HOME
DETAILS
MAL
സമ്പൂര്‍ണ തീരദേശ ലോക്ക്ഡൗണ്‍ പരിഗണനയില്‍: മന്ത്രി
backup
July 14 2020 | 03:07 AM
തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശം മുഴുവനും സമ്പൂര്‍ണ ലോക്ക്ഡൗണിലാക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയാല്‍ തീരദേശം വഴി കൊവിഡ് പടരുന്നത് തടയാന്‍ സാധിക്കും.
പുറത്തുനിന്നുള്ള ആളുകളെ പൂര്‍ണമായും തീരത്തേക്ക് പ്രവേശിപ്പിക്കാതെയായിരിക്കും നിയന്ത്രണങ്ങള്‍ കടുപ്പിക്കുക. തീരദേശ മേഖലകളിലെ കൊവിഡ് അതിവ്യാപനം വെല്ലുവിളിയാകുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ മുഴുവന്‍ തീരമേഖലകളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇവിടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ മാത്രം അനുമതി നല്‍കും. പിടിച്ചുകൊണ്ട് വരുന്ന മത്സ്യം ലേലം ഒഴിവാക്കി, മത്സ്യഫെഡ് ഏറ്റെടുത്ത് വില്‍പനയ്ക്കായി പ്രത്യേകം സംവിധാനമുണ്ടാക്കും. അത്യാവശ്യമെങ്കില്‍ വളരെക്കുറച്ച് ആളുകളെ മാത്രം ഹാര്‍ബറുകളില്‍ പ്രവേശിപ്പിക്കും.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ക്കും ഹാര്‍ബറുകളില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ടാകും.
ഒന്‍പത് തീരദേശ ജില്ലകളിലെ ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റികളുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ത്ത് ചര്‍ച്ച ചെയ്ത് ആവശ്യമായ നിയന്ത്രണങ്ങള്‍ തീരുമാനിക്കും. നിയന്ത്രണങ്ങള്‍ വരുമ്പോള്‍ അസൗകര്യങ്ങളുണ്ടാകും.
എന്നാല്‍, മഹാമാരിയെ ഒറ്റക്കെട്ടായി നേരിടുകയാണ് വേണ്ടതെന്നും മത്സ്യത്തൊഴിലാളികളുടെ സമാശ്വാസ പദ്ധതിയുടെ ബാക്കി തുക ഉടന്‍ വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."