കാടിറങ്ങിയ കാട്ടുകൊമ്പന്‍ പകല്‍ മുഴുവന്‍ നാടിനെ വിറപ്പിച്ചു
മണ്ണാര്‍ക്കാട്: കാടിറങ്ങിയ കൊമ്പന്‍ പകല്‍ മുഴുവന്‍ ജനവാസമേഖലയെ ഭീതിയിലാഴ്ത്തി. ദേശീയപാത 966 മണ്ണാര്‍ക്കാട് - പാലക്കാട് റോഡിനോട് ചേര്‍ന്നുളള കൊറ്റിയോട്, വിയ്യകുര്‍ശ്ശി പ്രദേശത്താണ് ശനിയാഴ്ച രാവിലെ 6 മണിയോടെ കാടിറങ്ങിയ ഒറ്റയാനെ കാണപ്പെട്ടത്.
നാട്ടുകാര്‍ വനം വകുപ്പിലും, പൊലിസിലും വിവരമറിയിച്ചതിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട്, നാട്ടുകല്‍, കല്ലടിക്കോട് പൊലിസും, ഡി.എഫ്.ഒന്റെ നേതൃത്വത്തില്‍ വനം വകുപ്പും, ആര്‍.ആര്‍.പി സംഘവും സ്ഥലത്തെത്തി. കാട്ടാനയെ കാടുകയറ്റാന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും ജനബാഹുല്ല്യുവും, തിരക്കും മൂലം ആന തലങ്ങും വിലങ്ങും ഓടിയതോടെ വനം വകുപ്പ് അധികൃതര്‍ അങ്കലാപ്പിലായി.
വനം വകുപ്പ് അധികൃതരുടെ അടുത്ത് കാട്ടാനയെ തുരത്താനുളള ആധുനിക സൗകര്യങ്ങളില്ലാത്തത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചു.
പ്രദേശത്തെ വകയില്‍ ഹൈദരലിയുടെയും സുലൈമാന്റെയും കുലച്ചവാഴത്തോട്ടത്തില്‍ കാണപ്പെട്ട കാട്ടാന രാവിലെ കാര്യമായ നാശനഷ്ടം വരുത്തിയില്ലെങ്കിലും, പിന്നീട് കാട്ടാനയുടെ തലങ്ങും വിലങ്ങുമുളള ഓട്ടത്തില്‍ ഭാഗികമായി കൃഷികള്‍ക്ക് നാശം സംഭവിച്ചു.
ജനത്തിരക്ക് നിയന്ത്രിക്കാന്‍ അധികൃതര്‍ ഏറെ പാടുപെടേണ്ടി വന്നു. രാത്രി ഏറെ വൈകിയും കാട്ടാനയെ തുരത്തുന്നതിന് വനം - പൊലിസ് അധികൃതരും നാട്ടുകാരും കാത്തിരിക്കുകയാണ്. രാത്രി 10 മണിയോടെ പാലക്കാട് നിന്നുളള പ്രത്യേകം സംഘവവും സ്ഥലത്തെത്തി കാട്ടാനയെ തുരത്താനുളള ശ്രമം ആരംഭിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് നഗരത്തോട് ചേര്‍ന്നുളള മണ്ണാര്‍ക്കാട് റബര്‍ പ്ലാന്റേഷന്‍ തോട്ടത്തിലെ ഉയര്‍ന്ന ഭാഗത്താണ് കാട്ടാന രാത്രി ഏറെ വൈകിയും തമ്പടിച്ചിരിക്കുന്നത്.
ഏത് സമയത്തും നാട്ടിലേക്കറങ്ങാന്‍ സാധ്യതയുളളത് കൊണ്ട് ജനം പാടെ ഭീതിയിലാണ്. കൂട്ടം തെറ്റി എത്തിയ കൊമ്പനാന ഏത് സമയത്തും ആക്രമാസക്തമാവാന്‍ ഇടവരുമെന്നാണ് അധികൃതര്‍ പറയുന്നത്. പല പ്രാവശ്യങ്ങളില്‍ കാട്ടാനയെ കാടുകയറ്റാന്‍ ശ്രമിച്ചിരുന്നുവെങ്കിലും കാടുകയറാന്‍ തയ്യാറകാതെ ആന ജനവാസ മേഖലയിലേക്ക് തന്നെ തിരിച്ച് ഇറങ്ങുകയായിരുന്നു.
മണ്ണാര്‍ക്കാട് നഗരത്തോട് ചേര്‍ന്നുളള നൊട്ടമല വളവിലെ സ്വകാര്യ റബര്‍ പ്ലാന്റേഷനിലെ കുന്നിലാണ് കാട്ടാന രാത്രി ഏറെ വൈകിയും തമ്പടിച്ചിരിക്കുന്നത്. ഇരുമ്പകച്ചോല വനത്തില്‍ നിന്നും ചെമ്പംകുന്ന് കണ്ടക്കാമല വഴിയാണ് വിയ്യകുര്‍ശ്ശി, കൊറ്റിയോട് ഭാഗങ്ങളിലെത്തിയതെന്നാണ് പറയപ്പെടുന്നത്.
കഴിഞ്ഞ അര്‍ദ്ധരാത്രിയോടെ ചിരക്കല്‍പ്പടി - കാഞ്ഞിരപ്പുഴ റോഡില്‍ കാഞ്ഞിരത്തും, തെങ്കര ആനമൂളിയിലും, മുക്കാലി ചുരത്തിലും ഒറ്റയാനെ കണ്ടതായും പറയപ്പെടുന്നുണ്ട്. കഴിഞ്ഞ മാസം കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പാമ്പന്‍കോളനി പരിസരത്തുളള മലച്ചെരുവില്‍ നിന്നും ഒരുമാസം പ്രായമായ പിടിയാനകുട്ടിയെ പിടികൂടിയിരുന്നു.
ഇതിനെ പിന്നീട് വനം വകുപ്പ് തിരുവനന്തപുരത്തെ ആനവളത്തുകേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. കുട്ടിയാനയെ തിരഞ്ഞുളള കാട്ടാനകൂട്ടം പിന്നീട് പ്രദേശത്തെ വനമേഖലയോട് ചേര്‍ന്നുളള ജനവാസ മേഖലയില്‍ സ്ഥിരസാനിധ്യമാണ്.
ഈ മാസം 7ന് തെങ്കര ആനമൂളി ഉരുളംകുന്ന് കല്ല്യാണി എന്ന ശോഭന (58) കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."