കെ.എം മാണിയുടെ നിര്യാണത്തില്‍ പ്രമുഖര്‍ അനുശോചിച്ചു
തിരുവനന്തപുരം: മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായ കെ.എം മാണിയുടെ നിര്യാണത്തില്‍ പ്രമുഖര്‍ അനുശോചിച്ചു.
ഗവര്‍ണര്‍ ജസ്റ്റിസ്
പി. സദാശിവം
ജനങ്ങളുടെ അചഞ്ചലമായ പിന്തുണയും വിശ്വാസവും നേടിയെടുത്ത നേതാവാണ് കെ.എം മാണിയെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പിണറായി വിജയന്‍
കെ.എം മാണിയുടെ നിര്യാണം കേരളാ കോണ്‍ഗ്രസിന് മാത്രമല്ല, കേരളത്തിനാകെ നികത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പ്രഗത്ഭനായ നിയമസഭാ സാമാജികനെയും കേരളത്തിന്റെ പ്രശ്‌നങ്ങള്‍ പഠിച്ചവതരിപ്പിച്ചിരുന്ന രാഷ്ട്രീയ നേതാവിനെയുമാണ് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.
പി. ശ്രീരാമകൃഷ്ണന്‍
കേരളം കണ്ട ഏറ്റവും പ്രഗത്ഭരായ സാമാജികരില്‍ അദ്വിതീയനായിരുന്നു കെ.എം മാണിയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഉപദേശ നിര്‍ദേശങ്ങള്‍ സഭാനടപടികള്‍ മാതൃകാപരമായി നടത്തുന്നതിന് ഏറെ സഹായകരമായിരുന്നുവെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
എ.കെ ആന്റണി
മാണിയുടെ മരണം കേരളാ കോണ്‍ഗ്രസിനും യു.ഡി.എഫിനും തീരാനഷ്ടമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണി.
പാവപ്പെട്ടവരോടും രോഗികളോടും കരുണ കാണിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു മാണി. ഇന്ത്യയിലാദ്യമായി കിഡ്‌നി രോഗികളടക്കമുള്ളവര്‍ക്ക് കാരുണ്യ ചികിത്സാ പദ്ധതി ആവിഷ്‌ക്കരിച്ച മഹത് വ്യക്തിത്വത്തിനുടമയായ മാണിയുടെ വിയോഗം കേരള ജനതക്ക് തീരാനഷ്ടമാണെന്നും ആന്റണി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മുല്ലപ്പള്ളി രാമചന്ദ്രന്‍
കെ.എം മാണിയുടെ വിയോഗത്തോടെ മികച്ച ഭരണാധികാരിയും തന്ത്രശാലിയുമായ രാഷ്ട്രീയ നേതാവിനെയാണ് യു.ഡി.എഫിന് നഷ്ടമായതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്‍
കേരള രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത നേതാവായിരുന്നു കെ.എം മാണിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
എം.പി അബ്ദുസ്സമദ് സമദാനി
രാഷ്ട്രീയ നയതന്ത്രജ്ഞത, ജനങ്ങള്‍ക്കിടയിലെ സ്വീകാര്യത, നിയമത്തിലും നിയമനിര്‍മാണത്തിലുമുള്ള അഭിജ്ഞത, കരുത്തുറ്റ വാഗ്മിത എന്നിത്യാദി പ്രാഗത്ഭ്യങ്ങള്‍ ചാലിച്ചുചേര്‍ത്ത അപൂര്‍വ വ്യക്തിത്വമായിരുന്നു കെ.എം മാണിയുടേത്. രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ നിന്ന് രാജ്യ തന്ത്രജ്ഞന്‍ എന്ന മഹിമയിലേക്ക് ഉയരുന്നതായിരുന്നു അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനത്തിന്റെ കര്‍മ്മകാണ്ഡം. കേരള രാഷ്ടീയത്തിന്റെ വികാസപരിണാമങ്ങളിലും മലയാളികളുടെ സാമുദായിക സൗഹൃദത്തിന്റെ വളര്‍ച്ചയിലും വ്യക്തിമുദ്ര ചാര്‍ത്തിയ അദ്ദേഹം അഭിപ്രായാന്തരങ്ങള്‍ക്കും കക്ഷി വ്യത്യാസങ്ങള്‍ക്കും അതീതമായി സര്‍വരാലും ആദരിക്കപ്പെട്ടു. കേരള രാഷ്ട്രീയത്തില്‍ ഒരേ ഒരു 'സാര്‍' മാത്രമെ ഉണ്ടായിട്ടുള്ളൂ, എല്ലാവരുടെയും മാണിസാര്‍.
