദിത്വം തുടരാന്‍ കൊല്‍ക്കത്തയും ഇന്നിറങ്ങുമ്പോള്‍ അത് ആവേശപ്പോരാട്ടമാകുമെന്നുറപ്പാണ്.
സന്തുലിതമാണ് ഇരു ടീമും. ആശങ്കകള്‍ക്കിടമില്ലാത്ത ഒരുപറ്റം മികച്ച കളിക്കാരുടെ നിരയാണ് ഇരു ടീമിന്റെയും ശക്തി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ മികച്ചു നില്‍ക്കുന്ന ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കൊപ്പമെന്ന് പ്രവചിക്കാന്‍ സാധിക്കുകയില്ല.
ക്യാപ്റ്റന്‍ ധോണി തന്നെയാണ് ചെന്നൈയുടെ നെടുംതൂണ്‍. നിര്‍ണായക സാഹചര്യങ്ങളില്‍ സമ്മര്‍ദമില്ലാത ടീമിനെ നയിക്കാനും വിജയത്തിലെത്തിക്കാനും ക്യാപ്റ്റന്‍ കൂളിനു കഴിയുന്നുണ്ട്. ധോണിയുടെ ബാറ്റിങ്ങിനെ വിമര്‍ശിക്കുന്നവര്‍ക്കുളള മറുപടിയാണ് ഈ സീസണിലെ അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം. വളരെ പതുക്കെ ഇന്നിങ്‌സ് കെട്ടിപ്പടുക്കുകയും അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ടീമിനെ മികച്ച സ്‌കോറിലെത്തിക്കുകയും ചെയ്യുന്ന ധോണി മാജിക് ഈ മത്സരത്തിലും കാണാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കഴിഞ്ഞ മത്സരത്തില്‍ അര്‍ധ സെഞ്ചുറിയോടെ ടീമിലേക്ക് മടങ്ങിയെത്തിയ ഡുപ്ലെസിയും വാട്‌സനുംമെല്ലാം ഫോമിലാണ്. എന്നാല്‍ സുരേഷ് റെയ്‌നയുടെ സ്ഥിരതയില്ലാത്ത പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ബൗളിങ്ങില്‍ ഹര്‍ഭജനും ഇമ്രാന്‍ താഹിറും ജഡേജയുമെല്ലാം മികച്ച ഫോമിലാണ്.
മറുഭാഗത്ത് കൊല്‍ക്കത്തന്‍ നിരയും അതിശക്തമാണ്. ഓപ്പണിങില്‍ ക്രിസ് ലിന്നും സുനില്‍ നരെയ്‌നും തുടര്‍ന്ന് റോബിന്‍ ഉത്തപ്പയും നിതീഷ്‌റാണയും കാര്‍ത്തിക്കും ഇന്നിങ്‌സിന്റെ അവസാനം മാറ്റു കൂട്ടാന്‍ ആന്ദ്രേ റസ്സലെന്ന വെടിക്കെട്ടു വീരനും. റസ്സലിനെ എങ്ങനെ തളയ്ക്കുമെന്നതായിരിക്കും ചെന്നൈയുടെ പ്രധാന തലവേദന.
ബൗളിങ്ങില്‍ കഴിഞ്ഞ മാച്ചിലെ ഹീറോ ഹാരി ഗുര്‍ണിയും സ്പിന്‍ ത്രയങ്ങളായ കുല്‍ദീപും നരൈനും ചൗളയും കൊല്‍ക്കത്തയ്ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.വിക്കറ്റിനു പിറകിലെ രണ്ടുപേരാണ് ഇരു ടീമുകളെയും നയിക്കുന്നതെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. കാത്തിരുന്നു കാണാം വിജയിക്കുന്നത് ആരെന്ന്. രാത്രി 8നാണ് മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."