സമസ്ത: പൊതുപരീക്ഷ 14നും 15നും
2,41,805 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ നടക്കുന്ന പൊതുപരീക്ഷ ഏപ്രില്‍ 14, 15 തിയതികളില്‍ നടക്കും. വിദേശത്ത് 12, 13 തിയതികളിലും തമിഴ്നാട്ടില്‍ 13, 14 തിയതികളിലുമാണ് പരീക്ഷ. 9,898 മദ്റസകളില്‍ അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടക്കുന്നത്. ആകെ 2,41,805 വിദ്യാര്‍ഥികളാണ് ഈ വര്‍ഷത്തെ പൊതുപരീക്ഷ എഴുതുന്നത്. സ്കൂള്‍ വര്‍ഷ സിലബസ് പ്രകാരമുള്ള പൊതുപരീക്ഷ മാര്‍ച്ച് 30, 31 തിയതികളില്‍ നടന്നിരുന്നു.
അഞ്ചാം ക്ലാസില്‍ 1,17,093 കുട്ടികളും 7-ാം ക്ലാസില്‍ 83,517 കുട്ടികളും 10-ാം ക്ലാസില്‍ 35,961 കുട്ടികളും പ്ലസ്ടുവില്‍ 5,234 പേരുമാണ് ഈ വര്‍ഷം പൊതുപരീക്ഷക്കിരിക്കുന്നത്. അഞ്ചാം ക്ലാസില്‍ 85 സെന്ററുകളും, ഏഴാം ക്ലാസില്‍ 74 സെന്ററുകളും, പത്താം ക്ലാസില്‍ 254 സെന്ററുകളും, പ്ലസ്ടുവില്‍ 114 സെന്ററുകളും ഈ വര്‍ഷം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5,178 കുട്ടികളും കൂടുതലായുണ്ട്.
പൊതുപരീക്ഷക്ക് നിയോഗിക്കപ്പെട്ട ഡിവിഷന് സൂപ്രണ്ടുമാര്‍ക്കുള്ള പരിശീലനം ഏപ്രില്‍ 11ന് രാവിലെ എട്ടിന് ചേളാരി സമസ്താലയത്തില്‍ നടക്കും. ഈ വര്‍ഷത്തെ പൊതുപരീക്ഷക്ക് 130 ഡിവിഷന് സെന്ററുകള്‍ ഒരുക്കിയിട്ടുണ്ട്. 9,702 സൂപ്പര്‍വൈസര്‍മാരെ പരീക്ഷാ ജോലിക്ക് നിയോഗിച്ചിട്ടുണ്ട്. ഏപ്രില്‍ 13ന് ശനിയാഴ്ച വൈകിട്ട് മൂന്നിന് സൂപ്പര്‍വൈസര്‍മാര്‍ക്കുള്ള പരിശീലനം അതാത് ഡിവിഷന് കേന്ദ്രങ്ങളില്‍ നടക്കും.
കേരളത്തിന് പുറമെ തമിഴ്നാട്, പോണ്ടിച്ചേരി, കര്‍ണാടക, അന്തമാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലും മലേഷ്യ, യു.എ.ഇ, ഒമാന്‍, ബഹ്റൈന്‍, ഖത്തര്‍, സഊദി അറേബ്യ എന്നീ വിദേശരാഷ്ട്രങ്ങളിലുമായി 6,994 സെന്ററുകളാണ് പൊതുപരീക്ഷക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്.
പൊതുപരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയം ഏപ്രില്‍ 25 മുതല്‍ ആരംഭിക്കും. ഒന്‍പത് കേന്ദ്രങ്ങളിലാണ് ഇത്തവണ മൂല്യനിര്‍ണയ ക്യാംപുകള്‍ പ്രവര്‍ത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."