ബെന്നി ബെഹനാന്‍
കേരള രാഷ്ട്രീയത്തിലെ അതികായനായ യുഗപുരുഷനായിരുന്നു കെ.എം മാണിയെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. സാര്‍ എന്ന ബഹുമതി അംഗീകരിച്ചു കിട്ടിയിട്ടുള്ള ഏക നേതാവാണ് മാണി. രാഷ്ട്രീയ എതിരാളികള്‍ പോലും അദ്ദേഹത്തെ മാണി സാര്‍ എന്നേ വിളിക്കാറുണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് കിട്ടുന്ന വലിയൊരു അംഗീകാരം ആയിരുന്നു അതെന്നും ബെന്നി ബെഹനാന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
സാദിഖലി തങ്ങള്‍
തൊഴിലാളി വര്‍ഗത്തിന്റെ രക്ഷക്ക് എന്ന പേരില്‍ ലോകത്ത് പറഞ്ഞുകേട്ട കമ്മ്യൂണിസത്തിന്റെ മതവിരുദ്ധത തിരിച്ചറിയുകയും ബദലായി അധ്വാന വര്‍ഗ സിദ്ധാന്തം രൂപീകരിക്കുകയും ചെയ്ത കെ.എം മാണി നിയമത്തിലും സാമ്പത്തിക ശാസ്ത്രത്തിലും പണ്ഡിതനായിരുന്നുവെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
കെ.പി.എ മജീദ്
ജനങ്ങളുടെ വികാരവിചാരങ്ങള്‍ തൊട്ടറിഞ്ഞ് പ്രവര്‍ത്തിച്ച് വിസ്മയിപ്പിച്ച അപൂര്‍വ വ്യക്തിത്വമായിരുന്നു കെ.എം മാണിയുടേതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ മജീദ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അഞ്ചര പതിറ്റാണ്ടോളം എം.എല്‍.എയായി കേരള നിയമസഭയുടെ ചരിത്രത്തില്‍ മറ്റൊരാള്‍ക്കും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡിട്ട അദ്ദേഹം 13 ബജറ്റുകള്‍ അവതരിപ്പിച്ചും തുല്യതയില്ലാത്ത വികസന കൈയൊപ്പ് ചാര്‍ത്തി.
എ. വിജയരാഘവന്‍
കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ നിയമസഭാ സാമാജികനായിരുന്നു കെ.എം മാണിയെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു.
എം.പി വീരേന്ദ്രകുമാര്‍
കെ.എം മാണിയുടെ വിയോഗത്തിലൂടെ നഷ്ടമായത് കേരളരാഷ്ട്രീയത്തിലെ അതികായകനെയെന്ന് എം.പി വീരേന്ദ്രകുമാര്‍ എം.പി. കാര്യങ്ങളില്‍ വേഗത്തില്‍ തീരുമാനമെടുക്കുകയും എടുത്ത തീരുമാനം കാലതാമസമില്ലാതെ നടപ്പാക്കുകയും ചെയ്ത ഭരണാധികാരിയായിരുന്നു മാണി. കക്ഷിരാഷ്ട്രീയത്തിനതീതമായി വ്യക്തിബന്ധം കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും എം.പി വീരേന്ദ്രകുമാര്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
ഇ.ടി മുഹമ്മദ് ബഷീര്‍
ഏഴുപതിറ്റാണ്ടോളം നീണ്ട പൊതുപ്രവര്‍ത്തനത്തിലൂടെ സംശുദ്ധ രാഷ്ട്രീയത്തിന്റെയും ജനകീയതയുടെയും നിത്യഹരിത നായകനായിരുന്നു കെ.എം മാണിയെന്ന് മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ചടുലതയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. കൈകാര്യം ചെയ്ത എല്ലാ വകുപ്പുകളിലും മാണി അത്ഭുതങ്ങള്‍ സൃഷ്ടിച്ചുവെന്നും ഇ.ടി പറഞ്ഞു.
മന്ത്രി തോമസ് ഐസക്
ദീര്‍ഘനാളത്തെ പ്രായോഗിക പരിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ ധനകാര്യ മാനേജ്‌മെന്റില്‍ പ്രാഗത്ഭ്യം തെളിയിച്ച ധനമന്ത്രിയായിരുന്നു കെ.എം മാണിയെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.
എ.സി മൊയ്തീന്‍
കൈകാര്യം ചെയ്ത വകുപ്പികളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച കെ.എം മാണിയുടെ വിയോഗം കേരളത്തിന് തീരാനഷ്ടമാണെന്ന് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.
എ.കെ ബാലന്‍
രാഷ്ട്രീയത്തിനുപരി എല്ലാവരുമായും നല്ല വ്യക്തിബന്ധം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു കെ.എം മാണിയെന്ന് മന്ത്രി എ.കെ ബാലന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കടന്നപ്പള്ളി രാമചന്ദ്രന്‍
കേരള രാഷ്ട്രീയ ചരിത്രഗതിയില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവായിരുന്നു കെ.എം മാണിയെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അനുശോചിച്ചു.
ടി.പി രാമകൃഷ്ണന്‍
കേരള രാഷ്ടീയത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച കെ.എം മാണിയുടെ വിയോഗം സംസ്ഥാനത്തിന്റെ സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങള്‍ക്ക് നികത്താനാകാത്ത നഷ്ടമാണെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കെ.കെ ശൈലജ
കെ.എം മാണിയുടെ നിര്യാണത്തോടെ കേരള രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മന്ത്രി കെ.കെ ശൈലജ അനുശോചിച്ചു.
ആര്‍. ബാലകൃഷ്ണപിള്ള
സമര്‍ഥനായ ഭരണാധികാരിയായിരുന്നു കെ.എം മാണിയെന്ന് കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു. രാഷ്ട്രീയ നിലപാടുകള്‍ വ്യത്യസ്തമാണെങ്കിലും വ്യക്തിപരമായ ബന്ധത്തിന് കോട്ടമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി സി. രവീന്ദ്രനാഥ്
മികച്ച പാര്‍ലമെന്റേറിയന്‍, ഊര്‍ജസ്വലനായ സംഘാടകന്‍ എന്നീ നിലകളില്‍ അരനൂറ്റാണ്ടിലേറെകാലം കേരള രാഷ്ട്രീയത്തില്‍ നിറസാന്നിധ്യമായ നേതാവായിരുന്നു കെ.എം മാണിയെന്ന് മന്ത്രി സി. രവീന്ദ്രനാഥ് അനുസ്മരിച്ചു.
എം.എം ഹസന്‍
കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന കെ.എം മാണിയുടെ നിര്യാണം നാടിനും യു.ഡി.എഫിനും തീരാനഷ്ടമെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് എം.എം ഹസന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
പി.പി. തങ്കച്ചന്‍
യു.ഡി.എഫിന്റെ അതികായകനെയും ശക്തനായ വക്താവിനെയുമാണ് നഷ്ടപ്പെട്ടതെന്ന് യു.ഡി.എഫ് മുന്‍ കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞു.
പി.എസ് ശ്രീധരന്‍ പിള്ള
കേരള രാഷ്ട്രീയത്തില്‍ ഇതിഹാസ തുല്യമായ ജീവിതം നയിച്ച നേതാവായിരുന്നു കെ.എം മാണിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."